ഗാംഗ്‌ടോക്ക്: സിക്കിമിലെ വെള്ളപ്പൊക്കത്തിൽ കാണാതായ 77 പേരെ ദുരന്തം സംഭവിച്ച് രണ്ട് മാസം കഴിഞ്ഞിട്ടും കണ്ടെത്താനാകാത്തതിനാൽ മരിച്ചതായി കണക്കാക്കുമെന്ന് ചീഫ് സെക്രട്ടറി വി.ബി പഥക്.
ഇവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ലഭ്യമാക്കാനായി ഉത്തരാഖണ്ഡിലെയും ഹിമാചൽ പ്രദേശിലെയും പ്രകൃതിദുരന്തങ്ങളിൽ സ്വീകരിച്ച നടപടിക്രമങ്ങൾ പിന്തുടരുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
ഒക്ടോബർ നാലിന് സംസ്ഥാനത്തുണ്ടായ സിക്കിം മിന്നൽ പ്രളയത്തിൽ 77 പേരെയാണ് കാണാതായത്. പിന്നീട് രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയെങ്കിലും ഇവരെ തിരിച്ചറിയാനായില്ലെന്നും അദ്ദേഹം പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് സംസ്ഥാന സർക്കാർ നാലു ലക്ഷം രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപയുമാണ് നഷ്ടപരിഹാരം നൽകുക.