തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് ഇന്ന്. ഭരണകക്ഷിയായ ഭാരത് രാഷ്ട്ര സമിതി (ബിആര്‍എസ്) , ഭാരതീയ ജനതാ പാര്‍ട്ടി (ബിജെപി), കോണ്‍ഗ്രസ് എന്നീ പാര്‍ട്ടികള്‍ ഉള്‍പ്പെടുന്ന ത്രികോണ മത്സരത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിക്കുന്നത്. 119 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴ് മണിക്ക് വോട്ടെടുപ്പ് ആരംഭിച്ചു. നിലവിലെ മുഖ്യമന്ത്രിയും ബിആര്‍എസ് സ്ഥാപകനുമായ കെ ചന്ദ്രശേഖര്‍ റാവു രണ്ട് സീറ്റുകളില്‍ മത്സരിക്കുന്നുണ്ട്. ഗജ്വെല്, കാമറെഡ്ഡി എന്നിവടങ്ങളിലാണ് കെസിആര്‍ മത്സരിക്കുന്നത്. 2018ലെ തിരഞ്ഞെടുപ്പില്‍ ഗജ്വേലില് 58,000 വോട്ടുകള്‍ക്കാണ് കെസിആര്‍ വിജയിച്ചത്. ഗജ്വേലിയില് ബിജെപി നേതാവ് എടേല രാജേന്ദറിനെയും കാമറെഡ്ഡിയില്‍ കോണ്‍ഗ്രസ് സംസ്ഥാന ഘടകം അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുമായാണ് കെസിആറിന്റെ പോരാട്ടം.
കെസിആറിന്റെ തെലങ്കാന മന്ത്രിയുമായ കെ ടി രാമറാവു സിര്‍സില്ലയില്‍ നിന്നാണ് മത്സരിക്കുന്നത്. 2018 ല്‍ 89,000 വോട്ടുകളോടെയാണ് രാമറാവു സിര്‍സില്ലയില്‍ വിജയിച്ചത്. പുതിയസംസ്ഥാനത്തിന്റെ ആദ്യമുഖ്യമന്ത്രി ദളിത് വിഭാഗത്തില്‍നിന്നാവും എന്നായിരുന്നു തെലങ്കാന പ്രക്ഷോഭസമയത്ത് സമരനായകന് കെ. ചന്ദ്രശേഖര റാവു നല്കിയ വാഗ്ദാനം. ബിആര്‍എസ് എംഎല്‍സി കെ കവിത ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ വോട്ട് രേഖപ്പെടുത്തി. യോഗ്യരായ എല്ലാ വോട്ടര്‍മാരും വോട്ട് ചെയ്യണമെന്നും അവര്‍ അഭ്യര്‍ത്ഥിച്ചു.
തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പിനായി 2.5 ലക്ഷത്തിലധികം ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ചുമതലകളില്‍ ഏര്‍പ്പെടുമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ വികാസ് രാജ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. തിരഞ്ഞെടുപ്പിനുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി സംസ്ഥാനത്തുടനീളം 77,000 സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. സംസ്ഥാനത്തുനിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുമുള്ള സംസ്ഥാന പോലീസും ഹോംഗാര്‍ഡുകളും ഉള്‍പ്പെടുന്ന 375 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെയും (സിഎപിഎഫ്) സംസ്ഥാനത്തുടനീളം വിന്യസിച്ചിട്ടുണ്ട്. അസദുദ്ദീന്‍ ഒവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎം നഗരത്തിലെ ഒമ്പത് സീറ്റുകളിലാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിരിക്കുന്നത്.
മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു, മന്ത്രി-മകന് കെടി രാമറാവു, സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ എ രേവന്ത് റെഡ്ഡി, ബിജെപി ലോക്സഭാ അംഗങ്ങളായ ബന്ദി സഞ്ജയ് കുമാര്‍, ഡി അരവിന്ദ് എന്നിവരുള്‍പ്പെടെ 2,290 പേരാണ് തെലങ്കാന തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുള്ളത്. തെലങ്കാനയിലെ 106 മണ്ഡലങ്ങളില്‍ രാവിലെ 7 മുതല്‍ വൈകിട്ട് അഞ്ച് വരെയും 13 ഇടതുപക്ഷ തീവ്രവാദ (ഘണഋ) ബാധിത പ്രദേശങ്ങളില്‍ രാവിലെ 7 മുതല്‍ നാല് വരെയുമാണ് വോട്ടെടുപ്പ്. തെലങ്കാനയില്‍ യോഗ്യരായ 3.26 കോടി വോട്ടര്‍മാരാണുള്ളത്. ഇവര്‍ക്കായി സംസ്ഥാനത്തുടനീളം 35,655 പോളിംഗ് സ്റ്റേഷനുകളിളാണ് സജ്ജീകരിച്ചിരിക്കുന്നത്.
പണം പിടിച്ചെടുക്കല്‍ വിഷയത്തില്‍ കേസ് ഇല്ലാതാക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ മൂന്ന് സംസ്ഥാന പോലീസ് ഓഫീസര്‍മാരെ സസ്പെന്‍ഡ് ചെയ്യാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന് ബുധനാഴ്ച ഉത്തരവിട്ടിരുന്നു.