ദാവൂദി ബോഹ്റ മുസ്ലിം വിഭാഗം ആദ്ധ്യാത്മിക ഗുരു ഡോ. സയ്യിദ്ന മുഫദ്ദൽ സൈഫുദ്ദീന് (Dr. Syedna Mufaddal Saifuddin) പാക്കിസ്ഥാന്റെ പരമോന്നത പുരസ്ക്കാരം.
മുംബൈ അടിസ്ഥാനമായുള്ള ഒരു പ്രത്യേക മുസ്ലിം മത വിഭാഗമാണ് ദാവൂദി ബോഹ്റ. ഈ വിഭാഗത്തിന്റെ സർവ്വോന്നത ആദ്ധ്യാത്മിക ഗുരു ( പണ്ഡിതൻ) ആണ് ഡോക്ടർ സെയ്ദാന മുഫാദൽ സൈഫുദീൻ.
ദാവൂദി ബോഹ്റകൾ ഫാത്തിമി ഇമാമുകളുമായി ബന്ധപെട്ടതും പ്രവാചകൻ മുഹമ്മദ് നബിയുടെ വംശാവലിയിൽപെട്ടവരുമാണെന്ന് കരുതപ്പെടുന്നു.
ഈ സമുദായം ഇമാമുകളിലാണ് തങ്ങളുടെ വിശ്വാസം അർപ്പിക്കുന്നത്. ദാവൂദി ബോഹ്റയുടെ 21ാമത്തേയും അവസാനത്തെയും ഇമാമായിരുന്നു തയ്യബ് അബുൽ കാസിം.
അതിനുശേഷമാണ് ഇതുവരെയുള്ള 1132 ആദ്ധ്യാത്മക പണ്ഡിതരുടെ പരമ്പര ആരംഭിക്കുന്നത്. സമുദാ യത്തിന്റെ സർവോന്നത നേതാവ് എന്നർത്ഥം വരുന്ന ‘ദായി അൽ മുത്തല്ലാക് സയ്യദാന’ എന്ന പേരിലാണ് ഇവർ അറിയപ്പെടുന്നത്.
ഇന്ന് ഡോക്ടർ സെയ്ദാന മുഫാദൽ സൈഫുദീനെ ആദ്ധ്യാത്മിക നേതാവായി അംഗീകരിക്കുന്നവർ ഇന്ത്യയിൽ മാത്രമല്ല ലോകത്തെ പല രാജ്യങ്ങളിലുമുണ്ട്.
ദാവൂദി ബോഹ്റ സമുദായ വക്താവിന്റെ അഭിപ്രായത്തിൽ തൻ്റെ അനുയായികൾക്ക് അദ്ദേഹം എപ്പോഴും ശാന്തിയുടെയും സദ്ഭാവനയുടെയും രാഷ്ട്രഭക്തിയുടെയും സന്ദേശമാണ് നല്കിവരുന്നതെന്നതത്രേ.
ഡോക്ടർ സെയ്ദാന മുഫാദൽ സൈഫുദീൻ മുംബൈയിൽ വിശാലമായ സൈഫി മഹലിലാണ് കഴിയുന്നത്. അടുത്ത ” ദായി അൽ മുത്തല്ലാക് സയ്യദാനയെ” നിയമിക്കുന്നത് ദൈവീക നിർദ്ദേശപ്രകാരം നിലവിലുള്ള ആദ്ധ്യാത്മിക ഗുരുവിന്റെ ചുമതലയാണ്.
നിലവിലെ ആദ്ധ്യാത്മിക ഗുരു ഡോക്ടർ സെയ്ദാന മുഫാദൽ സൈഫുദീന്റെ പിതാവും സമുദായത്തിലെ സർവോന്നതനായ ആദ്ധ്യാത്മിക പണ്ഡിതനായിരുന്നു.
ദാവൂദി ബോഹ്റ വിഭാഗക്കാർ വിദ്യാഭ്യാസപരമായി ഉന്നതനിലവാരം പുലർത്തുന്നവരും ബിസിനസ്സുകാരും കഠിനാധ്വാനികളുമായാണ് അറിയപ്പെടുന്നത്. അതീവ സമ്പന്നരാണ് ഇവരിൽ ഭൂരിഭാഗവും.
ഡോക്ടർ സെയ്ദാന മുഫാദൽ സൈഫുദീന് അദ്ദേഹത്തിൻ്റെ മാനവീയ സേവനങ്ങളെ ആധാരമാക്കിയാണ് പാക്കിസ്ഥാൻ തങ്ങളുടെ പരമോന്നത ബഹുമതിയായ ” നിഷാൻ -എ -പാക്ക് ” (‘Nishan-e-Pak’) നൽകുന്നതെന്ന് പാകിസ്ഥാൻ രാഷ്ട്രപതിയുടെ ഓഫീസ് അറിയിച്ചു.
ഇതുൾപ്പെടെ 4 ഇന്ത്യക്കാർക്ക് ഇതുവരെ പാക്കിസ്ഥാൻ തങ്ങളുടെ പരമോന്നത ബഹുമതിയായ Nishan-e-Pak സാമ്മാനിച്ചിട്ടുണ്ട്. 1990 ൽ മൊറാർജി ദേശായിക്കും 1998 ൽ അഭിനേതാവ് ദിലീപ് കുമാറിനും 2020 ൽ കാശ്മീർ വിഘടനവാദി നേതാവ് അലി ഗിലാനിക്കുമാണ് ഈ ബഹുമതി നൽകിയിട്ടുള്ളത്.