ഡബ്ലിന്‍: ഡബ്ലിന് അടുത്തുള്ള ചെറിയ വിമാനത്താവളത്തിലൂടെ അയര്‍ലണ്ടിലേയ്ക്ക് വന്‍തോതില്‍ മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ ഗാര്‍ഡയുടെ പിടിയിലായി. ഡബ്ലിനിലെ വെസ്റ്റണ്‍ എയര്‍പോര്‍ട്ടില്‍ നിന്നാണ് 8 മില്യണ്‍ യൂറോ വിലമതിക്കുന്ന ഹെറോയിനും വിമാനവും ഗാര്‍ഡാ പിടിച്ചെടുത്തത്. ഡബ്ലിന്‍ നഗരത്തിന് പുറത്ത് 13 കിലോമീറ്റര്‍ അകലെ ലൂക്കനും സെല്‍ബ്രിഡ്ജിനും ഇടയിലാണ് ഈ ചെറു വിമാനത്താവളം സ്ഥിതി ചെയ്യുന്നത്. ട്രെയിനി പൈലറ്റുമാര്‍ക്ക് ഫ്‌ലൈറ്റ് പരിശീലനം വാഗ്ദാനം ചെയ്യുന്ന ഒരു കേന്ദ്രമാണിത്.
റവന്യൂവും ഡ്രഗ്സ് ആന്‍ഡ് ഓര്‍ഗനൈസ്ഡ് ക്രൈം ബ്യൂറോയും ഉള്‍പ്പെട്ട വിപുലമായ ഇന്റലിജന്‍സ് സംഘത്തിന്റെ ഓപ്പറേഷനെ തുടര്‍ന്നാണ് മയക്കുമരുന്ന് പിടികൂടിയത്.

അയര്‍ലണ്ടില്‍ ഈ വര്‍ഷം ഇതുവരെ പിടികൂടിയതില്‍ വച്ച് ഏറ്റവും വലിയ ഹെറോയിന്‍ വേട്ടയാണിത്.40-നും 60-നും ഇടയില്‍ പ്രായമുള്ള രണ്ടുപേരെ പിടികൂടി അറസ്റ്റ് ചെയ്തു കസ്റ്റഡിയിലാക്കി.
മയക്കുമരുന്ന് കടത്താന്‍ നോണ്‍-കൊമേഴ്സ്യല്‍ ഫ്‌ലൈറ്റുകളുടെ ഉപയോഗം വര്‍ധിച്ചുവരുന്നതായി ഓപ്പറേഷനുശേഷം, സംഘടിതവും ഗുരുതരവുമായ കുറ്റകൃത്യങ്ങള്‍ക്കായുള്ള അസിസ്റ്റന്റ് കമ്മീഷണര്‍ ജസ്റ്റിന്‍ കെല്ലി പറഞ്ഞു.
ഡബ്ലിന്‍ സിറ്റി സെന്ററില്‍ അടുത്തിടെയുണ്ടായ അമിത ഹെറോയിന്‍ ഡോസുകളുടെ ഉപയോഗത്തെ തുടര്‍ന്നു നിരവധി പേര്‍ ചികിത്സ തേടിയിരുന്നു. നമ്മുടെ കമ്മ്യൂണിറ്റികളിലേക്ക് ഇത്തരത്തിലുള്ള മയക്കുമരുന്ന് വിതരണം ചെയ്യുന്ന ക്രിമിനല്‍ നെറ്റ്വര്‍ക്കുകളെ തടസ്സപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം ഇപ്പോള്‍ വര്‍ദ്ധിക്കുകയാണ്.അദ്ദേഹം പറഞ്ഞു.
അയര്‍ലണ്ടിലെ 55 ലക്ഷം ജനങ്ങളുടെ ധാര്‍മ്മികവും,ആരോഗ്യകരവുമായ ജീവിതക്രമത്തെ നശിപ്പിക്കാന്‍ ചില ക്ഷുദ്രശക്തികള്‍ രാജ്യത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ചില വാര്‍ത്തകള്‍ മുമ്പ് പുറത്തുവന്നിരുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *