“യോഗ” എന്നാല്‍ എന്താണ്?
യോഗ എന്ന വാക്കു കേള്‍ക്കുമ്പോള്‍ നമ്മുടെയൊക്കെ മനസ്സില്‍ ഓടിയെത്തുന്നത് ചില ‘പോസു’കളാണ്! ചമ്രം പടിഞ്ഞ് കണ്ണടച്ചു കൈയും നീട്ടി ഇരിക്കുന്ന ഒരാളുടെ രൂപം, അല്ലെങ്കില്‍ തല കീഴൊട്ടാക്കി കാല്‍ മുകളിലേക്കുയര്‍ത്തി നില്‍ക്കുന്ന രൂപം…. അങ്ങനെയങ്ങനെ. ഇപ്പോള്‍ കുറച്ചാള്‍ക്കാര്‍ക്ക് അത് ശ്വാസ നിയന്ത്രണമാണ് എന്നും ധാരണയുണ്ട്. ഈ പറഞ്ഞവയില്‍ ആദ്യത്തെതിനെ ആസനം എന്നും രണ്ടാമത്തേതിനെ പ്രാണായാമം എന്നും പറയും.ഇവ രണ്ടും ‘യോഗ’യുടെ രണ്ടു ഘടകങ്ങള്‍ മാത്രമാണ്.
മക്കളേ,മനുഷ്യന്റെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിനും ആത്മീയവികാസത്തിനും സഹായിക്കുന്ന ഉത്തമമായ അനുഷ്ഠാനമാണ് യോഗ. ദൈനംദിന ജീവിതത്തിൽ നമ്മുടെ കർത്തവ്യങ്ങൾ കാര്യക്ഷമമായി നിർവഹിക്കാൻ യോഗ നമ്മെ പ്രാപ്തരാക്കുന്നു. വിശേഷിച്ചും ജീവിതശൈലീരോഗങ്ങളും ടെൻഷനും വർധിച്ചിരിക്കുന്ന ഈ കാലഘട്ടത്തിൽ മാനവരാശിക്ക് യോഗ ഒരു അനുഗ്രഹം തന്നെയാണ്.യോഗം എന്ന വാക്കിനു ബന്ധിപ്പിക്കൽ അഥവാ യോജിപ്പിക്കൽ എന്നാണർഥം.
ഇന്നു നമ്മൾ ബാഹ്യലോകത്തെ വ്യക്തികളും വസ്തുക്കളും സാഹചര്യങ്ങളുമായാണ് ബന്ധപ്പെട്ടിരിക്കുന്നത്. നമ്മുടെയുള്ളിൽ അന്തര്യാമിയായിരിക്കുന്ന ഈശ്വരനുമായി ബന്ധം സ്ഥാപിക്കാൻ നമുക്ക് സാധിച്ചിട്ടില്ല. ആ ബന്ധം സ്ഥാപിക്കുന്നതുവരെ നമുക്ക് ഒരിക്കലും യഥാർഥ ശാന്തി അനുഭവിക്കാനാവില്ല. ഈ ആന്തരികബന്ധം സ്ഥാപിക്കുക എന്നതാണ് യോഗയുടെ യഥാർഥ ലക്ഷ്യം.
യോഗ എന്നത് വിവിധ ആസനങ്ങൾ ചിട്ടയോടെ പരിശീലിച്ച് അവ സ്വായത്തമാക്കുന്നതു മാത്രമല്ല. നമ്മെ നിയന്ത്രിക്കുന്ന ചിന്തകളുടെയും വികാരങ്ങളുടെയും മേൽ നിയന്ത്രണം നേടുന്നതാണ് യഥാർഥ യോഗ. എന്നാൽ, നിർഭാഗ്യവശാൽ പലരും യോഗകൊണ്ടുള്ള ശാരീരികമായി പ്രയോജനം മാത്രമാണ് ലക്ഷ്യമാക്കുന്നത്.
അങ്ങനെ ഈ മഹത്തായ യോഗശാസ്ത്രം കൊണ്ട് ലഭിക്കേണ്ട യഥാർഥ പ്രയോജനം അവർക്കു കിട്ടാതെ പോകുന്നു. ഫ്ളാഷ് ലൈറ്റിനുവേണ്ടിമാത്രം ഒരു വിലകൂടിയ സ്മാർട്ട് ഫോൺ ഉപയോഗിക്കുന്നത് പോലെയാണ് ശാരീരികമായ പ്രയോജനത്തിനു മാത്രം യോഗയെ ആശ്രയിക്കുന്നത്.