ബി.എസ്‌.സി നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് എല്ലാ ലിംഗത്തിലുള്ളവർക്കും പ്രവേശനത്തിന് അനുമതി നൽകികൊണ്ടുള്ള പുതിയ നിയമം കൊണ്ടുവരുന്നത് പരിഗണിക്കാൻ യൂണിയൻ ഓഫ് ഇന്ത്യയ്ക്കും,ഡൽഹി സർക്കാരിനും,  ഇൻസ്റ്റിറ്റ്യൂട്ടുകൾക്കും നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഇന്ത്യൻ പ്രൊഫഷണൽ നഴ്സസ് അസോസിയേഷന്റെ ഹർജിയിൽ ഡൽഹി ഹൈക്കോടതി നോട്ടീസ് അയച്ചു. 
എയിംസ്, ഗുരു ഗോബിന്ദ് സിംഗ് ഇന്ദ്രപ്രസ്ഥ സർവകലാശാല, ഡൽഹി സർവകലാശാല എന്നിവ നടത്തുന്ന ബി.എസ്‌.സി (ഓണേഴ്‌സ്) നഴ്‌സിംഗ് കോഴ്‌സുകളിലേക്ക് പ്രവേശനത്തിന് സ്ത്രീകളെ മാത്രം അനുവദിക്കുന്ന വ്യവസ്ഥകൾ ചോദ്യം ചെയ്ത് നൽകിയ ഹർജിയിൽ ഡൽഹി ഹൈക്കോടതി കേന്ദ്രത്തിന്റെയും, ഡൽഹി സർക്കാരിന്റെയും സർക്കാരിന്റെയും, ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയും, ഇൻസ്റ്റിറ്റ്യൂട്ടുകളുടെയും നിലപാട് തേടി.
ഇന്ത്യൻ പ്രൊഫഷണൽ നഴ്‌സസ് അസോസിയേഷൻ നൽകിയ പൊതുതാൽപര്യ ഹർജിയിൽ നോട്ടീസ് അയച്ച ആക്ടിംഗ് ചീഫ് ജസ്റ്റിസ് മമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ എന്നിവരടങ്ങിയ ബെഞ്ച് സർക്കാരുകളോടും, ഇൻസ്റ്റിറ്റ്യൂട്ടുകളോടും, ഇന്ത്യൻ നഴ്‌സിംഗ് കൗൺസിലിനോടും നാലാഴ്ചയ്ക്കകം മറുപടി നൽകാൻ ആവശ്യപ്പെട്ടു.
ലിംഗാധിഷ്ഠിത യോഗ്യതയെ ചോദ്യം ചെയ്യുന്നതാണ് ഹർജിയെന്നും, രാജ്യത്ത് നഴ്‌സുമാരുടെ കുറവ് കണക്കിലെടുത്ത് എല്ലാ ലിംഗത്തിലുള്ളവർക്കും കോഴ്‌സിന് അപേക്ഷിക്കാൻ അനുമതി നൽകണമെന്നും ഹർജിക്കാരന് വേണ്ടി കോടതിയിൽ ഹാജരായ അഭിഭാഷകൻ റോബിൻ രാജു പറഞ്ഞു.
സ്ത്രീകൾ ഒഴികെയുള്ള എല്ലാ ലിംഗക്കാർക്കും നഴ്‌സിംഗ് കോളേജുകളിൽ ബി.എസ്‌.സി നഴ്‌സിംഗ് കോഴ്‌സ് പഠിക്കാനുള്ള അവസരം നിഷേധിക്കുന്നത് ഏകപക്ഷീയവും ജനാധിപത്യം, നീതി, സമത്വം എന്നിവയുടെ തത്വങ്ങൾക്ക് വിരുദ്ധമാണെന്നും ഹർജിയിൽ പറയുന്നു.
കേസ് ഫെബ്രുവരി 19- ന് കോടതി വീണ്ടും പരിഗണിക്കും.

By admin

Leave a Reply

Your email address will not be published. Required fields are marked *