മുൻ യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്രട്ടറിയും സമാധാനത്തിനുള്ള നോബൽ സമ്മാന ജേതാവുമായ ഹെൻറി കിസിംഗർ (100) അന്തരിച്ചു. കണക്റ്റിക്കട്ടിലെ വസതിയിൽ വച്ചായിരുന്നു കിസിംഗറിന്റെ അന്ത്യം. രണ്ട് അമേരിക്കൻ പ്രസിഡന്റുമാരുടെ കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായി ഹെന്റി കിസിൻജർ പ്രവർത്തിച്ചിരുന്നു. അക്കാലത്തെ അദ്ദേഹത്തിന്റെ സേവനം അമേരിക്കൻ വിദേശനയത്തിൽ മായാത്ത മുദ്ര പതിപ്പിച്ച നയതന്ത്ര ശക്തിയായിരുന്നു. ഈ വർഷം മേയിൽ വൈറ്റ് ഹൗസിലെ മീറ്റിംഗുകളിൽ പങ്കെടുത്ത അദ്ദേഹം നേതൃത്വ ശൈലികളെക്കുറിച്ചുള്ള ഒരു പുസ്തകം പ്രസിദ്ധീകരിക്കുകയും ഉത്തര കൊറിയ ഉയർത്തുന്ന ആണവ ഭീഷണിയെക്കുറിച്ച് സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെ സാക്ഷ്യപ്പെടുത്തുകയും ചെയ്തു.
ഈ വർഷം ജൂലൈയിൽ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി കൂടിക്കാഴ്ച നടത്തുന്നതിനായി അദ്ദേഹം ബീജിംഗിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. 1970 കളിൽ, റിപ്പബ്ലിക്കൻ പ്രസിഡന്റ് റിച്ചാർഡ് നിക്‌സണിന്റെ കീഴിൽ സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുമ്പോൾ ലോകത്തെ മാറ്റിമറിച്ച പല സംഭവങ്ങളിലും അദ്ദേഹത്തിന് പങ്ക് വളരെ വലുതായിരുന്നു. ചൈനയുമായുള്ള നയതന്ത്ര തുറക്കൽ, യുഎസ്-സോവിയറ്റ് ആയുധ നിയന്ത്രണ ചർച്ചകൾ, ഇസ്രായേലും അറബ് രാഷ്ട്രങ്ങളും തമ്മിലുള്ള ബന്ധം വിപുലീകരിക്കൽ, വടക്കൻ വിയറ്റ്നാമുമായുള്ള പാരീസ് സമാധാന ഉടമ്പടി എന്നിവയിലും അദ്ദേഹം വലിയ പങ്കാണ് വഹിച്ചത്. 1974ൽ നിക്‌സന്റെ രാജിയോടെ യുഎസ് വിദേശനയത്തിന്റെ പ്രധാന ശില്പിയെന്ന നിലയിൽ കിസിംഗറുടെ സ്ഥാനത്തിന് കോട്ടം തട്ടി.
1973ലാണ് അദ്ദേഹത്തിന് നോബൽ സമ്മാനം ലഭിക്കുന്നത്. നോർത്ത് വിയറ്റ്നാമിലെ ലെ ഡക് തോയ്ക്ക് സംയുക്തമായി നോബൽ സമ്മാനം ലഭിച്ചിരുന്നു. ഇതേതുടർന്ന് നേബേൽ കമ്മറ്റിയിലെ രണ്ടംഗങ്ങൾ രാജിവച്ചിരുന്നു. ഹെൻറി കിസിംഗറിന് നോബൽ സമ്മാനം ലഭിച്ചത് വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. ജോർജ്ജ് ബുഷ് പ്രസിഡന്റായിരിക്കെ ഒരു അന്വേഷണ സമിതിയുടെ തലവനായി കിസിംഗറിനെ തിരഞ്ഞെടുത്തു. എന്നാൽ അദ്ദേഹത്തിന്റെ കൺസൾട്ടിംഗ് സ്ഥാപനത്തിന്റെ പല ക്ലയന്റുകളുമായും താൽപ്പര്യ വൈരുദ്ധ്യം കണ്ട ഡെമോക്രാറ്റുകളുടെ പ്രതിഷേധം കിസിംഗറിനെ സ്ഥാനത്തു നിന്ന് ഒഴിയാൻ നിർബന്ധിതനാക്കി.