വന്നവരെല്ലാം അടിയോടടി! ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ഹൈദരാബാദിന് കൂറ്റന്‍ വിജയലക്ഷ്യം

അഹമ്മദാബാദ്: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് 225 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഗുജറാത്തിന് വേണ്ടി ശുഭ്മാന്‍ ഗില്‍ (76), ജോസ് ബട്‌ലര്‍ (64), സായ് സുദര്‍ശന്‍ (48) എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. ആറ് വിക്കറ്റുകളാണ് ടീമിന് നഷ്ടമായത്. ജയദേവ് ഉനദ്കട് മൂന്നും പാറ്റ് കമ്മിന്‍സ്, സീഷന്‍ അന്‍സാരി എന്നിവര്‍ ഓരോ വിക്കറ്റും വീതം നേടി. 

മോഹിപ്പിക്കുന്ന തുടക്കമായിരുന്നു ഗുജറാത്തിന്. ഒന്നാം വിക്കറ്റില്‍ സായ് – ഗില്‍ സഖ്യം 87 റണ്‍സ് കൂട്ടിചേര്‍ത്തു. ഏഴാം ഓവറിലാണ് കൂട്ടുകെട്ട് പൊളിയുന്നത്. സായിയെ, സീഷന്‍ അന്‍സാരി പുറത്താക്കി. 23 പന്തുകള്‍ മാത്രം നേരിട്ട താരം ഒമ്പത് ബൗണ്ടറികള്‍ നേടി. പിന്നീട് ഗില്‍ – ബട്‌ലര്‍ സഖ്യവും മികച്ച കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും 61 റണ്‍സാണ് ക്ഷണനേരം കൊണ്ട് ടോട്ടലിനൊപ്പം ചേര്‍ത്ത്. 13-ാം ഓവറിന്റെ അവസാന പന്തില്‍ ഗില്‍ വീണു. 38 പന്തുകള്‍ നേരിട്ട താരം രണ്ട് സിക്‌സും 10 ഫോറും നേടി. ഹര്‍ഷല്‍ പട്ടേല്‍ റണ്ണൗട്ടാക്കുകയായിരുന്നു ഗില്ലിനെ. 

19ാം ഓവറില്‍ ബട്‌ലറും പവലിയില്‍ തിരിച്ചെത്തി. 37 പന്തിനിടെ നാല് സിക്‌സും മൂന്ന് ഫോറും നേടിയ താരത്തെ പാറ്റ് കമ്മിന്‍സ് മടങ്ങി. അവസാന ഓവറില്‍ വാഷിംഗ്ടണ്‍ സുന്ദര്‍ (16 പന്തില്‍ 21), രാഹുല്‍ തെവാട്ടിയ (മൂന്ന് പന്തില്‍ 6), റാഷിദ് ഖാന്‍ (0) എന്നിവരും മടങ്ങി. ഷാരുഖ് ഖാന്‍ (6) പുറത്താവാതെ നിന്നു. നേരത്തെ, മാറ്റമൊന്നുമില്ലാതെയാണ് ഹൈദരാബാദ് ഇറങ്ങിയത്. ഗുജറാത്ത് ഒരു മാറ്റം വരുത്തി. കരീം ജനാത്തിന് പകരം ജെറാള്‍ഡ് കോട്‌സീ ടീമിലെത്തി. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.

ഗുജറാത്ത് ടൈറ്റന്‍സ്: സായ് സുദര്‍ശന്‍, ശുഭ്മാന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, രാഹുല്‍ തെവാട്ടിയ, ഷാരൂഖ് ഖാന്‍, റാഷിദ് ഖാന്‍, സായ് കിഷോര്‍, ജെറാള്‍ഡ് കോട്‌സി, മുഹമ്മദ് സിറാജ്, പ്രസിദ് കൃഷ്ണ.

സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കാമിന്ദു മെന്‍ഡിസ്, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.

By admin