വമ്പൻ പദ്ധതികൾ; വയനാട് ജില്ലയിൽ 3,110 കോടി രൂപയുടെ നിക്ഷേപം വരും: മന്ത്രി പി. രാജീവ്
ടൂറിസത്തിന് പുറമെ സംരംഭകത്വത്തിലും വയനാട് മെച്ചപ്പെട്ട പ്രകടനം നടത്തുകയാണെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. സംസ്ഥാന സർക്കാർ ഓരോ ജില്ലകൾക്കും സംരംഭകത്വത്തിന് കണക്കാക്കിയ ലക്ഷ്യത്തിൽ ആദ്യം 100% എത്തിയ ജില്ല വയനാട് ആണെന്ന് മന്ത്രി പറഞ്ഞു. ഈ ലക്ഷ്യം സ്ഥാപിച്ച ആദ്യ വർഷം തന്നെ 715.92 കോടി രൂപയുടെ നിക്ഷേപം വയനാട് കൈവരിച്ചു. മൊത്തം 20,445 പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. ഇത് പ്രാദേശികമായി തന്നെ ഉണ്ടായ നിക്ഷേപമാണ് – മന്ത്രി പറഞ്ഞു.
രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ നാലാം വാർഷിക പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിൽ സംഘടിപ്പിച്ച “എന്റെ കേരളം” പ്രദർശന വിപണന മേളയുടെ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി പി. രാജീവ്.
വയനാട് ജില്ലയിൽ ഒരു കോടി രൂപയ്ക്ക് മുകളിലുള്ള 13 പദ്ധതികളിലായി 241 കോടി രൂപയുടെ നിക്ഷേപം ഇപ്പോൾ തന്നെയുണ്ടെന്ന് മന്ത്രി കണക്കുകൾ നിരത്തി പറഞ്ഞു. 578 പുതിയ തൊഴിൽ അവസരങ്ങളും സൃഷ്ടിക്കാനായി. ഒരു ഫൈവ് സ്റ്റാർ ഹോട്ടൽ, പാൽ ഉൽപ്പന്ന കമ്പനി, കേന്ദ്ര സർക്കാരുമായി ചേർന്ന് സംസ്ഥാനം നടപ്പിലാക്കുന്ന 200 കോടി രൂപയുടെ അഗ്രോ ക്ലസ്റ്റർ തുടങ്ങിയ പദ്ധതികൾ ജില്ലയിൽ ഉടൻ വരും. ഇതുൾപ്പെടെ 15 പദ്ധതികളിലായി 3,110 കോടി രൂപയുടെ നിക്ഷേപം പ്രതീക്ഷിക്കുന്നതായും മന്ത്രി പറഞ്ഞു.
45 കോടി രൂപ മുതൽമുടക്കിൽ നിർമ്മിച്ച തീം പാർക്ക് പ്രവർത്തനം തുടങ്ങി. കൂടാതെ 6.5 കോടി രൂപയുടെ വെൽനസ് സെന്ററും ഉദ്ഘാടനം ചെയ്തു. – പുതുതായി ഉദ്ഘാടനം ചെയ്ത പദ്ധതികൾ മന്ത്രി പരാമർശിച്ചു.
വമ്പൻ പദ്ധതിയായി സർക്കാർ കണക്കാക്കുന്ന കാർബൺ ന്യൂട്രൽ കോഫി പാർക്കിനായി കൽപ്പറ്റയിൽ 19 ഏക്കർ ഭൂമി രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിന്റെ നിർമ്മാണം ജൂണിൽ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു. കോഫി പ്രോസസിങ്ങിനൊപ്പം ടൂറിസംകൂടെ ചേരുന്ന പദ്ധതിയാണിത്. പദ്ധതി പ്രദേശത്തുള്ള തടാകം ടൂറിസത്തിനായി ഉപയോഗിക്കും. നടപ്പാത, കാപ്പി കുടിക്കൽ എക്സ്പീരിയൻസ്, മ്യൂസിയം, ഫാക്ടറി സന്ദർശനം എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കും.
കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാൻ സർക്കാർ സംഘടിപ്പിച്ച സംരംഭക സംഗമങ്ങളിലൂടെ 196,000 കോടി രൂപയുടെ വാഗ്ദാനം ലഭിച്ചതായി മന്ത്രി പറഞ്ഞു. 13 പദ്ധതികൾക്ക് തറക്കല്ലിട്ടു കഴിഞ്ഞു. മൂന്നു പദ്ധതികൾ പൂർത്തിയായി. പൊതുജനങ്ങൾക്കും നിരീക്ഷിക്കാൻ കഴിയുന്ന ഡാഷ് ബോർഡ് ഈ പദ്ധതികൾക്കായി തയാറാക്കിയിട്ടുണ്ട്. ഓരോ മാസവും പദ്ധതികളുടെ പുരോഗതിയും പങ്കിടുമെന്ന് മന്ത്രി പറഞ്ഞു.
കൽപ്പറ്റ എസ്.കെ.എം.ജെ സ്കൂൾ മൈതാനത്താണ് ഏഴ് ദിവസം നീണ്ട “എന്റെ കേരളം” പ്രദർശനമേള സംഘടിപ്പിച്ചത്. പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം ഏർപ്പെടുത്തിയ പരിപാടിയിൽ 69 വാണിജ്യ സ്റ്റാളുകളിലായി സംരംഭങ്ങൾക്ക് പ്രദർശനത്തിനും വിൽപ്പനയ്ക്കുമുള്ള അവസരം ഉണ്ടായിരുന്നു. മൊത്തം 10.42 ലക്ഷം രൂപയുടെ വിൽപ്പനയാണ് മേളയിൽ നടന്നതെന്ന് മന്ത്രി പറഞ്ഞു. ഏറ്റവും അധികം വിൽപ്പന നടത്തിയത് വയനാട് ഹാൻഡ്ലൂം പവർലൂം മൾട്ടിപർപ്പസ് വ്യവസായ സഹകരണസംഘമാണ്.