കൊല്‍ക്കത്ത – ഈഡന്‍ ഗാര്‍ഡന്‍സിലെ ത്രില്ലിംഗ് സെമിഫൈനലില്‍ ദക്ഷിണാഫ്രിക്കക്ക് പതിവുപോലെ കാലിടറിയതോടെ ലോകകപ്പിന് ബമ്പര്‍ ഫൈനല്‍. 10 കളികളും ജയിച്ച ഇന്ത്യയെ അഹമ്മദാബാദിലെ കലാശപ്പോരില്‍ നേരിടാന്‍ എട്ട് കളികള്‍ ജയിച്ച് ഓസ്‌ട്രേലിയ ഒരുങ്ങി. അവസാന ഘട്ടത്തില്‍ പിരിമുറുക്കം കൊടുമുടി കയറിയ രണ്ടാം സെമിഫൈനലില്‍ അവര്‍ ദക്ഷിണാഫ്രിക്കയെ 16 പന്ത് ശേഷിക്കെ മൂന്നു വിക്കറ്റിന് തോല്‍പിച്ചു. ഡേവിഡ് മില്ലറുടെ സെഞ്ചുറി ഇല്ലായിരുന്നുവെങ്കില്‍ കളി ഇത്ര നീട്ടാന്‍ ദക്ഷിണാഫ്രിക്കക്ക് സാധിക്കില്ലായിരുന്നു. സ്‌കോര്‍: ദക്ഷിണാഫ്രിക്ക 49.4 ഓവറില്‍ 212, ഓസ്‌ട്രേലിയ 47.2 ഓവറില്‍ ഏഴിന് 215.
ആദ്യ എഴുപത്തഞ്ചോവറും ഓസീസിന്റെ കൈയിലായിരുന്ന കളി പൊടുന്നനെയാണ് ഇഞ്ചോടിഞ്ചായി മാറിയത്. എതിരാളികളെ ചെറിയ സ്‌കോറില്‍ പുറത്താക്കിയ ശേഷം അതിവേഗം ഓസീസ് മറുപടി തുടങ്ങിയിരുന്നു. എന്നാല്‍ സ്പിന്നര്‍ തബ്‌രൈസ് ശംസിയുടെ ഇരട്ടപ്രഹരത്തില്‍ അഞ്ചിന് 137 ലേക്ക് ഓസീസ് തകര്‍ന്നതോടെ കളി മുറുകി. എങ്കിലും സ്റ്റീവ് സ്മിത്തും (62 പന്തില്‍ 30) ജോഷ് ഇന്‍ഗ്ലിസും (49 പന്തില്‍ 28) ആറാം വിക്കറ്റിലെ 38 റണ്‍സ് കൂട്ടുകെട്ടിലൂടെ ഓസീസിന്റെ ആശങ്കയകറ്റി. പക്ഷെ പൊടുന്നനെ ആവേശം കയറി ജെറാള്‍ഡ് കീറ്റ്‌സിയെ സ്മിത്ത് അടിച്ചുയര്‍ത്തുകയും വിക്കറ്റ് വലിച്ചെറിയുകയും ചെയ്തു. അതോടെ പിരിമുറുക്കം പാരമ്യത്തിലെത്തി. ഇന്‍ഗ്ലിസിനെയും കീറ്റ്‌സി തന്നെ ബൗള്‍ഡാക്കി. പലതവണ തലനാരിഴക്ക് രക്ഷപ്പെട്ടെങ്കിലും പെയ്‌സ്ബൗളര്‍മാരായ മിച്ചല്‍ സ്റ്റാര്‍ക്കും (38 പന്തില്‍ 16 നോട്ടൗട്ട്) ക്യാപ്റ്റന്‍ പാറ്റ് കമിന്‍സുമാണ് (29 പന്തില്‍ 14 നോട്ടൗട്ട്) ഒടുവില്‍ ഓസീസിനെ ലക്ഷ്യം കടത്തിയത്. നോബോളിനുള്ള ഫ്രീഹിറ്റില്‍ സ്റ്റാര്‍ക്കിനെ കീറ്റ്‌സി ബൗള്‍ഡാക്കിയിരുന്നു. ഒമ്പത് റണ്‍സ് വേണമെന്നിരിക്കെ കമിന്‍സിനെ ക്വിന്റന്‍ ഡികോക്ക് കൈവിട്ടു. ഒടുവില്‍ അയ്ദന്‍ മാര്‍ക്‌റമിനെ ബൗണ്ടറി കടത്തി കമിന്‍സാണ് വിജയം പൂര്‍ത്തിയാക്കിയത്. 
മാര്‍നസ് ലാബുഷൈനെയും അഫ്ഗാനിസ്ഥാനെതിരായ വിജയത്തിലെ ഹീറോ ഗ്ലെന്‍ മാക്‌സ്‌വെലിനെയും (1) ശംസി പുറത്താക്കിയതോടെയാണ് ആന്റി ക്ലൈമാക്‌സായി മാറുകയായിരുന്ന കളി ക്ലാസിക്കായി രൂപം പ്രാപിച്ചത്. പിന്നീട് ഓരോ റണ്ണിനും ഇരു ടീമുകളും പൊരുതി. 
ആ തുടക്കം ഗുണമായി 
ഡേവിഡ് വാണര്‍ നാല് സിക്‌സറും ഒരു ബൗണ്ടറിയും പായിച്ചതോടെ ഓസീസ് അതിവേഗം മറുപടി തുടങ്ങി. ആറോവറില്‍ ട്രാവിസ് ഹെഡും (48 പന്തില്‍ 62, 6-2, 4-9) വാണറും (18 പന്തില്‍ 29, 6-4, 4-1) 60 റണ്‍സ് അടിച്ചെടുത്തു. വാണറും മിച്ചല്‍ മാര്‍ഷും (0) തുടരെ പുറത്തായതൊന്നും ഓസീസിന്റെ മുന്നേറ്റത്തെ ബാധിച്ചില്ല. ഹെഡിനെ പതിനഞ്ചാം ഓവറില്‍ കേശവ് മഹാരാജ് ബൗള്‍ഡാക്കുമ്പോഴേക്കും ഓസീസ് പാതിവഴി പിന്നിട്ടിരുന്നു. 
പിന്നീടാണ് ദക്ഷിണാഫ്രിക്ക കളിയിലേക്ക് വന്നത്. മാര്‍നസ് ലാബുഷൈനെ (31 പന്തില്‍ 18, 4-2) ശംസി വിക്കറ്റിന് മുന്നില്‍ കുടുക്കി. അടുത്ത ഓവറില്‍ മാക്‌സ്‌വെലിനെ ബൗള്‍ഡാക്കി. 20 റണ്‍സെങ്കിലും കൂടുതല്‍ നേടിയിരുന്നുവെങ്കില്‍ വിജയം കാണാന്‍ ഓസീസിന് വിയര്‍ക്കേണ്ടി വരുമായിരുന്നു. 
തീരുമാനം പിഴച്ചു 
ആദ്യം ബാറ്റ് ചെയ്യലാണ് തങ്ങളുടെ ശക്തിയെന്ന് പറഞ്ഞ് മൂടിക്കെട്ടിയ കൊല്‍ക്കത്തയില്‍ ടോസ് നേടിയ ശേഷം ബാറ്റിംഗ് തെരഞ്ഞെടുത്തതോടെ ദക്ഷിണാഫ്രിക്കയുടെ കഥ തീരുമാനമായി. കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടിയ കൊല്‍ക്കത്തയില്‍ ഓസീസ് പെയ്‌സര്‍മാരായ സ്റ്റാര്‍ക്കും ജോഷ് ഹെയ്‌സല്‍വുഡും അവരെ മുള്‍മുനയില്‍ നിര്‍ത്തി. 11.5 ഓവറില്‍ നാലിന് 24 ലേക്ക് ദക്ഷിണാഫ്രിക്ക കൂപ്പുകുത്തി. ഡേവിഡ് മില്ലര്‍ (116 പന്തില്‍ 101, 6-5, 4-8) പൊരുതിനിന്നതിനാല്‍ മാത്രമാണ് 200 കടക്കാന്‍ ദക്ഷിണാഫ്രിക്കക്കു സാധിച്ചത്. 
ഹൊറര്‍ ഷോ
പരിക്ക് പൂര്‍ണമായി മാറിയിട്ടില്ലെങ്കിലും കളിക്കുന്നുവെന്നാണ് ടോസ് വേളയില്‍ ക്യാപ്റ്റന്‍ തെംബ ബവൂമ പറഞ്ഞത്. ബവൂമക്ക് (0) ആദ്യ ഓവര്‍ പോലും അതിജീവിക്കാനായില്ല. സ്റ്റാര്‍ക്കിന്റെ ആറാമത്തെ പന്തില്‍ ക്യാപ്റ്റനെ വിക്കറ്റ്കീപ്പര്‍ പിടിച്ചു. അഞ്ചോവറില്‍ എട്ട് റണ്‍സ് മാത്രമാണ് ദക്ഷിണാഫ്രിക്കക്ക് നേടാനായത്. ആറാം ഓവറില്‍ ഹയ്‌സല്‍വുഡാണ് ക്വിന്റന്‍ ഡികോക്കിന്റെ ദുരിതം (14 പന്തില്‍ 3) ദുരിതം അവസാനിപ്പിച്ചത്. പത്തോവറില്‍ സ്‌കോര്‍ രണ്ടിന് 18. തുടര്‍ച്ചയായ ഓവറുകളില്‍ റാസി വാന്‍ഡര്‍ഡസനും (6) അയ്ദന്‍ മാര്‍ക്‌റമും (10) മടങ്ങിയതോടെ ഓസീസിന്റെ ടോപ് ക്ലാസ് ബൗളിംഗിനും പിഴവറ്റ ക്ലോസ് ഫീല്‍ഡിംഗിനും മുന്നില്‍ ദക്ഷിണാഫ്രിക്ക വിരണ്ടു. 
ചാറ്റല്‍ മഴ കാരണം കളി മുക്കാല്‍ മണിക്കൂര്‍ നിര്‍ത്തിയപ്പോഴാണ് അവര്‍ സമനില വീണ്ടെടുത്തത്. ഹയ്ന്‍ റിക് ക്ലാസനും (48 പന്തില്‍ 47) മില്ലറും അഞ്ചാം വിക്കറ്റില്‍ 95 റണ്‍സ് കൂട്ടുകെട്ടോടെ പ്രതീക്ഷ നല്‍കി. പാര്‍ട് ടൈം സ്പിന്നര്‍ ട്രാവിസ് ഹെഡിനെ വിളിച്ചാണ് ഓസ്‌ട്രേലിയ ഈ കൂട്ടുകെട്ട് തകര്‍ത്തത്. ക്ലാസനെയും മാര്‍ക്കൊ യാന്‍സനെയും (0) തുടര്‍ച്ചയായ പന്തുകളില്‍ ഹെഡ് പുറത്താക്കി. 
കീറ്റ്‌സിയുമൊത്ത് (39 പന്തില്‍ 19) ഏഴാം വിക്കറ്റില്‍ മില്ലര്‍ 53 റണ്‍സ് ചേര്‍ത്തു. നിര്‍ഭാഗ്യമാണ് കീറ്റ്‌സിയുടെ പുറത്താകലിന് കാരണം. സ്റ്റാര്‍ക്കിന്റെ ബോള്‍ കീറ്റ്‌സിയുടെ ബാറ്റില്‍ സ്പര്‍ശിക്കാതെയാണ് വിക്കറ്റ്കീപ്പര്‍ പിടിച്ചതെന്ന് റീപ്ലേ തെളിയിച്ചെങ്കില്‍ റിവ്യൂ ചെയ്യാതെ ബാറ്റര്‍ ക്രീസ് വിട്ടു. 
നാല്‍പത്തെട്ടാം ഓവറില്‍ എതിര്‍ നായകന്‍ പാറ്റ് കമിന്‍സിനെ സിക്‌സറിനുയര്‍ത്തി മില്ലര്‍ സെഞ്ചുറി തികച്ചു. അടുത്ത പന്തില്‍ അതേ ഷോട്ടിന് ശ്രമിച്ച് സ്‌ക്വയര്‍ലെഗ് ബൗണ്ടറിയില്‍ പിടികൊടുത്തു. 
പെയ്‌സ്ബൗളര്‍മാരായ സ്റ്റാര്‍ക്കും (10-1-34-3) കമിന്‍സും (9.4-0-51-3) ജോഷ് ഹെയ്‌സല്‍വുഡും (8-3-12-2) എട്ട് വിക്കറ്റ് പങ്കുവെച്ചു. ഹെഡിനാണ് (5-0-21-2) അവശേഷിച്ച വിക്കറ്റ്. സ്പിന്നര്‍ ആഡം സാംപയെ (7-0-55-0) ആറു തവണ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാര്‍ സിക്‌സറിനുയര്‍ത്തി.
 
2023 November 16Kalikkalamtitle_en: Cricket World Cup 2023 – Semi-Final – South Africa v Australia

By admin

Leave a Reply

Your email address will not be published. Required fields are marked *