ഇന്ത്യ-പാക് സംഘർഷ സാഹചര്യത്തിൽ ബ്ലാക്ക് ഔട്ട് മോക് ഡ്രിൽ; അടിയന്തര സാഹചര്യമുണ്ടായാൽ നേരിടാൻ തയ്യാറെടുപ്പ്
ചണ്ഡിഗഡ്: ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള സംഘർഷ സാഹചര്യങ്ങൾ നിലനിൽക്കെ അടിയന്തര സാഹചര്യം നേരിടാനുള്ള മോക്ക് ഡ്രിൽ നടത്തി കരസേന. പഞ്ചാബിലെ ഫിറോസ് പൂരിലാണ് ലൈറ്റുകൾ എല്ലാം അണച്ച് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തിയത്. രാത്രി അരമണിക്കൂറോളം ലൈറ്റുകൾ അണയ്ക്കുകയും അടിയന്തര സാഹചര്യം വന്നാൽ നേരിടാനുള്ള തയ്യാറെടുപ്പുകൾ പരീക്ഷിക്കുകയും ചെയ്തു.
രാത്രി 9 നും 9.30 നും ഇടയിലായിരുന്നു മോക് ഡ്രിൽ. പഞ്ചാബ് സ്റ്റേറ്റ് പവർ കോർപ്പറേഷൻ ലിമിറ്റഡ് (പിഎസ്പിസിഎൽ) 30 മിനിറ്റ് നേരത്തേക്ക് വൈദ്യുതി വിച്ഛേദിച്ചു. മുതിർന്ന ഉദ്യോഗസ്ഥരുടെ നിർദ്ദേശ പ്രകാരമായിരുന്നു മോക്ക് ഡ്രില്ലെന്ന് ഫിറോസ്പൂർ കാന്റ് പൊലീസ് സ്റ്റേഷനിലെ എസ്എച്ച്ഒ ഗുർജന്ത് സിംഗ് പറഞ്ഞു. ലൈറ്റുകൾ പൂർണമായും ഓഫ് ചെയ്തു. വാഹനങ്ങളുടെ ലൈറ്റും ഓഫാക്കി. പൂർണമായും ഇരുട്ടത്തായിരുന്നു മോക്ക് ഡ്രിൽ. എല്ലാ കവലകളിലും പൊലീസിനെ വിന്യസിച്ചിരുന്നു.
പരിശീലനം പതിവ് തയ്യാറെടുപ്പിന്റെ ഭാഗമാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും ഡെപ്യൂട്ടി കമ്മീഷണർ ദീപ്ശിഖ ശർമ്മ പറഞ്ഞു.അതീവ ജാഗ്രതയിലാണെന്നും ഏത് സാഹചര്യം വന്നാലും നേരിടാൻ സജ്ജമാണെന്നും ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു. അതിർത്തി സുരക്ഷാ സേന പട്രോളിംഗ് ശക്തമാക്കി. പഞ്ചാബ് പൊലീസ് മുൻകരുതൽ നടപടിയുടെ ഭാഗമായി പ്രധാന സ്ഥലങ്ങളിൽ ചെക്ക്‌പോസ്റ്റുകൾ സ്ഥാപിച്ചു.
അതേസമയം നിലവിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഐക്യരാഷ്ട്രസഭ രക്ഷാസമിതി യോഗം ചേരണമെന്ന് പാകിസ്ഥാൻ ആവശ്യപ്പെട്ടു. ഐക്യരാഷ്ട്ര രക്ഷാസമിതിയെ കാര്യങ്ങൾ ബോധ്യപ്പെടുത്തുമെന്ന് പാക് വിദേശകാര്യ മന്ത്രി ഇഷാക് ദർ വ്യക്തമാക്കി. നിയന്ത്രണ രേഖയിൽ പാക് പ്രകോപനം തുടരുകയാണ്. രാജ്യം ആഗ്രഹിക്കുന്ന തിരിച്ചടി ഉണ്ടാകുമെന്ന് ഇന്നലെ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് വ്യക്തമാക്കിയിരുന്നു.