കോഴിക്കോട്: സുപ്രീംകോടതി, ഹൈകോടതി ഉത്തരവുകൾക്കും സംസ്ഥാന സർക്കാറിന്റെ നിലപാടിനും എതിരെ വയനാട് ജില്ല കോടതിയിൽ ഹരജി (ഒ.എസ് 57/ 2025) നൽകി എൽസ്റ്റൻ എസ്റ്റേറ്റ് അധികൃതർ.
മേൽ കോടതികളെല്ലാം തള്ളിയ ഹരജിയുമായി കീഴ്കോടതിയെ സാധാരണ സമീപിക്കാറില്ല. ഹരജിയിൽ വിചിത്രമായ കാര്യങ്ങളാണ് അവതരിപ്പിച്ചിരിക്കുന്നതെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. സംസ്ഥാന സർക്കാറിന്റെ വയനാട്ടിലെ പുനരധിവാസ നടപടികളെ തടയുകയെന്ന ലക്ഷ്യത്തോടെയാണ് എസ്റ്റേറ്റ് അധികൃതരുടെ പുതിയ നീക്കമെന്നാണ് വിലയിരുത്തുന്നത്.
വയനാട്ടിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഭൂമി ഏറ്റെടുത്തതിൽ വില നിർണയം നടത്തണമെന്നാണ് ഹരജിയിൽ ആവശ്യപ്പെടുന്നത്. നട്ടുപിടിപ്പിച്ച 1950 സിൽവർ ഓക്ക് മരങ്ങൾ, 38 തേക്ക് മരങ്ങൾ, 23 റോസ് വുഡ്, 50 പ്ലാവ്, 200 കാപ്പി ചെടികൾ, 100 കുരുമുളക്, 300 തെങ്ങ്, 1975 കശുമാവ്, 500 മറ്റ് മരങ്ങൾ ഇവിടെയുണ്ട്. 82,53,07,0411 രൂപ വിലയുള്ള 4,04,479 തേയിലച്ചെടികൾ, 7,03,75,000 രൂപ വിലയുള്ള മരങ്ങൾ, 16,80,00,000 രൂപ വിലയുള്ള കെട്ടിടങ്ങൾ എന്നിവയുടെ വിശദവിവരങ്ങൾ അടങ്ങിയ പ്രോപ്പർട്ടിക്ക് മാർക്കറ്റ് വില നൽകാതെ കൈവശപ്പെടുത്താനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നത്. അതിനാൽ വിലനിർണയ കമീഷനെ നിയോഗിക്കണമെന്ന് എൽസ്റ്റൻ ഹരജിയിൽ ആവശ്യപ്പെടുന്നത്.
സർക്കാർ തേയില കുറ്റിക്കാടുകൾ നീക്കം ചെയ്യാനും ബംഗ്ലാവ്, ഓഫീസ് പരിസരം, ഫാക്ടറി, സ്റ്റാഫ് ക്വാർട്ടേഴ്‌സ് മുതലായവ ഒഴിപ്പിക്കാനുമുള്ള തിടുക്കത്തിലുള്ള പ്രവർത്തനങ്ങൾക്ക് ശ്രമിക്കുന്നു. സർക്കാർ ഭീഷണിപ്പെടുത്തി ഈ നടപടിയിൽ വിജയിച്ചാൽ അതിൻറെ വിപണി മൂല്യം തെളിയിക്കാൻ കഴിയില്ല. എസ്റ്റേറ്റ് ബംഗ്ലാവിലും മറ്റ് കെട്ടിടങ്ങളിലും ഫർണിച്ചറുകൾ മുതലായ ജംഗമ വസ്തുക്കളുണ്ട്.
ഫാക്ടറിയിൽ വിലപിടിപ്പുള്ള യന്ത്രസാമഗ്രികളുണ്ട്. ജീവനക്കാരുടെ ക്വാർട്ടേഴ്സിൽ സതീഷ് കുമാർ, രാജേഷ് കുമാർ, ശ്യാമള, റാസ്കുട്ടി, സിജു ടി.ടി എന്നിവരാണ് താമസിക്കുന്നത്. ഇവരെ പുറത്താക്കിയാൽ സ്റ്റാഫ് ക്വാർട്ടേഴ്സിൽ പ്രവേശിക്കാൻ കഴിയില്ല. നിലവിലെ പ്രോപ്പർട്ടികളുടെ സ്വഭാവവും അവസ്ഥയും സംബന്ധിച്ച് റിപ്പോർട്ട് ചെയ്യാൻ കമീഷനെ നിയോഗിക്കണമെന്നാണ് ആവശ്യം.
കേസ് വെക്കേഷൻ കോടതിയിലാണ് എത്തിയത്. സുപ്രീംകോടതിയും ഹൈകോടതിയും നൽകിയ ഉത്തരവിന് പരിഹാരം തേടിയാണ് ജില്ലാ കോടതിയിൽ എത്തിയതെന്നത് വിചിത്ര കാര്യമാണ്. നേരത്തെ ഹൈകോടതിയിൽ ഭൂമി ഏറ്റെടുക്കുന്നതിന് നഷ്ടപരിഹാരമായി 550 കോടിയോളം രൂപ ആവശ്യപ്പെട്ടുവെങ്കിലും കോടതി അത് അനുവദിച്ചില്ല. സർക്കാർ 43 കോടി രൂപ കെട്ടിവെച്ച് ഭൂമി ഏറ്റെടുക്കാമെന്ന് ഹൈകോടതി ഉത്തരവിട്ടു. ഈ ഹൈകോടതി ഉത്തരവിനെതിരെയാണ് എൽസ്റ്റൻ സുപ്രീംകോടതിയിൽ അപ്പീൽ നൽകിയത്. സുപ്രീംകോടതിയാകട്ടെ എൽസ്റ്റന്റെ അപ്പീൽ തള്ളുകയും ചെയ്തു.
ഹാരിസൺസ് അടക്കമുള്ളവർ 1947ന് മുമ്പ് വിദേശ കമ്പനികൾക്കും വ്യക്തികൾക്കും പാട്ടത്തിന് നൽകിയ ഭൂമിക്ക് വ്യാജ ആധാരം ഉണ്ടാക്കി സ്വന്തമാക്കിയെന്നാണ് സർക്കാർ സിവിൽ കോടതിയിൽ വാദിക്കുന്നത്. റവന്യൂ വകുപ്പ് മുൻ പ്രിൻസിപ്പൽ സെക്രട്ടറി നിവേദിത പി. ഹരൻ മുതൽ സ്പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യം വരെയുള്ളവരുടെ റിപ്പോർട്ടുകളുടെയും ഹൈകോടതി ഉത്തരവിൻറെയും പിൻബലത്തിലാണ് സർക്കാർ സിവിൽ കേസ് നൽകിയത്. ഭൂമിയിന്മേൽ എൽസ്റ്റന് ഉടമസ്ഥതയുണ്ടോ എന്ന് അന്വേഷിച്ചിട്ടല്ല ഹൈകോടതി നഷ്ടപരിഹാരമായി 43 കോടി നൽകാൻ ഉത്തരവായത്.
2005ലെ ദുരന്തനിവാരണ നിയമം അനുസരിച്ചാണ് പുനരധിവാസത്തിന് സർക്കാർ ഭൂമി ഏറ്റെടുക്കാൻ തീരുമാനിച്ചത്. സിവിൽ കോടതിക്ക് ഈ ഭൂമി ഏറ്റെടുക്കലിൽ ഇടപെടാൻ ആകില്ല. അതുപോലെ 2013ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരവും ഇവിടെ സിവിൽ കോടതിക്ക് ഇടപെടാൻ കഴിയില്ലെന്നാണ് നിയമവിദഗ്ധർ പറയുന്നത്. എന്നാൽ, സിവിൽ കോടതിയിൽ നിന്ന് ഇഞ്ചക്ഷൻ ഉത്തരവ് ഉണ്ടാവണമെന്നാണ് എൽസ്റ്റൻ ആവശ്യപ്പെടുന്നത്. വിലനിർണയിക്കാൻ കമീഷനെ നിയോഗിക്കാൻ കീഴ്കോടതിയിൽ നിന്ന് ഉത്തരവ് ലഭിക്കും എന്ന പ്രതീക്ഷയിലാണ് ഹരജി നൽകിയിരിക്കുന്നത്.
സർക്കാറിന്റെ പുനരധിവാസ പ്രവർത്തനങ്ങൾക്ക് തുരങ്കം വെക്കനാണ് കേസ് നൽകിയതെന്നാണ് നിയമ വിദഗ്ധർ പറയുന്നത്. ഒമ്പത് ആധാരങ്ങൾ ഹാജരാക്കിയതിൽ മൂന്ന് ആധാരത്തിൽ ഭൂമിയിന്മേൽ ജന്മാവകാശം ഉണ്ടെന്നുപോലും എൽസ്റ്റൻ അവകാശപ്പെടുന്നു. 1947ന് മുമ്പ് പാട്ടത്തിന് നൽകിയ വിദേശ തോട്ടം ഭൂമിക്കുമേൽ ഇപ്പോഴത്തെ ഉടമകൾക്ക് അവകാശം ലഭിച്ചത് എങ്ങനെയെന്ന ചോദ്യം സർക്കാറിന് കോടതിയിൽ ഉന്നയിക്കാനുള്ള അവസരമാണ് ഇതോടെ ലഭിച്ചിരിക്കുന്നത്.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg

By admin

Leave a Reply

Your email address will not be published. Required fields are marked *

You missed