കൊയിലാണ്ടി റെയിൽവേ സ്‌റ്റേഷനിൽ ലിഫ്റ്റ് സ്ഥാപിക്കുന്നതിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു
കോഴിക്കോട്: കൊയിലാണ്ടി റെയില്‍വേ സ്‌റ്റേഷനില്‍ ലിഫ്റ്റ് നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഗുരുതരമായി പരിക്കേറ്റ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. കേളമംഗലം സ്വദേശി ചാലില്‍ ഹൗസില്‍ കൃപേഷ് (35) ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് കൃപേഷ് മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ഏപ്രില്‍ 17 നാണ് അപകടം നടന്നത്. ലിഫ്റ്റുമായി ബന്ധപ്പെട്ട ജോലികള്‍ ചെയ്യുന്നതിനിടയില്‍ കൃപേഷിനും കൂടെയുണ്ടായിരുന്ന രാജേഷ് എന്നയാള്‍ക്കും പരിക്കേല്‍ക്കുകയായിരുന്നു. ട്രെയിനിലേക്ക് വൈദ്യുതി നല്‍കുന്ന മെയിന്‍ ലൈനില്‍ നിന്നാണ് ഇരുവര്‍ക്കും ഷോക്കേറ്റത്. പൈപ്പ് ഊരി മാറ്റുന്നതിനിടയില്‍ അബദ്ധത്തില്‍ ലൈനില്‍ തട്ടുകയായിരുന്നു. രാജേഷ് ഷോക്കേറ്റ് പുറത്തേക്ക് തെറിച്ചുവീണു. എന്നാല്‍ പൈപ്പില്‍ പിടിച്ചു നിന്നുപോയ കൃപേഷിന് ഗുരുതരമായി പൊള്ളലേറ്റു. ഉടന്‍ തന്നെ ഇരുവരെയും കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.