കൊല്ലം: ഓയൂരില്‍ കാറിലെത്തിയ സംഘം ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ദുരൂഹതകള്‍ നീളുന്നു. കുട്ടിയെ കടത്തിക്കൊണ്ടുപോയത് ആസൂത്രിതമായിത്തന്നെയാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. കുട്ടിയുടെ കുടുംബത്തോഡുള്ള വൈരാഗ്യമാണോ സംഭവത്തിന് പിന്നിലെന്നും സംശയമുണ്ട്. രണ്ട് ദിവസം മുമ്പും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടന്നതായും പോലീസ് പറഞ്ഞു.
യു.എന്‍.എയുടെ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് കുട്ടിയുടെ അച്ഛന്‍ റെജി. പലരെയും റെജി സംഘടനവഴി നഴ്‌സിങ് ജോലിക്കായി വിദേശത്തേക്ക് അയച്ചിട്ടുണ്ട്. ഇത്തരത്തില്‍ ജോലി ലഭിക്കാത്ത ആരെങ്കിലും വിരോധത്താല്‍ കുട്ടിയെ തട്ടിക്കൊണ്ടു പോയതാണോയെന്നും അന്വേഷിക്കുന്നുണ്ട്.
പ്രതികള്‍ ജില്ല വിട്ടിട്ടില്ലെന്നും സംഭവം നടന്നതിന് 10 കിലോമീറ്ററിനുള്ളില്‍ തന്നെ പ്രതികളുണ്ടെന്നാണ് പോലീസിന്റെ നിഗമനം. മലപ്പുറം രജിസ്‌ട്രേഷനുള്ള കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. രേഖാ ചിത്രത്തിലുള്ള ആള്‍ക്കൊപ്പം വന്ന സ്ത്രീയാണ് കാണാതായ പെണ്‍കുട്ടിയുടെ മാതാവിനെ വിളിച്ച് മോചനദ്രവ്യം ആവശ്യപ്പെട്ടതെന്നാണ് സൂചന. സ്ത്രീയുടേയും മറ്റൊരു പുരുഷന്റെയും മുഖം വ്യക്തമായില്ലെന്ന് കടയുടമയും നാട്ടുകാരനായ ഒരാളും പോലീസിന് മൊഴി നല്‍കിയത്.