കോയമ്പത്തൂർ ∙ ദുബായിൽ ട്രാവൽസ് നടത്തിപ്പുകാരനായ യുവാവിനെ കോയമ്പത്തൂരിലെത്തിച്ച് കോഴിക്കറിയിൽ ഉറക്കമരുന്നു കലർത്തി നൽകി കാമുകിയും കുടുംബവും ചേർന്നു കൊലപ്പെടുത്തി. തിരുവാരൂർ ജില്ലയിലെ വിളാത്തൂർ നോർത്ത് തെരുവിലെ ശിഖാമണി (47) ആണു കൊല്ലപ്പെട്ടത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ പ്രധാന പ്രതി തൂത്തുക്കുടി ജില്ലയിലെ ശ്രീവൈകുണ്ഠം ശിവകള സ്വദേശി ത്യാഗരാജൻ (69) കോയമ്പത്തൂർ ജെഎം കോടതിയിൽ കീഴടങ്ങി. കോയമ്പത്തൂർ ഗാന്ധിമാനഗർ സ്വദേശിനി ശാരദ (45), അമ്മ ഗോമതി, സഹോദരി നിലാ, ഗോമതിയുടെ സുഹൃത്ത് ത്യാഗരാജൻ, ത്യാഗരാജന്റെ സഹായിയും തിരുനെൽവേലിയിലെ ഗുണ്ടാസംഘത്തിലെ അംഗവുമായ കുട്ടിതങ്കം എന്ന പുതിയവൻ എന്നിവരാണ് ശിഖാമണിയുടെ മരണവുമായി ബന്ധപ്പെട്ട് പ്രതിപ്പട്ടികയിലുള്ളത്.
ഭർത്താവ് മരിച്ചതിനെത്തുടർന്ന് ജോലിതേടിപ്പോയ ശാരദ ദുബായിൽവച്ചാണ് അവിടെ 20 വർഷമായി ട്രാവൽസ് നടത്തുന്ന ശിഖാമണിയെ പരിചയപ്പെടുന്നത്. ഇവർക്കിടയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഒന്നിച്ചായിരുന്നു താമസം. ഏപ്രിൽ 21നു നാട്ടിലേക്കു മടങ്ങാൻ ശിഖാമണി തീരുമാനിച്ചു. യാത്രയ്ക്കു മുൻപായി പണം സംബന്ധിച്ചുള്ള തർക്കത്തിൽ ശാരദയെ ശിഖാമണി മർദിച്ചു.
കോയമ്പത്തൂരിലുള്ള അമ്മ ഗോമതിയോട് ശാരദ ഇക്കാര്യം പറഞ്ഞിരുന്നു. ഗോമതിയുടെ സുഹൃത്തായ ത്യാഗരാജൻ കോയമ്പത്തൂരിൽ ഇവർക്കൊപ്പാമാണു കഴിഞ്ഞിരുന്നത്. മകളെ ശിഖാമണി മർദിച്ച കാര്യം ഗോമതി ത്യാഗരാജനോട് പറഞ്ഞു. തുടർന്ന് ത്യാഗരാജനാണ് കൊലപാതത്തിനുള്ള ആസൂത്രണം നടത്തിയത്. ഇതിനായി ശിഖാമണിയെ കോയമ്പത്തൂരിൽ എത്തിക്കാൻ ത്യാഗരാജൻ നിർദേശം നൽകി.
ഏപ്രിൽ 21ന് ശാരദയോടൊപ്പം ശിഖാമണിയും കോയമ്പത്തൂരിലെത്തി. ഗോമതി വിമാനത്താവളത്തിലെത്തി ശിഖാമണിയെ സ്വീകരിച്ച് വീട്ടിലേക്കു കൊണ്ടുപോയി. രാത്രി സൽക്കരിക്കുന്നതിനിടെ കോഴിയിറച്ചിയിലും മദ്യത്തിലുമായി മുപ്പതോളം ഉറക്കഗുളികകൾ കലർത്തി നൽകിയെന്നു ത്യാഗരാജൻ പൊലീസിനു മൊഴി നൽകി. അബോധാവസ്ഥയിലായ ശിഖാമണിയെ ത്യാഗരാജനും പുതിയവനും ചേർന്ന് നെഞ്ചത്തു ചവിട്ടി. മരണം ഉറപ്പാക്കിയശേഷം കാറിൽ കരൂർ പൊന്നമരാവതി ക.പരമത്തി വനത്തിൽ ഉപേക്ഷിച്ചു.
മൃതദേഹം ഉപേക്ഷിച്ച് വരുന്ന വഴി ശാരദ തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ നിന്നു ദുബായിലേക്കും പുതിയവൻ തിരുനെൽവേലിയിലേക്കും ത്യാഗരാജൻ കോയമ്പത്തൂരിലേക്കും തിരിച്ചു. ഇതിനിടെ ക.പരമത്തി പൊലീസ് അജ്ഞാത മൃതദേഹം കണ്ടെത്തുകയും ആളെക്കുറിച്ച് വിവരം ലഭിക്കാത്തതിനെത്തുടർന്ന് സംസ്കരിക്കുകയും ചെയ്തു. അതേസമയം ശിഖാമണി നാട്ടിൽ എത്താത്തതിനെത്തുടർന്ന് ദുബായിൽ അന്വേഷിച്ചെങ്കിലും കോയമ്പത്തൂരിലേക്ക് പുറപ്പെട്ടതായി വിവരം ലഭിച്ച ഭാര്യ പ്രിയ വിമാനത്താവളം പൊലീസിന്റെ ചുമതലയുള്ള പീളമേട് സ്റ്റേഷനിൽ പരാതിപ്പെട്ടതോടെ അന്വേഷണം ഊർജിമാക്കുകയും പ്രത്യേക അന്വേഷണസംഘം കേസ് ഏറ്റെടുക്കുകയും ചെയ്തു. തുടർന്ന് ത്യാഗരാജൻ ഏപ്രിൽ 30ന് കോടതിയിൽ കീഴടങ്ങി. ഒളിവിൽ പോയ ഗോമതി, നിലാ, പുതിയവൻ എന്നിവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. ശാരദയെ നാട്ടിലേക്ക് എത്തിക്കാനും ശ്രമം തുടങ്ങി.
https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg