കുട്ടികളടക്കം നിരവധി പേർ കുടുങ്ങി കിടക്കുന്നു, പാക് പൗരന്മാർക്കായി വാഗാ അതിർത്തി തുറന്നിടുമെന്ന് പാകിസ്ഥാൻ
ഇസ്ലാമാബാദ്: ഇന്ത്യയില്‍നിന്ന് മടങ്ങുന്ന പാക് പൗരന്മാര്‍ക്കായി വാഗാ അതിര്‍ത്തി തുറന്നിടുമെന്ന് പാകിസ്ഥാൻ. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള പാകിസ്ഥാനി പൗരന്മാരോട് ഉടന്‍ മടങ്ങിപ്പോകാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഏപ്രില്‍ മുപ്പതായിരുന്നു പാക് പൗരന്മാര്‍ക്ക് സ്വദേശത്തേക്ക് മടങ്ങിപ്പോകാനുള്ള അവസാന തീയതി. സമയപരിധി അവസാനിച്ചതിനെ തുടർന്ന് പാക് പൗരൻമാരെ സ്വീകരിക്കാതെ പാകിസ്ഥാൻ വാഗ അതിർത്തി വ്യാഴ്ച അടച്ചിരുന്നു. ഇതോടെ കുട്ടികളടക്കം നിരവധി പേർ പാക്കിസ്ഥാനിലേക്ക് പോകാനാകാതെ അതിർത്തിയിൽ കുടുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
കുട്ടികളടക്കം എഴുപതോളം പാകിസ്ഥാൻ പൗരന്മാർ വാഗ അട്ടാരി അതിർത്തിയിൽ കുടുങ്ങി കിടക്കുന്നതായി പാക്ക് വിദേശകാര്യ മന്ത്രാലയ വക്താവ് സ്ഥിരീകരിച്ചിരുന്നു. അതിർത്തി കടക്കാൻ ഇന്ത്യൻ ഭരണകൂടം അനുവദിക്കുകയാണെങ്കിൽ അവരെ സ്വീകരിക്കാൻ തയാറാണെന്നാണ് വിദേശകാര്യ മന്ത്രാലയ വക്താവ് പറഞ്ഞു. ഇന്ത്യയിലെ അമൃത്‌സറും പാക്കിസ്ഥാനിലെ ലഹോറും തമ്മിൽ ബന്ധിപ്പിക്കുന്നതാണ് വാഗ– അട്ടാരി അതിർത്തി.
അതേസമയം പാക്കിസ്ഥാനെതിരെ നടപടികൾ ശക്തമാക്കുകയാണ് ഇന്ത്യ. പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ ഔദ്യോഗിക യുട്യൂബ് ചാനല്‍ ഇന്ത്യയില്‍ നിരോധിച്ചു. ദേശീയസുരക്ഷ, ക്രമസമാധാനം എന്നിവയുമായി ബന്ധപ്പെട്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെ തുടര്‍ന്ന് നിലവില്‍ ഈ ഉള്ളടക്കം രാജ്യത്ത് ലഭ്യമല്ലെന്നാണ് ഷരീഫിന്റെ ഔദ്യോഗിക യു ട്യൂബ് ചാനല്‍ സന്ദര്‍ശിക്കുമ്പോള്‍ കാണാനാകുന്ന സന്ദേശം. ഇതിനിടെ പഹൽഗാം ഭീകരാക്രമണത്തെ കുറിച്ചുള്ള എൻഐഎ അന്വേഷണത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. ഭീകരാക്രമണത്തിൽ പാകിസ്ഥാന്‍ പങ്കിന് തെളിയിക്കുന്ന വിവരങ്ങള്‍ ശേഖരിക്കുകയാണ് എന്‍ഐഎ.
ഭീകരാക്രമണത്തിൽ പാകിസ്ഥാൻ ചാരസംഘടന ഐഎസ്ഐ, ഇന്റിലിജൻസ് ഏജൻസി, ലഷ്ക്കർ എന്നിവരുടെ പങ്കിന് എൻഐഎ തെളിവ് ശേഖരിച്ചു. ലഷ്കർ ഭീകരരെ നിയന്ത്രിച്ചത് മുതിർന്ന ഐഎസ്ഐ ഉദ്യോഗസ്ഥർ ആണെന്ന് എന്‍ഐഎ കണ്ടെത്തല്‍. 40 വെടിയുണ്ടകളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെത്തിയത്. ഇവ പരിശോധനയ്ക്ക് അയച്ചു. ഇതുവരെ എൻഐഎ 2500 പേരിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. 150 പേർ എൻഐഎ കസ്റ്റഡിയിൽ തുടരുകയാണ്.