ബന്ധുവിന്റെ പോസ്റ്റുമോർട്ടത്തിനായി പൊലീസിനൊപ്പം യാത്ര, വഴിയിൽ ടയർ പൊട്ടിത്തെറിച്ചു; യാത്രക്കാ‍ർ രക്ഷപ്പെട്ടു

ചാരുംമൂട്: ടയർ പൊട്ടി നിയന്ത്രണം വിട്ട ഇന്നോവ കാർ തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.  ബന്ധുവിന്റെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ട് ആലപ്പുഴ മെഡിക്കൽ കോളേജിലേക്ക് പോയവരും രണ്ട് പോലീസുകാരുമടക്കം 7 പേരാണ് കാറിലുണ്ടായിരുന്നത്. ഒരാൾക്ക് നിസാര പരിക്കേറ്റു. 

കൊല്ലം – തേനി ദേശീയ പാതയിൽ ചാരുംമൂടിനും താമരക്കുളത്തിനും മദ്ധ്യയേയുള്ള പെട്രോൾ പമ്പിനു സമീപം ഇന്ന് രാവിലെ 9.30 ഓടെയായിരുന്നു അപകടമുണ്ടായത്. ചവറ താമരശ്ശേരിൽ ശ്യാം (27) നാണ് പരിക്കേറ്റത്. സമീപമുള്ള സ്വകാര്യാശുപത്രിയിൽ ശ്യാമിന് ചികിത്സ നൽകി. ശ്യാമിന്റെ മാതൃ സഹോദരൻ ശാസ്താംകോട്ട പതാരം സ്വദേശി അനീഷിന്റെ പോസ്റ്റുമോർട്ടവുമായി ബന്ധപ്പെട്ടാണ് സംഘം യാത്ര ചെയ്തത്.

ഓടിക്കൊണ്ടിരുന്ന കാറിന്റെ  മുൻവശത്ത് വലതുഭാഗത്തെ ടയർ പൊട്ടിത്തെറിച്ചതോടെ എതിർ വശത്തെ പുരയിടത്തിലേക്ക് വാഹനം പാഞ്ഞുകയറുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. റോഡരുകിലെ മരത്തിലിടിച്ച ശേഷം കാർ തലകീഴായി മറിഞ്ഞു. കാറിന്റെ പിൻഭാഗം ഉയർന്ന നിലയിലായിരുന്നു. പിൻഭാഗത്തുകൂടി യാത്രക്കാർക്ക് പെട്ടെന്ന് പുറത്തേക്കിറങ്ങാൻ കഴിഞ്ഞത് ആശ്വാസമായി. ശൂരനാട് പൊലീസ് സ്റ്റേഷനിലെ രണ്ടു പൊലീസുദ്യോസ്ഥരാണ് ഇവർക്കൊപ്പമുണ്ടായിരുന്നത്. പിന്നീട് മറ്റൊരു കാറിലാണ് ഇവർ ആലപ്പുഴയ്ക്ക് പോയത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം…

By admin

You missed