ന്യൂദല്‍ഹി – യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയക്ക് നല്‍കി വരുന്ന സഹായം തുടരുമെന്ന് വിദേശകാര്യ മന്ത്രാലയം. നിലവില്‍ നയതന്ത്രതലത്തില്‍ സഹായം നല്‍കി വരുന്നുണ്ടെന്നും അത് തുടരുമെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു. യെമനിലെ നിയമപ്രശ്‌നമായതിനാല്‍ ഇടപെടുന്നതിന് ഇന്ത്യക്ക് പരിമിതിയുണ്ട്. നിമിഷപ്രിയയുടെ അപ്പീല്‍ യെമന്‍ സുപ്രിംകോടതി തള്ളിയതായി വിവരം ലഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി. എങ്കിലും എല്ലാവിധത്തിലും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണെന്നും വിദേശകാര്യ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.
നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായ അപ്പീല്‍ യെമന്‍ സുപ്രീംകോടതി തള്ളിയതായി രാവിലെ കേന്ദ്ര സര്‍ക്കാര്‍ ദൽഹി ഹൈക്കോടതിയെ അറിയിച്ചിരുന്നു. മാതാവ് ദ ല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹരജി പരിഗണിക്കുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകനാണ് ഇക്കാര്യം അറിയിച്ചത്. ഈ മാസം 13നാണ് യെമന്‍ സുപ്രീംകോടതി അപ്പീല്‍ തള്ളിയത്.
നിമിഷപ്രിയയുടെ അപ്പീലില്‍ ഇനി ഇളവ് അനുവദിക്കാന്‍ യെമന്‍ പ്രസിഡന്റിനു മാത്രമേ കഴിയൂവെന്നും അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു. മകളെ കാണാന്‍ യെമനിലേക്ക് പോകാന്‍ അനുമതി തേടിയാണ് നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി ദല്‍ഹി ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്. ഇന്നലെ ഇത് പരിഗണിക്കുന്നതിനിടെയാണ് കേന്ദ്രസര്‍ക്കാര്‍ അഭിഭാഷകന്‍ നിമിഷപ്രിയയുടെ വധശിക്ഷക്കെതിരായ അപ്പീല്‍ യെമന്‍ സുപ്രിം കോടതി തള്ളിയതായി അറിയിച്ചത്. അതേസമയം, മകളെ കാണുന്നതിന് യെമന്‍ സന്ദര്‍ശിക്കാന്‍ നിമിഷ പ്രിയയുടെ മാതാവ് നല്‍കുന്ന അപേക്ഷയില്‍ ഒരാഴ്ചക്കകം തീരുമാനമെടുക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.
യെമനിലേക്ക് ആരൊക്കെയാണ് പോകുന്നതെന്നും അവരെ വിടുന്നതുമായി ബന്ധപ്പെട്ട തീരുമാനം ഒരാഴ്ചക്കകം അറിയിക്കണമെന്നും ദല്‍ഹി ഹൈക്കോടതി കേന്ദ്രസര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഹരജി അപേക്ഷയായി കേന്ദ്ര സര്‍ക്കാരിന് നല്‍കാനും പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ സര്‍ക്കാരിന് കൈമാറാനും മാതാവ് പ്രേമകുമാരിയോടും ബെഞ്ച് ആവശ്യപ്പെട്ടു.
2017 ല്‍ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയ സന്‍ആയിലെ ജയിലില്‍ കഴിയുന്നത്. നഴ്‌സായ നിമിഷ പ്രിയ സ്വന്തം ക്ലിനിക്കില്‍ ജോലി ചെയ്യുന്നതിനിടെയാണ് കൊലപാതക കേസില്‍ പിടിക്കപ്പെടുന്നത്. നിമിഷപ്രിയയുടെ ഹരജി നേരത്തെ യെമന്‍ കോടതി തള്ളിയിരുന്നു. പാലക്കാട് കൊല്ലങ്കോട് സ്വദേശിനിയാണു നിമിഷപ്രിയ. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്കു ശിക്ഷയിളവു ലഭിക്കും. കൊല്ലപ്പെട്ട തലാലിന്റെ കുടുംബം ചര്‍ച്ചക്കു തയാറാണെന്നും 50 ദശലക്ഷം യെമന്‍ റിയാല്‍ (ഏകദേശം 1.5 കോടി രൂപ) ദിയാധനം നല്‍കേണ്ടി വരുമെന്നും യെമന്‍ ജയിലധികൃതര്‍ നേരത്തെ അറിയിച്ചിരുന്നു. എം.എ യുസുഫലിയുടെ നേതൃത്വത്തില്‍ ഇതിനായുള്ള ചര്‍ച്ചകള്‍ നടത്തുകയും ചെയ്തിരുന്നു.
2023 November 16Indianimishapriyatitle_en: NIMISHAPRIYA CASE