ന്യൂഡൽഹി: ബൈജു രവീന്ദ്രന്റെ നിയന്ത്രണത്തിലുള്ള എഡ് ടെക് കമ്പനി ബൈജൂസിന്റെ വിപണിമൂല്യത്തിൽ വൻ ഇടിവ്. ഒരു വർഷത്തിനിടെ 22 ബില്യൺ യുഎസ് ഡോളറിൽനിന്ന് മൂന്ന് ബില്യൺ ഡോളറായാണ് മൂല്യം ഇടിഞ്ഞതെന്ന് ഡച്ച് ആഗോള ടെക് നിക്ഷേപ നിക്ഷേപകരായ പ്രോസസ് വിലയിരുത്തി.
ഈ വർഷം തുടർച്ചയായ നാലാം തവണയാണ് പ്രോസസ് ബൈജൂസിന്റെ മൂല്യം കുറയ്ക്കുന്നത്. മാർച്ചിൽ 11 ബില്യൺ, മെയിൽ എട്ട് ബില്യൺ, ജൂണിൽ അഞ്ചു ബില്യൺ എന്നിങ്ങനെയാണ് കുറച്ചിരുന്നത്.
ബൈജൂസിന്‍റെ മൂല്യം മൂന്നു ബില്യൺ ഡോളറിനും താഴെയാണ് എന്നാണ് പ്രോസസ് ഇടക്കാല സിഇഒ എർവിൻ തു പറയുന്നത്. തങ്ങൾ യഥാർത്ഥ മൂല്യം വെളിപ്പെടുത്തുന്നില്ല. എന്നാൽ അത് മൂന്ന് ബില്യണിനും താഴെയാണ്. ബൈജൂസുമായി എല്ലാ ദിവസവും ചർച്ചയിലാണ്. കമ്പനി വിവിധ വെല്ലുവിളികൾ നേരിടുന്നുണ്ട്- അദ്ദേഹം കൂട്ടിച്ചേർത്തു.
കോവിഡ് കാലത്ത് അഭൂതപൂർവ്വമായ വളർച്ച കൈവരിച്ച ബൈജൂസ് മഹാമാരിക്ക് ശേഷം പിടിച്ചു നിൽക്കാൻ പാടുപെടുകയായിരുന്നു. ചെലവുചുരുക്കലിന്റെ ഭാഗമായി നൂറു കണക്കിന് അധ്യാപകരെ ബൈജൂസ് ഈയിടെ പിരിച്ചുവിട്ടിരുന്നു.
അതിനിടെ, വിദേശവിനിമയ ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് എൻഫോസ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ബൈജൂസിന് കഴിഞ്ഞ ദിവസം നോട്ടീസയച്ചിരുന്നു. വിദേശവിനിമയ ചട്ടം (ഫെമ) ലംഘിച്ച് വിദേശത്തു നിന്ന് എണ്ണായിരം കോടി രൂപ നിക്ഷേപം സ്വീകരിച്ചു എന്നാരോപിച്ചാണ് നോട്ടീസ്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ ബെംഗളുരുവിലെ മൂന്നിടങ്ങളിൽ ഇഡി റെയ്ഡ് നടത്തിയിരുന്നു.