അങ്കാറ: തുർക്കിയിൽ നിന്നും ഇന്ത്യയിലേക്ക് പുറപ്പെട്ട “ഗാലക്സി ലീഡർ’ എന്ന ചരക്ക് കപ്പൽ ചെങ്കടലിൽ വച്ച് യെമനിലെ ഹൂതി വിമതർ തട്ടിയെടുത്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള 50 ഓളം ജീവനക്കാരാണ് കപ്പലിലുള്ളത്. എന്നാൽ കപ്പലിൽ ഇന്ത്യക്കാർ ഉണ്ടോ എന്ന് വ്യക്തമല്ല.
ഒരു ബ്രിട്ടീഷ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള കപ്പൽ, നിലവിൽ ഒരു ജാപ്പനീസ് കമ്പനി പാട്ടത്തിന് എടുത്തിരിക്കുകയാണ്. കപ്പൽ തുറമുഖ നഗരമായ സാലിഫിലേക്ക് കൊണ്ടുപോയെന്നാണ് സൂചന.
അതേസമയം, സംഭവത്തിൽ പ്രതികരണവുമായി ഇസ്രയേൽ രംഗത്തെത്തി. തെക്കൻ ചെങ്കടലിൽ യെമന്‍ സമീപം ഹൂതികൾ ചരക്കുകപ്പൽ തട്ടിയെടുത്തത് വളരെ ഗുരുതരമായ സംഭവമാണ്.
തുർക്കിയിൽ നിന്നും ഇന്ത്യയിലേക്കാണ് കപ്പൽ പുറപ്പെട്ടത്. വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ കപ്പലിലുണ്ട്. ഇസ്രയേലികൾ ആരും കപ്പലിൽ ഇല്ല. ഇത് ഇസ്രായേലി കപ്പലല്ല.- ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.