ആലപ്പുഴ: കോളേജ് തലത്തിൽ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താനായി കേരള ക്രിക്കറ്റ് അസോസിയേഷൻ, റെഡ് ബുൾ എന്നിവരുടെ പങ്കാളിത്തത്തോടെ ഇന്ത്യയിലെ ആദ്യത്തെ എക്സ്പീരിയൻഷ്യൽ സ്പോർട്സ് ടൂറിസം സ്റ്റാർട്ടപ്പ് ആയ സ്പോർട്സ് എക്സോട്ടിക്ക ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടത്തിയ അഞ്ചാമത് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ് സൂപ്പർ ലീഗ് ഫൈനലിൽ തൃക്കാക്കര ഭാരത മാതാ കോളേജ് കല്ലടി എംഇഎസ് കോളേജിനെ 96 റൺസിന് പരാജയപ്പെടുത്തി ജേതാക്കളായി.
കോളേജ് ക്രിക്കറ്റ് വേൾഡ് കപ്പ് എന്നറിയപ്പെടുന്ന റെഡ് ബുൾ ക്യാമ്പസ് ക്രിക്കറ്റ് അഖിലേന്ത്യതല മത്സരങ്ങളിൽ പങ്കെടുക്കുവാൻ ഭാരത മാതാ കോളേജ് കോളേജ് യോഗ്യത നേടി.
വിജയികൾക്കുള്ള ട്രോഫി ആലപ്പുഴ ജില്ല ഒളിമ്പിക് അസോസിയേഷൻ പ്രസിഡന്റ് വി.ജി വിഷ്ണു സമാപന ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.
റണ്ണേഴ്‌സ് അപ്പ് ട്രോഫി ജില്ല ഒളിമ്പിക് അസോസിയേഷൻ സെക്രട്ടറി സി. ടി സോജി സമ്മാനിച്ചു. ജിത്ത് ജെ ഭട്ട്, അനി ഹനീഫ്, സ്പോർട്സ് എക്‌സോട്ടിക്ക ഡയറക്ടർമാർ രാജു മാത്യു, ജ്യോതിഷ് പ്രകാശ്, സഞ്ജു സാമുവൽ എന്നിവർ സന്നിഹിതരായിരുന്നു.
ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ യൂത്ത് ക്രിക്കറ്റ് ടാലെന്റ്റ് ഹണ്ട് എന്ന ഖ്യാതി നേടിയ കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ചാമ്പ്യൻഷിപ്പിൽ സംസ്ഥാനത്തെ പത്തു യൂണിവേഴ്സിറ്റികളിലെ നാല്പതോളം കോളേജുകളിൽ നിന്നായി അറുനൂറിൽപരം കോളേജ് വിദ്യാർത്ഥികളെ അണിനിരത്തി കേരള ക്രിക്കറ്റ് അസോസിയേഷന്റെ പെരിന്തൽമണ്ണ, തൊടുപുഴ, തിരുവനന്തപുരം സ്റ്റേഡിയങ്ങളിൽ മേഖല മത്സരങ്ങളും ആലപ്പുഴ സ്റ്റേഡിയത്തിൽ സൂപ്പർലീഗ് മത്സരങ്ങളും ഉൾപ്പെടെ 52 മത്സരങ്ങളാണ് നടത്തിയത്.
സ്കോർ: ഭാരത മാതാ കോളേജ് 20 ഓവറിൽ 234/4 (ആകാശ് സി പിള്ള 86 അക്ഷയ് മനോഹർ 68 മുഹമ്മദ് റിൻഷിക് 2/30).
എംഇഎസ് കോളേജ് 20 ഓവറിൽ 138/6 (ശ്രീഹർഷ് നായർ 35 മഷൂദ് പി പി 31 , സബിൻ രാജ് 2/24 മൃദുൽ മോഹൻ 2/29 അജിത് രാജ് 2/26 ).
വ്യക്തിഗത അവാർഡുകൾ: വിഘ്‌നേശ് കെ ജി (പ്ലെയർ ഓഫ് ദി സീരീസ്), ആകാശ് സി പിള്ള (പ്ലെയർ ഓഫ് ദി ഫൈനൽ), ഭരത് സൂര്യ (ബെസ്റ്റ് ബാറ്റർ), മോനു കൃഷ്ണ (ബെസ്റ്റ് ബൗളർ), കാമിൽ അബൂബക്കർ (പ്രോമിസിങ് യങ്സ്റ്റർ), സനു സി എം (സൂപ്പർലീഗ് ബെസ്റ്റ് ബൗളർ), അക്ഷയ് മനോഹർ (സൂപ്പർലീഗ് ബെസ്റ്റ് ബാറ്റർ).