ഡബ്ലിന്‍: അയര്‍ലണ്ടിലെ വാടകനിരക്കുകളില്‍ വീണ്ടും കുതിപ്പ്. പുതിയ വാടക കരാറുകളില്‍ കൂടിയ നിരക്ക് ഏര്‍പ്പെടുത്തിയാണ് വീട്ടുടമകളും ഏജന്‍സികളും പുതിയ ‘നാടകം’കളിക്കുന്നത്.ഒരേ പന്തിയില്‍ എന്തിനാണ് രണ്ട് വാടക നിരക്കുകള്‍ എന്ന ചോദ്യത്തിന് മാത്രം ആരും ഉത്തരം തരില്ല. സര്‍ക്കാരും, ഏജന്‍സികളും വീട്ടുടമകളും എന്തിന് വാടകകാരുടെ ”ക്ഷേമത്തിന് വേണ്ടി ‘ സൃഷ്ടിക്കപ്പെട്ടിരിക്കുന്ന റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡീന് പോലും അത്തരം ചോദ്യങ്ങള്‍ക്ക് ഉത്തരം നല്കനാവില്ല!
റെസിഡന്‍ഷ്യല്‍ ടെനന്‍സീസ് ബോര്‍ഡ് പുറത്തുവിട്ട വിവരങ്ങള്‍ അനുസരിച്ച്, ഈ വര്‍ഷം ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ നിലവിലുള്ള വാടകയ്ക്ക് ദേശീയതലത്തില്‍ ശരാശരി സ്റ്റാന്‍ഡേര്‍ഡ് വാടക €1,332 ആയിരുന്നു.ഇതേ കാലത്ത് ഒരു പുതിയ വാടകയ്ക്ക് എടുക്കുമ്പോള്‍ 1,574 യൂറോ വാടക കൊടുക്കേണ്ടി വന്നു. 18.2% വ്യത്യാസം!
ഡബ്ലിനില്‍, ഒരു പുതിയ വാടകക്കാരന്റെ സ്റ്റാന്‍ഡേര്‍ഡ് ശരാശരി പ്രതിമാസ വാടക പ്രതിവര്‍ഷം 10% ഉയര്‍ന്ന് 2,102 യൂറോ വരെയായി.അതേസമയം കൗണ്ടി ലെട്രിമില്‍ ഏറ്റവും താഴ്ന്ന വാടക നിരക്കായ 879 യൂറോ രേഖപ്പെടുത്തി.പോര്‍ട്ട് ലീഷിലും വാട്ടര്‍ഫോര്‍ഡിലും പുതിയ വാടക വീടുകളുടെ നിരക്കില്‍ 8.3% വര്‍ദ്ധനവേ ഉണ്ടായുള്ളൂ.എന്നാല്‍ ലോംഗ്‌ഫോര്‍ഡില്‍ 27.4% വര്‍ദ്ധനവാണ് പുതിയ വീടുകള്‍ക്ക് വാടക വര്‍ദ്ധിച്ചത്.
ടെനന്‍സികള്‍ വാര്‍ഷികാടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന വ്യവസ്ഥ കഴിഞ്ഞ വര്‍ഷം അവതരിപ്പിച്ചതിലൂടെയാണ് പുതിയതും നിലവിലുള്ളതുമായ ടെനന്‍സികള്‍ തമ്മിലുള്ള താരതമ്യം സാധ്യമാക്കിയത്.
‘സ്വകാര്യ വാടക മേഖലയിലുടനീളമുള്ള എല്ലാ ഇടപാടുകളും ട്രാക്കുചെയ്യാന്‍ കഴിയുന്ന ഒരു സൂചികയുടെ നിര്‍മ്മാണമുണ്ടായത് ഒരു നേട്ടമാണെന്ന് ആർടിബി ഡയറക്ടര്‍ നിയാല്‍ ബൈര്‍ണ്‍ പറഞ്ഞു. കാലക്രമേണ, ഈ സൂചികകള്‍ നയരൂപകര്‍ത്താക്കളുടെയും പൊതുജനങ്ങളുടെയും പ്രയോജനത്തിനായി സ്വകാര്യ വാടക മേഖലയില്‍ വരുത്തേണ്ട നിയമനിര്‍മ്മാണത്തിന് കാരണമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം പറഞ്ഞു.’
വാടക നിയമങ്ങള്‍ പാലിക്കുന്നതിനും നടപ്പിലാക്കുന്നതിനും ആര്‍ടിബിയുടെ ബാധ്യതകള്‍ നിറവേറ്റാന്‍ അധിക പുതിയ ഡാറ്റ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വര്‍ദ്ധിച്ച വാടക നിരക്കുകളിലെ കുതിപ്പിനെ തുടര്‍ന്ന് , ഇന്ന് മുതല്‍ ഷാനന്‍ ലോക്കല്‍ ഇലക്ടറല്‍ ഏരിയയും വെസ്റ്റ്മീത്ത് കൗണ്ടി കൗണ്‍സിലിന്റെ അഡ്മിനിസ്ട്രേറ്റീവ് ഏരിയയും സര്‍ക്കാര്‍ വാടക പ്രഷര്‍ സോണുകളായി (ആര്‍പിസെഡ്) നിശ്ചയിച്ചു.
ഇനി മുതല്‍ ഈ പ്രദേശങ്ങളിലെ വാടക വര്‍ദ്ധനവ് നിയമപ്രകാരം ഒരു വര്‍ഷം 2% ആയി പരിമിതപ്പെടുത്തി.