ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് എപ്പാള്‍ വേണമെങ്കിലും കേന്ദ്രഭരണപ്രദേശമായ ജമ്മു കശ്മീരില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടത്താമെന്നും സംസ്ഥാനം അതിന് തയ്യാറാണെന്നും ലെഫ്റ്റനന്റ് ഗവര്‍ണര്‍ മനോജ് സിന്‍ഹ. തിരഞ്ഞെടുപ്പിനെക്കുറിച്ച് തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിച്ചതിന് ചില രാഷ്ട്രീയ നേതാക്കള്‍ക്കെതിരെ സിന്‍ഹ രൂക്ഷ വിമര്‍ശനം നടത്തി. നിയമസഭാ തിരഞ്ഞെടുപ്പ് വിജയകരമായി നടത്തിയതിന് ശേഷം മാത്രമേ താന്‍ ജമ്മു കശ്മീര്‍ വിടൂ എന്ന് അദ്ദേഹം പറഞ്ഞു. ‘തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജമ്മുവില്‍ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ട എല്ലാ ക്രമീകരണങ്ങളെക്കുറിച്ചും സമര്‍പ്പിച്ചിട്ടുണ്ട്. ഇസിഐ ഞങ്ങളോട് പറയുമ്പോഴെല്ലാം തിരഞ്ഞെടുപ്പ് നടത്താന്‍ ജമ്മു കശ്മീര്‍ ഭരണകൂടം തയ്യാറാണ്, ”അമര്‍ ഉജാല സംഘടിപ്പിച്ച സംവാദ് എന്ന സമ്മേളനത്തില്‍ സംസാരിക്കവെ സിന്‍ഹ പറഞ്ഞു.
ജമ്മു കശ്മീരിലെ ജനാധിപത്യ പ്രക്രിയകളെ പരാമര്‍ശിച്ച അദ്ദേഹം നിയമസഭാ തിരഞ്ഞെടുപ്പ് നടത്താനുള്ള അവകാശം ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് മാത്രമാണെന്നും വ്യക്തമാക്കി. രാഷ്ട്രീയ നേതാക്കള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും അദ്ദേഹം വിമര്‍ശിച്ചു. ‘ജമ്മു കശ്മീരില്‍ രാജ്യത്തിന്റെ റിട്ട് സ്ഥാപിക്കപ്പെട്ടുവെന്ന് ഉറപ്പാക്കുക എന്നതായിരുന്നു എന്റെ ചുമതല, അത് സ്ഥാപിക്കപ്പെട്ടു. അത് എന്റെ ജോലിയായിരുന്നു. ഞാന്‍ അത് നിര്‍വഹിച്ചു,’ അദ്ദേഹം പറഞ്ഞു.
‘ഭീകര സംഘടനകളുടെ എല്ലാ മുന്‍നിര കമാന്‍ഡര്‍മാരെയും ഇല്ലാതാക്കി. ഇപ്പോഴും ജീവിച്ചിരിക്കുന്നവരെ ഉടന്‍ ഇല്ലാതാക്കും. ഇവിടെ തീവ്രവാദത്തിന് സ്ഥാനമില്ലെന്നും സൈന്യവും സിആര്‍പിഎഫും പോലീസും തമ്മില്‍ നല്ല ഏകോപനമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ”അയല്‍ രാജ്യം ഇവിടെ പ്രശ്നമുണ്ടാക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയും ചില സംഭവങ്ങള്‍ നടക്കുകയും ചെയ്തു. ചില ജവാന്മാരുടെ രക്തസാക്ഷിത്വവും ഉണ്ടായി. ആ കൊലപാതകങ്ങള്‍ക്ക് പ്രതികാരം ചെയ്യും,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം ജമ്മു കശ്മീരിലെ അസ്ഥിരത പ്രോത്സാഹിപ്പിക്കുന്നതോ സുരക്ഷാ സാഹചര്യം തകര്‍ക്കുന്നതോ ആയ ഏതെങ്കിലും ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നത് ഉടന്‍ തന്നെ ക്രിമിനല്‍ കുറ്റമായി മാറുമെന്ന് ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ് (ഡിജിപി) ആര്‍ആര്‍ സ്വെയ്ന്‍ അറിയിച്ചു. ഒരു വിദ്യാര്‍ത്ഥി സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ ഉള്ളടക്കം പോസ്റ്റ് ചെയ്തതായി ജമ്മു കശ്മീര്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഘടനവാദം, തീവ്രവാദം, വര്‍ഗീയ സംഘര്‍ഷങ്ങള്‍ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പോസ്റ്റുകള്‍, വീഡിയോകള്‍, ഓഡിയോ എന്നിവ ഉള്‍പ്പെടെയുള്ള ഉള്ളടക്കം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്യുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ചട്ടത്തിലെ (സിആര്‍പിസി) സെക്ഷന്‍ 144 പ്രകാരം കുറ്റം ചുമത്തും,” ഡിജിപി പറഞ്ഞു.
ജമ്മു കശ്മീരിലെ ക്രമസമാധാനം തകര്‍ക്കാന്‍ ശ്രമിക്കുന്ന, സാഹചര്യം അനാവശ്യമായി മുതലെടുക്കാന്‍ ശ്രമിക്കുന്ന ദേശവിരുദ്ധരുടെ നീക്കങ്ങളില്‍ വീഴരുതെന്ന് അദ്ദേഹം ജനങ്ങളോട് പറഞ്ഞു. കശ്മീരിന്റെ അന്തരീക്ഷം തകര്‍ക്കാന്‍ പാകിസ്ഥാന്‍ അതിര്‍ത്തിക്കപ്പുറത്ത് നിന്ന് നിരവധി സന്ദേശങ്ങള്‍ വിതരണം ചെയ്യുകയും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയും ചെയ്യുന്നുണ്ടെന്നും ഡിജിപി പറഞ്ഞു. മേഖലയിലെ സമാധാനം തകര്‍ക്കാന്‍ ചിലര്‍ ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുകയാണെന്നും ഇത്തരം നീചമായ പ്രവര്‍ത്തനങ്ങള്‍ തടയാന്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.