‘കേരളം വിട്ടാലോന്ന് തോന്നുന്നു, നമുക്ക് യാതൊരു സേഫ്റ്റിയും ഇല്ലാത്ത അവസ്ഥ’; ആശങ്ക പങ്കുവച്ച് നടന്‍ നിഹാൽ

ഹരി ഉപയോ​ഗ കേസുകൾ ദിനംപ്രതി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ തനിക്കുണ്ടായൊരു അനുഭവം പങ്കുവച്ച് നടനും ട്രാവലറുമായ നിഹാൽ പിള്ള. മൂന്ന് വർഷം ലഹരി ഉപയോ​ഗിക്കുന്ന ആൾക്കൊപ്പമായിരുന്നു താമസിച്ചിരുന്നതെന്നും ഇന്നയാൾ ജീവിതത്തിന്റെ അവസാന നാളുകളിലാണെന്നും നിഹാൽ പറയുന്നു. കേരളത്തിന് ഒരുപാട് പോരായ്മകളുണ്ടെങ്കിലും നമ്മുടെ നാടിനെ ഉയർത്തിക്കൊണ്ട് വരണമെന്ന ചിന്ത ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ കേരളം കാണുമ്പോൾ വേറെ എവിടേലും പോയി താമസിച്ചാലോന്ന് പോലും ചിന്തിച്ച് പോകുന്നെന്നും നിഹാൽ പറഞ്ഞു. കേരളം പോലെ നൂറ് ശതമാനം സാക്ഷരതയുള്ള സംസ്ഥാനത്ത് ലഹരി ഉപയോ​ഗം വ്യാപകമാണെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്. 

“പതിനഞ്ച് വർഷങ്ങൾക്ക് മുൻപ് ഉണ്ടായിട്ടുള്ളൊരു കാര്യമാണ് പറയുന്നത്. മൂന്ന് വർഷത്തോളം ലഹരിക്ക് അടിമയായ വ്യക്തിക്കൊപ്പം ഞാൻ ജീവിച്ചു. അയാളുടെ പേര് വിവരങ്ങളൊന്നും പറയാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. കഞ്ചാവായിരുന്നു അയാൾ ഉപയോ​ഗിച്ചിരുന്നത്. ബിസിനസ് ഫാമിലിയിലെ ആളായിരുന്നു. നല്ലൊരു ബിസിനസ് മാനാകേണ്ടിയിരുന്ന വ്യക്തി ഇന്ന് അയാളുടെ ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചികിത്സയ്ക്ക് പോലും അയാളുടെ കയ്യിൽ പണമില്ല. മദ്യത്തിനും പുകവലിക്കും അയാൾ അടിമയായിരുന്നു. ഇപ്പോൾ ഒന്നുമില്ലാത്ത ആളായി”, എന്ന് നിഹാൽ പറയുന്നു. പണവും അവസരവും ഉണ്ടായിരുന്നിട്ട് കൂടി ലഹരി ഉപയോ​ഗിക്കാൻ ഇതുവരെ തനിക്ക് തോന്നിയിട്ടില്ലെന്നും നിഹാൽ പറയുന്നുണ്ട്. 

“ഒരുപാട് പോരായ്മകൾ കേരളത്തിലുണ്ട്. എന്നിരുന്നാലും നമ്മുടെ നാടാണ് ഒരുമിച്ച് നിന്ന് നാടിനെ ഉയർത്തികൊണ്ട് വരണമെന്ന് ഞാൻ ചിന്തിച്ചിരുന്നു. പക്ഷേ ഇപ്പോഴത്തെ കേരളത്തിൽ കുഞ്ഞിനോ നമുക്കോ യാതൊരു തരത്തിലുമുള്ള സേഫ്റ്റി ഇല്ലാത്ത അവസ്ഥ. ഇവിടെ നിന്നും വേറെ എവിടേലും പോയി താമസിച്ചാലോന്ന് പോലും തോന്നിപ്പോകുന്നു”, എന്നും നിഹാൽ പറയുന്നുണ്ട്. 

പണ്ട് മദ്യത്തിലൂടെ ലഹരി കണ്ടെത്തിയിരുന്നുവെങ്കിലും ഇന്ന് ​ഡ്ര​ഗ്സിലൂടെയാണ് യൂത്ത് കടന്നുപോകുന്നത്. മാതാപിതാക്കൾക്ക് മാത്രമെ പരിഹാരം കാണാൻ പറ്റുള്ളൂ. കുട്ടികളുമായി ആശയവിനിമയം ഉണ്ടാകണം. ബോധവത്ക്കരിക്കുക. കുട്ടികൾക്കൊരു മാതൃകയാവണമെന്നും നിഹാൽ പറയുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..

By admin

You missed