കൊച്ചി: ഇതര സംസ്ഥാനത്തൊഴിലാളിയുടെ നാലുമാസം പ്രായമുള്ള കുഞ്ഞിന് മുലയൂട്ടി വനിതാ സിവില്‍ പോലീസ് ഓഫീസര്‍. ജനറല്‍ ആശുപത്രിയില്‍ ചികിത്സയ്ക്കു വന്ന പട്‌ന സ്വദേശിനി അജനയുടെ കുട്ടികളെ ഏല്‍പ്പിക്കാന്‍ ആളില്ലാതെ വന്നതോടെ കൊച്ചി സിറ്റി നോര്‍ത്ത് വനിതാ പോലീസ് സ്റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
13, അഞ്ചും മൂന്നും വയസുള്ള കുട്ടികള്‍ക്ക് ഭക്ഷണം വാങ്ങി നല്‍കി. എന്നാല്‍, നാല് മാസം പ്രായമുള്ള കുഞ്ഞിന് എന്ത് നല്‍കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു പോലീസുകാര്‍. ഈ സാഹചര്യത്തില്‍ മുലയൂട്ടുന്ന അമ്മ കൂടിയായ സിവില്‍ പോലീസ് ഓഫീസര്‍ എം.എ. ആര്യ കുഞ്ഞിന് മുലയൂട്ടാന്‍ തയാറാകുകയായിരുന്നു.
നാല് മാസം പ്രായമുള്ള കുഞ്ഞ് കൊണ്ടുവരുമ്പോള്‍ ഉറക്കത്തിലായിരുന്നു. ഉറക്കം വിട്ടുണര്‍ന്നപ്പോള്‍ കരച്ചില്‍ തുടങ്ങി. ആ സമയത്താണ് ആര്യ കുഞ്ഞിനെ വാങ്ങി മുലയൂട്ടിയത്. പിന്നീട് കുട്ടികളെ എസ്.ആര്‍.എം. റോഡിലുള്ള ശിശുഭവനിലേക്ക് മാറ്റി. പൊന്നാരിമംഗലത്താണ് പട്‌ന സ്വദേശിനിയുടെ താമസം. ഇവരുടെ ഭര്‍ത്താവ് ജയിലിലാണെന്ന് പോലീസ് പറഞ്ഞു.
അജനയുടെ ഹൃദയവാല്‍വ് നേരത്തേ മാറ്റിവച്ചിരുന്നു. വാല്‍വില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ജനറല്‍ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. അജനയ്‌ക്കൊപ്പമുള്ള നാലു കുട്ടികളെ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് വനിതാ പോലീസ് സ്റ്റേഷനിലേക്കും കണ്‍ട്രോള്‍ റൂമിലേക്കും ആശുപത്രി അധികൃതര്‍ സന്ദേശമയയ്ക്കുകയായിരുന്നു.