ജിദ്ദ – അന്താരാഷ്ട്ര നിയമങ്ങൾ പാലിക്കുന്നതിലെ ഇരട്ടത്താപ്പ് ഗാസ ദുരന്തം വ്യക്തമാക്കിയതായി സൗദി ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ പറഞ്ഞു. സെപ്റ്റംബറിൽ ന്യൂദൽഹിയിൽ ചേർന്ന ജി-20 ഉച്ചകോടിയുടെ പൂർത്തീകരണമെന്നോണം ചേർന്ന ജി-20 വെർച്വൽ ഉച്ചകോടിയിൽ തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിനെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനെയും പ്രതിനിധീകരിച്ച് പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ധനമന്ത്രി. ഗാസയിൽ ഇന്ന് കണ്ടുകൊണ്ടിരിക്കുന്ന ആക്രമണങ്ങളും യുദ്ധവും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ്. 
ചരിത്രം എക്കാലവും ഓർക്കുന്ന ഒരു മാനുഷിക ദുരന്തത്തിനാണ് ഗാസ സാക്ഷ്യംവഹിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളും യു.എൻ പ്രമേയങ്ങളും പാലിക്കുന്നതിലെ ഇരട്ടത്താപ്പും സെലക്ടിവിറ്റിയും ഗാസ യുദ്ധം വ്യക്തമാക്കി. ഇത് ഈ പ്രതിസന്ധിക്കും അപ്പുറത്തേക്ക് പോകുന്ന പ്രത്യാഘാതങ്ങളിലേക്ക് നയിക്കുകയും നിലവിലെ അന്താരാഷ്ട്ര സംവിധാനത്തിന്റെ വിശ്വാസ്യതയെ ബാധിക്കുകയും ചെയ്യും. അന്താരാഷ്ട്ര സമാധാനവും സുരക്ഷിതത്വവും നിലനിർത്താനുള്ള ലോകത്തിന്റെ ഭാവി കഴിവിനെ ഇത് പ്രതികൂലമായി ബാധിക്കും. 
സാധാരണക്കാരെയും പശ്ചാത്തല സൗകര്യങ്ങളും താമസസ്ഥലങ്ങളും ആരോഗ്യ സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും ഗാസയിൽ നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതും സൗദി അറേബ്യ ഒരിക്കലും അംഗീകരിക്കില്ല. രക്തച്ചൊരിച്ചിൽ തടയുകയും ഉടനടി വെടിനിർത്തൽ നടപ്പാക്കുകയും വേണം. ഗാസയിൽ റിലീഫ് വസ്തുക്കളും മെഡിക്കൽ വസ്തുക്കളും അടിയന്തിരമായും സുരക്ഷിതമായും എത്തിക്കാൻ അവസരമൊരുക്കണം. സ്ഥിരത വീണ്ടെടുക്കാനും ശാശ്വത സമാധാനം സാക്ഷാൽക്കരിക്കാനും 1967 ലെ അതിർത്തിയിൽ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം സ്ഥാപിക്കാനും സാഹചര്യങ്ങൾ ഒരുക്കണമെന്നും മുഹമ്മദ് അൽജദ്ആൻ ആവശ്യപ്പെട്ടു. 
കാലാവസ്ഥാ വ്യതിയാനത്തിന് സർക്കുലാർ കാർബൺ ഇക്കോണമി സമീപനം അടക്കം ഏറ്റവും പുതിയ സാങ്കേതികവിദ്യകളും വ്യത്യസ്ത സമീപനങ്ങളും പ്രയോജനപ്പെടുത്തി അന്താരാഷ്ട്ര തലത്തിൽ നിരന്തര ശ്രമങ്ങൾ നടത്തണം. കാലാവസ്ഥാ വ്യതിനായം നേരിടാൻ സമഗ്ര ശ്രമങ്ങൾ തുടരാൻ സൗദി അറേബ്യ പ്രതിജ്ഞാബദ്ധമാണെന്നും സൗദി ധനമന്ത്രി പറഞ്ഞു.
 
2023 November 23Saudigazawartitle_en: saudi statement about gaza war

By admin

Leave a Reply

Your email address will not be published. Required fields are marked *