ബംഗാളിലെ സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രാലയം സംസ്ഥാന സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. നടപടി ആവശ്യപ്പെട്ട് ബംഗാൾ ബിജെപി എംപിമാർ അമിത് ഷായെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് കേന്ദ്രം റിപ്പോര്‍ട്ട് തേടിയത്. പശ്ചിമ ബംഗാളിലെ ബിർഭുമിലുണ്ടായ രാഷ്ട്രീയ സംഘർഷത്തില്‍ എട്ടുപേരാണ് കൊല്ലപ്പെട്ടത്. ഒരു കുടുംബത്തിലെ 7 പേര്‍ അടക്കമാണ് കൊല്ലപ്പെട്ടത്. കത്തിക്കരഞ്ഞ നിലയിലാണ് എട്ടുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തൃണമൂൽ കോൺഗ്രസിലെ രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള പ്രശ്നങ്ങളാണ് സംഘർഷത്തിന് പിന്നിലെന്നാണ് സൂചന.
സംഭവുമായി ബന്ധപ്പെട്ട് പതിനൊന്ന് പേരെ അറസ്റ്റ് ചെയ്തതായി ബംഗാള്‍ ഡിജിപി മനോജ് മാളവ്യ പറഞ്ഞു. എട്ടുപേരാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടതെന്ന് ഡിജിപി സ്ഥിരീകരിച്ചു. സംഘര്‍ഷത്തിന്‍റെ പശ്ചാത്തലത്തില്‍ സബ് ഡിവിഷണൽ പൊലീസ് ഓഫീസറെയും രാംപൂർഘട്ടിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥനെയും നീക്കി. തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ബാദു ഷെയ്ഖിന്‍റെ കൊലപാതകത്തിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്. ഇന്നലെ രാത്രിയാണ് ഭര്‍ഷാര്‍ ഗ്രാമത്തിലെ പഞ്ചായത്ത് പ്രധാനും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ബാദു ഷെയ്ഖ് കൊല്ലപ്പെട്ടത്.
മുപ്പത്തിയെട്ട് വയസ് മാത്രം പ്രായമുള്ള ബാദു ഷെയ്ഖ് ഈ മേഖലയിലെ പ്രമുഖ നേതാവായിരുന്നു. തിങ്കളാഴ്ച്ച വൈകുന്നേരം ചായക്കടയില്‍ ഇരുന്ന ഇയാള്‍ക്കെതിരെ അക്രമി സംഘം പെട്രോള്‍ ബോംബ് എറിയുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ് ആശുപത്രിയിലെത്തിച്ചെങ്കിലും ബാദു ഷെയ്ഖിന്‍റെ ജീവന്‍ രക്ഷിക്കാനായില്ല.