കഞ്ചാവ് വില്‍പ്പനയെച്ചൊല്ലി തർക്കം: തിരുവല്ലയിൽ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി; കാപ്പാ കേസ് പ്രതി ഉൾപ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍

തിരുവല്ല: കഞ്ചാവ് വില്‍പ്പനയെ ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് ഗുണ്ടാ സംഘങ്ങള്‍ ഏറ്റുമുട്ടി. മൂന്നു പേര്‍ക്ക് പരുക്കേറ്റു. കാപ്പാ കേസ് പ്രതി ഉൾപ്പെടെ  അഞ്ചു പേര്‍ അറസ്റ്റിൽ.
വേങ്ങല്‍ മുണ്ടപ്പള്ളിയില്‍ ശനിയാഴ്ച വൈകിട്ട് ആറിനാണ് സംഭവം. കാപ്പാ  കേസ് പ്രതി ആലംതുരുത്തി വാമനപുരം കന്യാക്കോണ്‍ തുണ്ടിയില്‍ വീട്ടില്‍ അലക്‌സ് എം. ജോര്‍ജ് (22), ഇയാളുടെ സംഘത്തില്‍ ഉള്‍പ്പെടുന്ന കൊട്ടാരം ചിറയില്‍ വീട്ടില്‍ ജോണ്‍സണ്‍ (20), എതിര്‍ സംഘത്തിലെ പെരുംതുരുത്തി നെടുംപറമ്പില്‍ വീട്ടില്‍ ഷിബു തോമസ് (28), കൊല്ലുകടവ് വടക്കേല്‍ വീട്ടില്‍ സച്ചിന്‍ (26), തെങ്ങനാംകുളം വീട്ടില്‍ വിഷ്ണു കുമാര്‍ (29) എന്നിവരാണ് അറസ്റ്റിലായത്.

ഗുണ്ടാ സംഘാംഗങ്ങളായ ഷിബു, സച്ചിന്‍ എന്നിവര്‍ക്ക് വെട്ടേറ്റു. എതിര്‍ സംഘത്തിലെ ജോണ്‍സണ് ഇരുമ്പ് പൈപ്പ് കൊണ്ട് തലയ്ക്ക് അടിയേറ്റു. കഞ്ചാവ് വില്‍പ്പന സംബന്ധിച്ച് അലക്‌സിന്റെയും ഷിബുവിന്റെയും സംഘങ്ങള്‍ തമ്മില്‍ കാലങ്ങളായി നീണ്ടുനിന്നിരുന്ന തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്.
മുണ്ടപ്പള്ളി കോളനിക്ക് സമീപം  കഞ്ചാവ് വില്‍പന സംബന്ധിച്ച് ഇരു സംഘങ്ങളും വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വടിവാള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ ഉപയോഗിച്ച് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു.  നാട്ടുകാര്‍ . വിവരമറിയിച്ചതിനെത്തുടർന്ന് സ്ഥലത്ത്  എത്തിയ ഇന്‍സ്‌പെക്ടര്‍ ബി.കെ. സുനില്‍ കൃഷ്ണന്റെ നേതൃത്വത്തില്‍ പോലീസ് സംഘം അഞ്ചു പേരെയും പിടികൂടുകയായിരുന്നു. പരുക്കേറ്റ മൂന്നു പേരെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കി.
പിടിയിലായ അഞ്ചുപേരും വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍  കേസുകളില്‍ പ്രതികളാണെന്ന് പോലീസ് പറഞ്ഞു. എസ്.ഐമാരായ പി.കെ. കവിരാജ്, ഹുമയൂണ്‍, എ.എസ്.ഐ അജി, സി.പി.ഓമാരായ ഷാനവാസ്, ജയകുമാര്‍, മാത്യു എന്നിവടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
https://www.sathyamonline.com/wp-content/uploads/2017/12/cropped-logoss-32×32.png

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed