തിരുവനന്തപുരം: നവകേരള സദസില്‍ എവിടെയും വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് പങ്കെടുപ്പിച്ചിട്ടില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. മന്ത്രി തലത്തിലോ ഉദ്യോഗസ്ഥരോ അത്തരം നിര്‍ദേശങ്ങള്‍ നല്‍കിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കുട്ടികള്‍ രക്ഷിതാക്കളോടൊപ്പമാണ് വരുന്നത്. തെറ്റായ പ്രചരണങ്ങള്‍ ജനങ്ങള്‍ തള്ളിയതിന്റെ തെളിവാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം. ബഹിഷ്കരിച്ച യുഡിഎഫ് എംഎല്‍എമാര്‍ പോലും ഇപ്പോള്‍ മാറി ചിന്തിക്കുന്നുണ്ടെന്നും.
സര്‍ക്കാര്‍ പരിപാടിയാണ് നവകേരള സദസ്സ്. അതുകൊണ്ട് എല്ലാ ഉദ്യോഗസ്ഥന്മാര്ക്കും പങ്കെടുക്കാം. ഓരോ മണ്ഡലത്തിലും പതിനായിരക്കണക്കിന് ജനങ്ങള്‍ ആണ് കക്ഷി രാഷ്ട്രീയത്തിന് അതീതമായി നവകേരള സദസ്സില്‍ പങ്കെടുക്കുന്നത്.
സ്വഭാവികമായി പങ്കെടുക്കുന്ന ജനക്കൂട്ടത്തിന്റെ കൂടെ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കേണ്ട ആവശ്യം ഇല്ല. ഇത് സംബന്ധിച്ച് ഒരു ഉത്തരവും വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസില്‍ നിന്നോ ഉന്നത ഉദ്യോഗസ്ഥരുടെ ഓഫീസുകളില്‍ നിന്നോ നല്‍കിയിട്ടില്ലെന്ന് മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ മന്ത്രിമാരും മുഖ്യമന്ത്രിയും ആകെ തലസ്ഥാന നഗരം വിട്ട് ഒരുമിച്ച് ജനങ്ങളെ നേരിട്ട് കാണാന്‍ ഇറങ്ങുന്ന വേളയില്‍ അവരെ അഭിവാദ്യം ചെയ്യാന്‍ ആബാലവൃദ്ധം ജനം റോഡിന്റെ രണ്ട് വശത്തിലും അണിനിരക്കുന്നത് സ്വഭാവികമാണ്. അത് സര്‍ക്കാര്‍ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ അല്ല എന്നും മന്ത്രി വ്യക്തമാക്കി.