ഗാസ/ജറൂസലം-ഇസ്രായിൽ ഗാസയിൽ നടത്തിയ കനത്ത ആക്രമണത്തെ തുടർന്ന് ഗാസ മുനമ്പിന് പുറത്ത് കുടുങ്ങിയ ആയിരത്തോളം ഫലസ്തീനികൾ ഏഴ് ദിവസത്തെ വെടിനിർത്തലിനിടെ നാട്ടിലേക്ക് മടങ്ങി. ഗാസയിൽ വീണ്ടും വ്യോമാക്രമണം ഉണ്ടായേക്കുമെന്ന് അധികൃതർ സൂചന നൽകിയെങ്കിലും ജനം ഗാസയിലേക്ക് തിരിച്ചുപോകുന്നുണ്ട്. ഈജിപ്തിനും ഗാസയ്ക്കും ഇടയിലുള്ള റഫാ ക്രോസിംഗിൽ, മഞ്ഞ ടാക്‌സികളിൽ സ്യൂട്ട്‌കേസുകളും കാർഡ്‌ബോർഡ് പെട്ടികളും സാധനങ്ങൾ കൊണ്ട് കുത്തിനിറച്ച് നിരവധി പേരാണ് തിരികെ ഗാസയിലേക്ക് പോകുന്നത്. വീട് നഷ്ടപ്പെട്ടാലും മക്കളെയോ രാജ്യത്തെയോ ആരും വിട്ടുപോകില്ലെന്നും എല്ലാ ഫലസ്തീനും എന്റെ വീടാണെന്നും ഗാസയോ അൽനാസറിലെ വീടോ മാത്രമല്ല, രാഷ്ട്രം മുഴുവൻ എന്റെ വീടാണെന്നും ഇൻതിസാർ ബറകത്ത് എന്നയാൾ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഗാസയിൽ വെടിനിർത്തൽ ഒരു ദിവസത്തേക്ക് കൂടി തുടരുമെന്ന പ്രഖ്യാപനം മേഖലയിൽ സമാധാനത്തിന്റെ പാത വെട്ടിത്തുറന്നേക്കുമെന്ന സൂചന. വ്യാഴാഴ്ചയാണ് ഒരു ദിവസത്തേക്ക് കൂടി വെടിനിർത്തൽ നീട്ടാൻ ഹമാസും ഇസ്രായിലും തീരുമാനിച്ചത്. ബന്ദി കൈമാറ്റം സുഗമമാക്കാനും ഗാസയിലേക്ക് സഹായം എത്തിക്കുന്നതിന് വേഗം കൂട്ടാനുമാണ് വെടിനിർത്തൽ ഒരു ദിവസം കൂടി നീട്ടാൻ തീരുമാനിച്ചത്. ഗാസ മുനമ്പിൽ തടവിലാക്കിയ രണ്ട് സ്ത്രീകളെ തിരികെ കൊണ്ടുവന്നുവെന്നും അടുത്ത ഏതാനും മണിക്കൂറുകൾക്കുള്ളിൽ കൂടുതൽ പേരെ തിരിച്ചെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഇസ്രായിൽ അധികൃതർ പറഞ്ഞു. ഫ്രഞ്ച്-ഇസ്രായിൽ ഇരട്ട പൗരത്വമുള്ള മിയ ഷെം (21), അമിത് സൊസാന (40) എന്നിവരെയാണ് തുടക്കത്തിൽ വിട്ടയച്ചത്. പത്തു ഇസ്രായിലി ബന്ദികളെ വ്യാഴാഴ്ച മോചിപ്പിക്കുമെന്ന് ഹമാസ് വൃത്തങ്ങൾ പറഞ്ഞിരുന്നു. ഹമാസുമായുള്ള വെടിനിർത്തൽ കരാർ മികച്ച ഫലം സൃഷ്ടിക്കുന്നുണ്ടെന്നും അത് തുടരണമെന്നും ഇസ്രായിലിൽ സന്ദർശനം നടത്തുന്ന യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഇസ്രായിൽ നേതാക്കളോട് പറഞ്ഞു. ഗാസ മുനമ്പിലെ സിവിലിയന്മാരെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്നും യുദ്ധം പുനരാരംഭിക്കണമെന്നും ബ്ലിങ്കൻ ഊന്നിപ്പറഞ്ഞു. കൂടുതൽ ബന്ദികൾ മോചിതരായി ഇസ്രായിലിലേക്ക് വരുന്നതിന്റെ നല്ല കാഴ്ചകൾ ഞങ്ങൾ കണ്ടുവെന്നും അവർ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിക്കുന്നത് സന്തോഷകരമായ കാഴ്ചയാണെന്നും ഇസ്രായിൽ പ്രസിഡന്റ് ഐസക് ഹെർസോഗുമായുള്ള കൂടിക്കാഴ്ചയിൽ ബ്ലിങ്കൻ പറഞ്ഞു.
ഗാസയിലെ നിരപരാധികളായ സാധാരണക്കാർക്ക് അത്യന്തം ആവശ്യമുള്ള മാനുഷിക സഹായത്തിന്റെ വർദ്ധനവും വെടിനിർത്തൽ വഴി സാധ്യമെന്നും അദ്ദേഹം പറഞ്ഞു. ബ്ലിങ്കൻ പിന്നീട് കവചിത വാഹനവ്യൂഹത്തിൽ ഫലസ്തീൻ അതോറിറ്റിയുടെ അധിനിവേശ വെസ്റ്റ് ബാങ്കിലെ റാമല്ലയിലേക്ക് പോയി. പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തി.
അതിനിടെ, ദുബായിൽ നടന്ന യുഎന്നിന്റെ കോപ്-28 കാലാവസ്ഥ ഉച്ചകോടി ഗാസ യുദ്ധത്തിൽ ഇരയായവർക്ക് ആദരവ് അർപ്പിച്ച് മൗനപ്രാർത്ഥനയോടെ തുടങ്ങി. ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി സമേഹ് ഷൗക്രി പ്രതിനിധികളോട് ‘ഒരു നിമിഷം നിശബ്ദത പാലിക്കാൻ’ ആഹ്വാനം ചെയ്തു. അടുത്തിടെ മരിച്ച രണ്ട് കാലാവസ്ഥാ നയതന്ത്രജ്ഞരുടെ ഓർമ്മക്കും അതുപോലെ ഗാസയിലെ നിലവിലെ സംഘർഷത്തിൽ മരിച്ച എല്ലാ സാധാരണക്കാർക്കും വേണ്ടി രണ്ടു മിനിറ്റ് മൗനമാചരിക്കുക എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ഗാസയിലെ ഇസ്രായിൽ സൈനിക നടപടിയുടെ നിയമസാധുതയെ ചോദ്യം ചെയ്ത സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിന്റെ നിലപാടിൽ പ്രതിഷേധിച്ച് സ്‌പെയിനിലെ ഇസ്രായിൽ പ്രതിനിധിയെ തിരിച്ചുവിളിക്കുന്നതായി ഇസ്രായിൽ വിദേശകാര്യ മന്ത്രി എലി കോഹൻ പറഞ്ഞു. ഗാസയിലെ ഇസ്രായിൽ നടപടി സ്വീകാര്യമല്ലെന്നും അതിന്റെ നിയമസാധുതയെക്കുറിച്ച് തനിക്ക് ഗുരുതരമായ സംശയങ്ങൾ ഉണ്ടെന്നും സ്പാനിഷ് പബ്ലിക് ടെലിവിഷൻ ടി.വി.ക്ക് നൽകിയ അഭിമുഖത്തിൽ സാഞ്ചസ് പറഞ്ഞിരുന്നു.
2023 November 30InternationalgazaIsraeltitle_en: gaza war follow ups