ഒരു കയ്യബദ്ധം… അഭിനേത്രി അവനീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തതില്‍ വിശദീകരണവുമായി കോലി
ബെംഗളൂരു: അഭിനേത്രി അവനീത് കൗറിന്റെ ഫോട്ടോ ലൈക്ക് ചെയ്തതുമായി ബന്ധപ്പെട്ട സോഷ്യല്‍ മീഡിയ പ്രചാരണങ്ങളില്‍ വിശദീകരണവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി. ഏപ്രില്‍ 30-നാണ് നടി അവനീത് കൗര്‍ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. പിന്നീട് ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. അതിന് കാരണം വിരാട് കോലി ഫോട്ടോയ്ക്ക് ലൈക്ക് ചെയ്തതായിരുന്നു. ആളുകള്‍ ഇത് കണ്ടെത്തുകയും സംഭവം ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
പെട്ടെന്നുതന്നെ ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. പിന്നീട് ചിത്രങ്ങള്‍ അണ്‍ലൈക്ക് ചെയ്യുകയും ചെയ്തു. സംഭവം ചര്‍ച്ചയായതിനു പിന്നാലെയാണ് ഒരു ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ കോലി ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്തെത്തിയത്.
ഇന്‍സ്റ്റാഗ്രാം ഫീഡ് ക്ലിയര്‍ ചെയ്യുമ്പോള്‍ സംഭവിച്ചതാകാമെന്ന് കോലി ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ കുറിച്ചിട്ടു. അതിന് പിന്നില്‍ ഒരു ഉദ്ദേശ്യവുമില്ലായിരുന്നു. അനാവശ്യമായ അനുമാനത്തിലെത്തരുതെന്നും കോലി വിശദീകരിച്ചു.
ഇന്ത്യയുടെ ടി20 ലോകകപ്പില്‍ നിന്ന് വിരമിക്കാനുണ്ടായ കാരണം കോലി ഇന്ന് വ്യക്തമാക്കിയിരുന്നു. പുതിയ താരങ്ങളെ കൊണ്ടുവരാന്‍ വേണ്ടിയാണ് വിരമിച്ചതെന്ന് കോലി വ്യക്തമാക്കി. മാത്രമല്ല, വരുന്ന ഏകദിന ലോകകപ്പിന് മുമ്പ് രണ്ട് വര്‍ഷം കുടുംബത്തോടൊപ്പം ആസ്വദിക്കേണ്ടതുണ്ടെന്നും കോലി വ്യക്തമാക്കി.
മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍… ”ഞാന്‍ ഒരു തരത്തിലും മാറിയിട്ടില്ലെന്ന് എന്നാണ് എനിക്ക് തോന്നുന്നത്. പുതിയൊരു കൂട്ടം കളിക്കാര്‍ ടി20 കളിക്കാന്‍ തയ്യാറാണ്. അവര്‍ക്ക് പരിചയം വരാനും സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുമൊക്കെ സമയം ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ കളിക്കേണ്ടതുണ്ട്. ലോകകപ്പിന് അവര്‍ തയ്യാറെടുക്കണം. അത്രമാത്രം മത്സരങ്ങളും കളിക്കണം. അതുകൊണ്ടാണ് അവര്‍ക്ക് വേണ്ടി മാറികൊടുത്തത്.” കോലി വ്യക്തമാകി. ഇത്തവണ ഐപിഎല്ലില്‍ തകര്‍പ്പന്‍ ഫോമിലാണ് കോലി. ഇതുവരെ 10 മത്സരങ്ങളില്‍ 443 റണ്‍സ് കോലി നേടി.