ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ ഇന്ത്യന്‍ നാവിക സേനാംഗങ്ങളുടെ മോചനത്തിനായി ഇന്ത്യ സമര്‍പ്പിച്ച അപ്പീല്‍ ഖത്തര്‍ കോടതി അംഗീകരിച്ചു. അപ്പീല്‍ പഠിച്ചു വരികയാണെന്നും അടുത്ത വാദം ഉടന്‍ ഉണ്ടാകുമെന്നും കോടതി പറഞ്ഞു. അതേസമയം വിധി രഹസ്യാത്മകമാണെന്ന് ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. ഇന്ത്യന്‍ പൗരന്മാര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലര്‍ സഹായവും സര്‍ക്കാര്‍ തുടര്‍ന്നും നല്‍കുമെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു.
‘വിധി രഹസ്യാത്മകമാണ്. നിയമപരമായ എല്ലാ സാധ്യതകളും പരിഗണിച്ച് ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഞങ്ങള്‍ ഖത്തര്‍ അധികൃതരുമായി ബന്ധപ്പെടുന്നുണ്ട്.’, വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇക്കാര്യത്തില്‍ ഖത്തര്‍ അധികൃതരുമായി ഇന്ത്യ ഇടപഴകിയിട്ടുണ്ടെന്നും അരിന്ദം ബാഗ്ചി പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലാണ് ഒരു വര്‍ഷത്തിലേറെയായി രാജ്യത്ത് തടവില്‍ കഴിയുന്ന മുന്‍ ഇന്ത്യന്‍ നാവികസേനാംഗങ്ങളെ ഖത്തറിലെ കോടതി വധശിക്ഷയ്ക്ക് വിധിച്ചത്. 
ഈ വിധിയെ ഞെട്ടിക്കുന്നതാണെന്ന് ഇന്ത്യ വിശേഷിപ്പിക്കുകയും കേസിലെ എല്ലാ നിയമ സാധ്യതകളും പരിശോധിക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ വധശിക്ഷയ്‌ക്കെതിരെ അപ്പീല്‍ സമര്‍പ്പിക്കുകയും ചെയ്തു. പിന്നാലെ ഇക്കാര്യം വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചു.
‘ഖത്തറിന്റെ അപ്പീല്‍ കോടതിയില്‍ ഒരു അപ്പീല്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ഈ വിഷയത്തില്‍ ഞങ്ങള്‍ ഖത്തര്‍ അധികാരികളുമായി ആശയവിനിമയം തുടരുകയാണ്. കൂടാതെ അവര്‍ക്ക് എല്ലാ നിയമപരവും കോണ്‍സുലാര്‍ സഹായവും ഞങ്ങള്‍ തുടര്‍ന്നും നല്‍കും. കേസിന്റെ സെന്‍സിറ്റീവ് സ്വഭാവം കണക്കിലെടുത്ത് ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കരുതെന്ന് എല്ലാവരോടും വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.’, ബാഗ്ചി പറഞ്ഞു.
തടവിലുള്ള ഇന്ത്യക്കാരുടെ കുടുംബാം?ഗങ്ങളുമായി വിദേശകാര്യ മന്ത്രാലയം ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച്ച ജയിലില്‍ കഴിയുന്നവരുമായി സംസാരിക്കാന്‍ സാധിച്ചെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
2022 ഓഗസ്റ്റില്‍ ഖത്തറിലെ ഒരു കമ്പനിയില്‍ ജോലിചെയ്യുവേ ഇസ്രായേലിന്റെ ചാരന്മാരായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചാണ് എട്ട് മുന്‍ ഇന്ത്യന്‍ നേവി ഉദ്യോഗസ്ഥരെ ഖത്തര്‍ കസ്റ്റഡിയിലെടുത്തത്. ക്യാപ്റ്റന്‍ നവതേജ് സിംഗ് ഗില്‍, ക്യാപ്റ്റന്‍ ബീരേന്ദ്ര കുമാര്‍ വര്‍മ, ക്യാപ്റ്റന്‍ സൗരഭ് വസിഷ്ത്, കമാന്‍ഡര്‍ അമിത് നാഗ്പാല്‍, കമാന്‍ഡര്‍ പൂര്‍ണേന്ദു തിവാരി, കമാന്‍ഡര്‍ സുഗുണാകര്‍ പകല, കമാന്‍ഡര്‍ സഞ്ജീവ് ഗുപ്ത, നാവികന്‍ രാഗേഷ് എന്നിവരെയാണ് ഖത്തര്‍ ഇന്റലിജന്‍സ് ഏജന്‍സി അറസ്റ്റ് ചെയ്തത്. കേസില്‍ നാവിക സേനാംഗങ്ങള്‍ പലതവണ ജാമ്യാപേക്ഷ നല്‍കിയെങ്കിലും ഖത്തര്‍ അധികൃതര്‍ അത് തള്ളി. 
അതേസമയം നേരത്തെ, ഖത്തറില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എട്ട് മുന്‍ നാവിക ഉദ്യോഗസ്ഥരുടെ കുടുംബാംഗങ്ങളുമായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യക്കാരുടെ മോചനത്തിന് സര്‍ക്കാര്‍ ഏറ്റവും വലിയ പ്രാധാന്യമാണ് നല്‍കുന്നതെന്ന് അദ്ദേഹം അറിയിച്ചു. കുടുംബങ്ങളുടെ ആശങ്കകളും വേദനകളും ഞങ്ങള്‍ മനസ്സിലാക്കുന്നു.അവരുടെ മോചനം ഉറപ്പാക്കാനുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ തുടരുമെന്ന് അവര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിദേശകാര്യ മന്ത്രി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. 
 

By admin

Leave a Reply

Your email address will not be published. Required fields are marked *