ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ദുശ്ശകുനം പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്. രാഹുല്‍ ഗാന്ധി മറ്റന്നാള്‍ ആറ് മണിക്കുള്ളില്‍ മറുപടി നല്‍കണമെന്ന് നോട്ടീസില്‍ പറയുന്നു. ഇന്ത്യ-ഓസ്‌ട്രേലിയ ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യ പരാജയപ്പെട്ട സാഹചര്യത്തിലായിരുന്നു രാഹുലിന്റെ പരാമര്‍ശം. ഇന്ത്യ മികച്ച നിലയില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും മോദി എത്തിയതിന് പിന്നാലെയാണ് ദുശ്ശകുനം ഉണ്ടായതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം.
‘ദുശ്ശകുനം’ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ ദില്ലി പൊലീസില്‍ പരാതി എത്തിയിട്ടുണ്ട്. രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് കളി കാണാന്‍ പോയ മോദി ഇന്ത്യയെ തോല്‍പിച്ചെന്ന പരിഹാസം രാഹുല്‍ നടത്തിയത്. ഇന്ത്യന്‍ ടീം നല്ല രീതിയില്‍ കളിച്ച് വരികയായിരുന്നു. മോദി സ്റ്റേഡിയത്തിലെത്തും വരെ മികച്ച പ്രകടനമായിരുന്നു ഇന്ത്യയുടേത്. എന്നാല്‍ ദുശ്ശകുനമെത്തിയതോടെ പിന്നീടങ്ങോട്ട് ടീമിന്റെ താളം തെറ്റുകയും കളി തോല്‍ക്കുകയുമായിരുന്നുവെന്ന് രാഹുല്‍ പരിഹസിച്ചു. രാജസ്ഥാനിലെ കോണ്‍ഗ്രസ് നേതാക്കളുടെ തമ്മിലടിയെ റണ്‍ ഔട്ടാക്കാന്‍ പരസ്പരം ശ്രമിക്കുന്ന ബാറ്റ്‌സ്മാന്‍മാരോട് ഉപമിച്ചതിന് മറുപടിയായി കൂടിയാണ് ക്രിക്കറ്റുമായി ബന്ധപ്പെടുത്തി രാഹുല്‍ മോദിക്ക് തിരിച്ചടി നല്‍കിയത്.