നിന്നെ കാണുമ്പോഴെല്ലാമെനിക്കാമലഞ്ചോലയെ ഓർമ്മ വരാറുണ്ട്; നിന്നിലൊരുമലയാത്തിയുടെ ചൂര് അനുഭവപ്പെടാറുണ്ട്;നിന്നിൽ ചേക്കേറുവാൻ കൊതിക്കാറുമുണ്ട്.
മഹാനഗരത്തിൻറെ ഉഷ്ണംപേറുന്നമായകാഴ്ച്ചകളുടെ മടുപ്പിൽ ചിലപ്പോഴൊക്കെ മാമലയുടെ ചുരം കേറി, ഞാനവളോടൊത്താമലഞ്ചോലയുടെ നെഞ്ചിൽ കിടന്നു നനയാറുണ്ട്.
കാട്ടാറുകളുടെ പൊട്ടിച്ചിരികൾക്കുംകാറ്റിൻറെ കളിയാക്കലിനുമൊപ്പംകാട്ടുത്തേനിൻറെ സ്വാദുംകാട്ടുപ്പോത്തിൻറെ ഇറച്ചിയും കാട്ടത്തിയുടെ പേശികനമുള്ള ഇറുക്കലുംകലർന്നു പുണർന്നു കിടക്കുന്നാ മാമലയിലെ നക്ഷത്രരാത്രികളെ പകലുകളാക്കുന്നനഗ്നനൃത്തത്തിൻറെ പാരമ്യതയിൽ,അനുവർത്തനമായൊരു ഭ്രമണത്തിനൊപ്പം അനുയാത്ര ചെയ്തിരുന്ന ജീവിതത്തിനുചിറകുകൾ മുളയ്ക്കാറുണ്ട്. ചിതലരിച്ച സ്വപ്നങ്ങൾ ഋതുക്കൾക്കൊപ്പം മടങ്ങി വരുന്നതും മുറിവുകൾ ചിരികളാകുന്നതും അന്നേരമാണ്.
അന്നേരമാണ്, അവളുടെ പൊക്കിൾച്ചുഴിയിൽ ചുരമാന്തുന്ന പ്രളയത്തിൻറെ ഇരുമ്പലെന്നിലൊരു ചേരട്ടയെ ജനിപ്പിക്കുന്നതും.
അന്നേരമാണു ഞാൻ, അവളുടെ ജീവൻറെ അപ്പക്കഷ്ണങ്ങളെ വേവോടെ തിന്നുന്മത്തനാകുന്നതുംവേപഥു ഗ്രസിച്ച ശൂന്യതയെ തിരസ്ക്കരിച്ചുആയിരം കാലുകളോടെആനന്ദത്തിൻറെ ഉച്ചൈസ്തരം താണ്ടുന്നതും.
അനന്തരം ഞാൻ, അലസിപ്പൂമരങ്ങളുടെ ഒരു താഴ്വാരമായതുംഅങ്ങനെയാണ്.അതുകൊണ്ടാണു ഞാൻ, നിന്നെ കാണുമ്പോളൊരു മലഞ്ചോലയാകുന്നതുംനിന്നിൽ നിറഞ്ഞൊഴുകാൻ തുടിക്കുന്നതും!
-സതീഷ് കളത്തിൽ