പ്രഥമ വെഡ്ഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവിന് കെടിഎം സൊസൈറ്റി; സമ്മേളനം ഓഗസ്റ്റ് 14 മുതല്‍ 16 വരെ കൊച്ചിയില്‍
കൊച്ചി: വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം (മീറ്റിംഗ്സ്, ഇന്‍സെന്റീവ്സ്, കോഫറന്‍സസ് ആന്‍ഡ് എക്സിബിഷന്‍സ് -എംഐസിഇ) രംഗത്തെ സാധ്യതകള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തുന്നതിനും രാജ്യത്തെ വെഡിംഗ്-മൈസ് ടൂറിസം ഹബ്ബാക്കി കേരളത്തെ മാറ്റുന്നതിനുമായി പ്രഥമ വെഡിംഗ് ആന്‍ഡ് മൈസ് കോണ്‍ക്ലേവ് കൊച്ചിയില്‍ നടക്കും. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണത്തോടെ കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റിയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഓഗസ്റ്റ് 14ന് വൈകീട്ട് അഞ്ചിന് ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്തില്‍ ഉദ്ഘാടന സമ്മേളനം നടക്കും. 15, 16 തിയതികളില്‍ കൊച്ചിയിലെ ലെ മെറഡിയനിലാണ് ആണ് വാണിജ്യ കൂടിക്കാഴ്ചകളും പ്രദര്‍ശനങ്ങളും നടക്കുന്നത്.
വെഡിംഗ് ആന്‍ഡ് മൈസ് ടൂറിസം രംഗത്ത് രാജ്യത്തിന്റെ ഹബ്ബാക്കി കേരളത്തെ മാറ്റുമെന്ന് കെടിഎം – 2024 ന്റെ ഉദ്ഘാടന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് പ്രഖ്യാപിച്ചിരുന്നു. സമ്മേളനത്തില്‍ പങ്കെടുക്കുന്ന ബയര്‍മാര്‍ക്ക് കേരളം മുന്നോട്ടു വയ്ക്കുന്ന മൈസ്-വെഡിംഗ് ഡെസ്റ്റിനേഷനുകളില്‍ സന്ദര്‍ശനം നടത്താം. കൊച്ചി, മൂന്നാര്‍, കുമരകം, കൊല്ലം, കോവളം, തൃശൂര്‍, കോഴിക്കോട്, വയനാട്, ബേക്കല്‍ എന്നീ സ്ഥലങ്ങളിലാണ് സന്ദര്‍ശനം സംഘടിപ്പിക്കുന്നത്. വിവാഹ പാക്കേജുകള്‍, മധുവിധു പാക്കേജുകള്‍ എന്നിവയും ഇതോടൊപ്പം അവതരിപ്പിക്കും. തനതു കലാരൂപങ്ങളായ കഥകളി, ശാസ്ത്രീയ സംഗീതം എന്നിവയ്ക്കു പുറമെ പ്രാദേശിക രുചി ഭേദങ്ങളും സമ്മേളനത്തില്‍ അവതരിപ്പിക്കും. ടൂര്‍ ഓപ്പറേറ്റര്‍മാര്‍, വെഡിംഗ് പ്ലാനര്‍മാര്‍, ആതിഥേയ വ്യവസായം എന്നിവര്‍ക്ക് നേരിട്ട് ആശയവിനിമയം നടത്താനുള്ള ബിടുബി കൂടിക്കാഴ്ചകള്‍ എന്നിവയും ആകര്‍ഷണങ്ങളാകും.
വെഡിംഗ്-മൈസ് ടൂറിസം മേഖലയിലെ പ്രദര്‍ശനമാണ് പ്രധാന ആകര്‍ഷണം. ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, സമ്മേളന സ്ഥലങ്ങള്‍, സമ്മേളന സംഘാടകര്‍, സാങ്കേതിക പ്രവര്‍ത്തകര്‍ എന്നിവരായിരിക്കും മൈസ് മേഖലയിലെ പ്രദര്‍ശനങ്ങള്‍ നടത്തുന്നത്. വിവാഹ സംഘാടകര്‍, ആഡംബര റിസോര്‍ട്ടുകള്‍, ഡെസ്റ്റിനേഷന്‍ വെഡിംഗ് സ്ഥലങ്ങള്‍, പുഷ്പാലങ്കാരം, ഫോട്ടോഗ്രഫി, കാറ്ററിംഗ്, ബ്രൈഡല്‍ സര്‍വീസുകള്‍ എന്നിവര്‍ക്കാകും വെഡിംഗ് മേഖലയിലെ പ്രദര്‍ശനത്തില്‍ അവസരം ലഭിക്കുന്നത്. രാവിലെ ഒമ്പതര മുതല്‍ വൈകീട്ട് അഞ്ചര മണി വരെയുള്ള വാണിജ്യ കൂടിക്കാഴ്ചകള്‍ക്ക് പുറമെ ഈ രംഗത്തെ അന്താരാഷ്ട്ര വിദഗ്ധര്‍ പങ്കെടുക്കുന്ന സെമിനാറുകളും നടക്കും.