ഒറ്റയ്ക്ക് വരുന്ന കുട്ടികളെയും കാത്ത്  തോട്ടിലിരിക്കുന്നു, പണ്ടെങ്ങോ മുങ്ങിച്ചത്ത് പോയ യക്ഷിത്തള്ള!

ഒറ്റയ്ക്ക് വരുന്ന കുട്ടികളെയും കാത്ത് തോട്ടിലിരിക്കുന്നു, പണ്ടെങ്ങോ മുങ്ങിച്ചത്ത് പോയ യക്ഷിത്തള്ള!

ജീവിതത്തിലെ ഏറ്റവും പച്ചപ്പുള്ള നാളുകളാണ് കുട്ടിക്കാലം. അതില്‍ ഏറ്റവും വിശേഷപ്പെട്ട നാളുകള്‍ അവധിക്കാലങ്ങളും. ഓരോരുത്തര്‍ക്കുമുണ്ടാവും ഉള്ളില്‍ കൊണ്ടുനടക്കുന്ന അവധിക്കാല സ്മൃതികള്‍. ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിന്റെ വായനക്കാര്‍ എഴുതിയ ഈ കുറിപ്പുകളില്‍ സന്തോഷവും ആവേശവും ആരവവും മാത്രമല്ല, സങ്കടകരമായ അനുഭവങ്ങളും കയ്പ്പുള്ള ഓര്‍മ്മകളുമുണ്ട്. ഇതിലൂടെ കടന്നുപോവുമ്പോള്‍, സ്വന്തം കുട്ടിക്കാലം ഓര്‍ക്കാതിരിക്കാന്‍ ആര്‍ക്കുമാവില്ല. ഒറ്റയ്ക്ക് വരുന്ന കുട്ടികളെയും കാത്ത്  തോട്ടിലിരിക്കുന്നു, പണ്ടെങ്ങോ മുങ്ങിച്ചത്ത് പോയ യക്ഷിത്തള്ള!

കാലത്തെ നേര്‍രേഖയിലുള്ള നാലാംമാനമായി കണക്കാക്കിയാല്‍, അനാദിയില്‍ നിന്ന് വരുന്ന കൊടുങ്കാറ്റിന് സമാനമായ ഭാവികാലവും, കടലോളം ജീവിതാനുഭവങ്ങളും ജീവിതോര്‍മ്മകളുമുള്ള ഭൂതകാലവും, അതിനിടയില്‍ നേര്‍ത്തൊരു പാട പോലെ ഈ നിമിഷത്തില്‍ തളംകെട്ടി നില്‍ക്കുന്ന വര്‍ത്തമാനകാലവുമാണ് ഒരു മനുഷ്യന്റെ ജീവിതകാലം. അതിശക്തമായ ഭാവിയുടെ പ്രവാഹം. ‘ഭാവിയുടെ പ്രവാഹം…’ എന്ന് വായിക്കുന്ന വര്‍ത്തമാനകാല നിമിഷത്തില്‍, അത് വെറുമൊരു ഓര്‍മ്മയായി, അനുഭവമായി ഭൂതകാലക്കടലില്‍ ലയിച്ചു കഴിയും. അതുപോലെയാണ് സകലതും. അത്രമേല്‍ നേര്‍ത്ത വര്‍ത്തമാനകാലം. അതിനാലാണ് വാര്‍ത്തമാനകാലത്ത് ജീവിക്കുക എന്നത് സന്യാസി തുല്യമാകുന്നത്. ഒരുവന്റെ യഥാര്‍ത്ഥ ജീവിതം ഭൂതകാലവും നേര്‍ത്ത വര്‍ത്തമാനവും മാത്രമാണെന്ന് ഇങ്ങനെ അനുമാനിക്കാം. ആത്യന്തിക നിത്യസത്യമായ മരണം നമ്മെ കാലത്തിന്റെ ബന്ധനത്തില്‍ നിന്ന് മുക്തമാക്കുന്നു. ഭൂതകാല സ്മൃതികളില്‍ ആരും ജീവിക്കരുത്. ഈ വര്‍ത്തമാനകാലത്തില്‍, ഈ നിമിഷത്തില്‍ മാത്രമായിരിക്കണം ജീവിതം. എന്നാലും ജീവസ്മൃതികളാല്‍ പുഞ്ചിരിക്കുന്നവന്‍ മഹാഭാഗ്യവാന്‍. 

വരണ്ട സ്‌കൂള്‍ ജീവിതം, നനവുള്ള അവധിക്കാലം

ടെക്‌നിക്കല്‍ സ്‌കൂളിലെ കാക്കി യൂണിഫോമിന്റെ നാറ്റവും, ഫയല്‍ കൊണ്ട് മെറ്റലിന് ഒരച്ചൊരച്ച് പൊട്ടുന്ന കൈ വിരലുകളും, യന്ത്രങ്ങളുടെ ഒച്ചപ്പാടും, എന്‍ജിനീയറിങ് ഡ്രോയിങ് വരപ്പിന്റെ വാടയും, ഡ്രാഫ്റ്ററും ഡ്രോയിങ് ഷീറ്റുകളും റെക്കോര്‍ഡ് ബുക്കുകളും ഏറ്റിപിടിച്ചുള്ള ബസ് യാത്രയും, മസിലുപിടിച്ച് ചിരിക്കാത്ത  മെക്കാനിക്കല്‍ സാറന്‍മാരുടെ ഗൗരവവും കലര്‍ന്ന്, വറ്റി വരണ്ട സ്‌കൂള്‍ ജീവിതത്തിലെ ഒരുതുള്ളി പേമാരി ആയിരുന്നു, പതിനാല് വയസ്സുകാരന് കിട്ടിയിരുന്ന വേനലവധികള്‍.
                
യമഹ RX 100- ന്റെ ശബ്ദം ദൂരെനിന്ന് കേള്‍ക്കാം. മാമന്റെ ബൈക്ക്. ലോഡിങ് പണികഴിഞ്ഞ്, എന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വരുകയാണ് മാമന്‍. കുടുംബ പ്രശ്‌നങ്ങള്‍ കാരണം കുറേക്കാലമായി മാമന്‍ എന്റെ വീട്ടില്‍ കയറാറില്ല. മതിലോരമുള്ള റോഡിനരികില്‍ വണ്ടി നിര്‍ത്തി, മാമന്‍ എന്നെ വിളിച്ചു. 

‘ചെറുതേ, ചെറുതേ… നമുക്ക് പോവണ്ടേ, വേഗം വാ…’

എട്ടാം ക്ലാസ്സിലെ കൊല്ലപരീക്ഷ കഴിഞ്ഞുള്ള വേനലാവധിക്ക് ഏറ്റവും പ്രിയങ്കരമായ സ്ഥലത്തേക്ക് പോകാന്‍ റെഡിയായി ഉച്ച മുതല്‍ മാമനെയും കാത്തിരിക്കുകയാണ് ഞാന്‍. ബൈക്കില്‍ ഇരുന്ന്, മാമനെ ചേര്‍ത്ത് പിടിച്ചു. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ബൈക്ക് സവാരിയാണിനി. ഒമ്പതാം ക്ലാസില്‍ ഇഷ്ടമുള്ള ട്രേഡ് കിട്ടുന്നത്, ഈ പരീക്ഷയിലെ മാര്‍ക്ക് അനുസരിച്ചായിരിക്കും. ഞാനെന്തായാലും നന്നായി പരീക്ഷ എഴുതിയിട്ടുണ്ട്, ഓട്ടോമൊബൈല്‍ ട്രേഡ് തന്നെ കിട്ടും. 

ഇരുട്ടില്‍ ഒരു ബൈക്ക് 

തണുത്ത കാറ്റിന്റെ ഓളത്തില്‍ കണ്ണിമ വെട്ടിയും, ഉറങ്ങിയും, ഞെട്ടിയുണര്‍ന്നു. നന്നായി ഇരുട്ടിയാണ് വീട് എത്തിയത്. റോഡ് അവസാനിക്കുന്ന ഭാഗത്തായി ഓരത്ത് ബൈക്ക് നിര്‍ത്തി. അതും കഴിഞ്ഞ് വിജനമായ പാടവരമ്പിലൂടെ കുറെ നടക്കണം. 

മന്ദം ഗ്രാമത്തിന്റെ പ്രധാന കേന്ദ്രത്തില്‍ നിന്നെല്ലാം മാറി, ആള്‍പ്പെരുമാറ്റം ഇല്ലാത്ത, അന്തമറ്റ കലഹങ്ങള്‍ ഇല്ലാത്ത, പാതകള്‍ ഇല്ലാത്ത, കൈവിളക്കുകളോ, കെടാവിളക്കുകളോ ഇല്ലാത്ത, കൊയ്ത്തു കഴിഞ്ഞ് മകര ചൂടും കാത്ത്  നോക്കെത്താദൂരം വിശാലമായി കിടക്കുന്ന നെല്‍പാടങ്ങള്‍. പല വേഷങ്ങള്‍ മാറി നടന്നിരുന്ന ഒടിയന്‍മാരെ തല്ലി പരുവപ്പെടുത്തി ഉഴുതുമറിച്ചിരുന്ന പ്രമാണിമാരുടെ എഴുതാചരിത്രങ്ങള്‍ കുറ്റക്കൂരിരുട്ടിലെ ഏകാന്ത യാത്രയില്‍ നമുക്ക് കേള്‍ക്കാം. ഒറ്റയ്ക്ക് കുളിക്കാന്‍ വരുന്ന കുട്ടികളെയും കാത്തിരിക്കുന്ന, പണ്ടെങ്ങോ മുങ്ങിച്ചത്ത് പോയ യക്ഷിത്തള്ള ഇപ്പോഴും തോട്ടില്‍ പതിയിരിക്കുന്നു. അരികില്‍ താഴെത്തട്ടിലെ രണ്ടു വയലുകളിലായി നെല്‍കൃഷി. 

ചെറിയൊരു പടി കയറിയാല്‍ വീടായി. മാങ്ങയും ചക്കയും  തെങ്ങും കവുങ്ങും തുടങ്ങി കയ്യില്‍ കിട്ടിയ എല്ലാ ചെടികളും നട്ടു വളര്‍ത്തി പടര്‍ന്ന് പന്തലിപ്പിച്ച് കാട് പോലെ കിടക്കുന്ന ഒരു തോട്ടത്തിന്റെ കിഴക്കെ ഭാഗത്തായി തലയെടുപ്പോടെ പ്രൗഢഗംഭീരമായി നില്‍ക്കുന്ന ഒറ്റ മുറിയുള്ള ഓട്ടുപുരയാണ് എന്റെ മാമന്റെ വീട്. തെക്ക് ഭാഗത്തായി ചെറിയൊരു കിണര്‍. ചുറ്റും മരക്കാട്. യക്ഷിത്തള്ള പതിയിരിക്കുന്ന തോടിന്റെ ഓരത്തിലൂടെ പാടവരമ്പുകളിലൂടെ വടക്കോട്ട് കുറച്ചു ദൂരം പോയാല്‍ പൊതുശ്മശാനത്തിലെത്തും. യക്ഷിത്തള്ള അവിടെ ആണത്രേ കിടന്നുറങ്ങുന്നത്.

വീടും തോട്ടവും മേല്‍ത്തട്ടില്‍ ആയതുകൊണ്ട് പടിഞ്ഞാറ് നിന്നാല്‍, വിശാലമായി കിടക്കുന്ന നെല്‍പ്പാടങ്ങള്‍ കാണാം. അതിന്റെ അങ്ങേ തലയില്‍ ഒരു പന. അതും ഒറ്റപ്പന. നീലിയും പ്രേതവും പിശാചും എല്ലാം തിങ്ങിജീവിക്കുന്ന ഒറ്റപ്പന. വീട്ടിന്റെ മുറ്റത്ത് ഒരു വശത്തായി വലിയൊരു മുത്തശ്ശിമാവ് പടര്‍ന്ന് പന്തലിച്ചു നില്‍ക്കുന്നു. നല്ല പുളിയുള്ള അച്ചാര്‍ ഇടാന്‍ പറ്റിയ കോമാങ്ങ. മറുവശത്ത് മുളത്തടി നാട്ടി, ഓല മേഞ്ഞ്, ചെറിയ കല്ലുകള്‍ പാകി തട്ടിക്കൂട്ടിയ കാലിത്തൊഴുത്ത്. പ്രായമുള്ള രണ്ടു മനുഷ്യരാണ് ഉടമസ്ഥര്‍. മുത്തശ്ശനും അമ്മമ്മയും. രണ്ട് പേരും സാധുക്കളും പേരമക്കളെ അത്രമേല്‍ സ്‌നേഹിക്കുന്ന ആത്മാക്കളുമാണ്.

കാത്തുകാത്ത് രണ്ടുപേര്‍

പേരക്കുട്ടി വരുന്നുണ്ടെന്ന് അറിഞ്ഞതും, ബൈക്ക് നിര്‍ത്തുന്ന റോഡ് വക്കിലെ വീട്ടില്‍, ഞങ്ങളെയും കാത്ത് ഇരിക്കുവായിരുന്നു മുത്തശ്ശന്‍.

‘നേരത്തെ കാലത്ത് എത്താന്‍ നിന്നോട് പറഞ്ഞതല്ലെടാ…’ ചെറിയൊരു ദേഷ്യത്തോടെ മുത്തശ്ശന്‍ മാമനോട് കയര്‍ത്തു.

‘ഈ ചെറുതിനെയും കൊണ്ടുവരുമ്പോള്‍…ഇനി ഈ അസമയത്ത് വല്ല ചേരയോ പാമ്പോ കാണും…’  മുത്തശ്ശന്‍ പിറുപിറുത്തു കൊണ്ട് നടന്നു.

കുറ്റാക്കൂരിരുട്ടില്‍, ഒരാള്‍ക്ക് നടക്കാന്‍ മാത്രം വെട്ടിച്ചെത്തി വെച്ച വരമ്പിലൂടെ, ടോര്‍ച്ച് വെട്ടത്തിന്റെ അരണ്ട വെളിച്ചത്തില്‍ മുത്തശ്ശന്‍ മുന്നേ നടന്നു, തൊട്ട് പിന്നാലെ ഞാനും. 

‘എന്താടാ ചെറുതെ, നിന്റെ പരീക്ഷയൊക്കെ കഴിഞ്ഞാ?’ നീ എപ്പോഴും ഒട്ടി ഉണങ്ങി  വരികയാണല്ലോ, നിന്റെ തള്ള നിനക്കൊന്നും തിന്നാന്‍ തരുന്നില്ലേ?’

മുത്തശ്ശന്‍ പോകുന്ന വഴിയില്‍ എന്നോട് ചോദിച്ചു. ഞാന്‍ ചിരിച്ചു. എനിക്ക് പിന്നാലെ ഫോണില്‍ സംസാരിച്ചുകൊണ്ട് ദൂരം വെച്ചാണ് മാമന്റെ വരവ്. ആദ്യമായി കറണ്ട് കിട്ടിയ വീടിന്റെ പ്രൗഢി നാട്ടുകാരെ കാണിക്കാന്‍ എന്നോണം സകലമാന ബള്‍ബുകളും കത്തിച്ചു വച്ചിട്ടുണ്ട്.  കഴിഞ്ഞവര്‍ഷമാണ് കറണ്ട് കിട്ടിയത്. അതിന്റെ പത്രാസാണ്. ഞങ്ങളുടെ വരവും കാത്ത് പാതിമനസ്സില്‍ സീരിയലും കണ്ടു ഇരിക്കുകയാണ് അമ്മമ്മ.

‘നിനക്കറിയില്ലെടാ, ഈ ചെക്കനെയും കൊണ്ടു വരുമ്പോള്‍, നേരത്തെ കാലത്ത് വീടെത്തണമെന്ന്.  
പണി കഴിഞ്ഞ് ഇവനെയും കൊണ്ടുവരാന്‍ നിനക്കെന്താടാ ഇത്രയും നേരം?’

മുത്തശ്ശനെ പോലെയല്ല അമ്മമ്മ. ഞങ്ങള്‍ എത്തിയതും തുടങ്ങി. മാമനെ കണക്കിന് പറഞ്ഞു. മാമന് എവിടെ ഇതൊക്കെ ഏല്‍ക്കാന്‍.

ഇനിയുള്ള രണ്ടു മാസക്കാലം ഇതാണ് എന്റെ വീട്, അല്ല എന്റെ സ്വര്‍ഗം.

കാമനകള്‍ വന്നുതൊടാത്ത ലോകം

കണ്ണീരും പകയും വെറുപ്പും കുറ്റംപറച്ചിലുകളും കുടുംബപ്രശ്‌നങ്ങളും പണവും കൂടിക്കലര്‍ന്ന പച്ചയായ ജീവിത യഥാര്‍ഥ്യത്തിന്റെ നടുക്കടലില്‍, കുറച്ച് നിമിഷത്തേക്കെങ്കിലും, മനസ്സിന് കുളിര്‍മയേകിയിരുന്ന നിമിഷങ്ങള്‍ ആയിരുന്നു ആ അവധിക്കാലങ്ങളെന്ന് ഇപ്പോള്‍ മനസ്സിലാക്കുന്നു. രേഖീയമായി കുതിക്കുന്ന കാലചക്രത്തെ നിയന്ത്രിക്കാന്‍ എനിക്ക് കഴിയുമായിരുന്നെങ്കില്‍, ഞാനാ ആ വേനലവധി കാലത്തേക്ക് മടങ്ങ്ിയേനെ. 

രണ്ട് മാസം മുമ്പ് കക്കൂസ് പണികഴിപ്പിച്ചത് എന്റെ ഉറക്കത്തിന് കുറച്ച് കൂടി സാവകാശം നല്‍കി. കഴിഞ്ഞ വരവിനൊക്കെ, നേരം വെളുക്കുന്നതിനുമുമ്പ് പറമ്പിലേക്ക് കാര്യം സാധിക്കാന്‍ പോവണമായിരുന്നു. അത് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു, കൂടെ ലജ്ജയും. രാവിലെയുള്ള കലാപരിപാടി കഴിഞ്ഞാല്‍ പിന്നെ കൊച്ചു ടിവിയാണ് ലോകം. ഏതൊക്കെ കാര്‍ട്ടൂണുകള്‍ ഏതൊക്കെ സമയത്താണ് എന്നതെല്ലാം കിറുകൃത്യമായി അറിയാം. വീട്ടില്‍ ഒറ്റയ്ക്കിരിക്കുമ്പോള്‍ കാമനകള്‍ വന്നുതൊടാത്ത ലോകം എനിക്കുണ്ടായിരുന്നത് അക്കാലത്തു മാത്രമാണ്. പിന്നീടൊരിക്കലും അത്തരമൊരു ലോകത്തില്‍ ജീവിക്കാന്‍ കഴിഞ്ഞിട്ടില്ല.  കൊച്ചു ടിവിയും ഡിസ്‌കവറിയും അനിമല്‍ പ്ലാനറ്റുമെല്ലാമാണ് പ്രധാന വിനോദസ്രോതസുകള്‍. സമപ്രായക്കാരായ കൂട്ടുകാര്‍ പോലും ഇല്ലാത്ത, ഏകാന്തതവിശാല വാനില്‍ പറന്നിരുന്ന എനിക്ക് ഇതിനപ്പുറം ഒന്നും ചെയ്യാന്‍ ഉണ്ടായിരുന്നില്ല. 

ചായക്കൊതിയുള്ള വീട് 

അതിരാവിലെ  മാടിനെ മേയ്ക്കാന്‍ കൊണ്ടുപോയ മുത്തശ്ശന്‍ ഉച്ച വെയില്‍ മൂക്കുന്നതിനു മുന്നേ വീടെത്തും. മുത്തശ്ശനെ ദൂരത്ത് കണ്ടാല്‍മതി, ഓടിച്ചെന്ന് ഞാന്‍ മുത്തശ്ശന്റെ അരയില്‍ തപ്പും. പേരക്കുട്ടിക്കുള്ള എണ്ണക്കടികള്‍ മറക്കില്ല. കൂടെ ചായയും വെച്ച് മുത്തശ്ശിയും കൂടും.

‘നിന്റെ ചായ കുടി കുറച്ചു കൂടുന്നുണ്ട്, അവള്, നിന്റെ അമ്മ പറയുന്നുണ്ടാവും, ആ ചെറുക്കന് ഒരു ദിവസം നൂറ്റന്‍പത് ചായ വെച്ച് കൊടുത്ത്…’

മണി പതിനൊന്ന് ആവുമ്പോഴേക്കും, മൂന്നാമത്തെ ചായ അകത്താക്കി മുത്തശ്ശി പിറുപിറുക്കും.

ചായയും എണ്ണക്കടികളും ഉച്ചവിശപ്പിനെ കൊന്നുകളഞ്ഞിട്ടുണ്ടാകും. അമ്മമ്മ വെച്ചുണ്ടാക്കിയ സാമ്പാറും, പപ്പടവും, ഉപ്പിലിട്ട മാങ്ങയും കൂട്ടിയുള്ള ഊണ്. പിന്നാലെ ഒരു കൊച്ചുറക്കം. സൂര്യന്‍ പടിഞ്ഞാറ് താഴുന്ന നേരം, വീട്ടുമുറ്റത്തെകോമാങ്ങ പറിച്ച് ഉപ്പും മുളകും തേച്ച് കയ്യില്‍ ഒരു ഉണക്ക കമ്പും പിടിച്ച് മുത്തച്ഛന്റെ കൂടെ മാടിനെ മേക്കാന്‍ പോവും. വരണ്ടുണങ്ങിയ പാടത്തിന് നടുവിലെ തോട്ടോരം ചേര്‍ന്ന്, കാലികള്‍ മേഞ്ഞു കൊണ്ടിരിക്കും. മുത്തശ്ശനെ ഭ്രാന്ത് പിടിപ്പിക്കുന്ന ചോദ്യങ്ങള്‍ ചോദിച്ച് ഞാന്‍ എന്റെ സമയം കളയും. ഇല്ലെങ്കില്‍ കുറച്ചു നേരം, യക്ഷിപ്പേടിയില്‍ വിറച്ചാണെങ്കിലും തോട്ടില്‍ മീന്‍ പിടിക്കാന്‍ പോയിരിക്കും. സന്ധ്യയോട് അടുക്കുമ്പോള്‍ ഒരു ചുള്ളിക്കമ്പ് പൊട്ടിച്ച് മാടിനെ ആട്ടിത്തെളിച്ചു വീട്ടിലെത്തിക്കും. 

‘നിങ്ങള്‍ക്ക് ചായ എടുക്കട്ടെ?  ചെറുതെ, നിനക്കോ?’

അമ്മമ്മ അടുക്കളയില്‍ നിന്ന് വിളിച്ച് കൂവും.

പതിവുപല്ലവിയുടെ ആവര്‍ത്തനം പോലെ മുത്തശ്ശന്റെ മൂളല്‍, എന്റെയൊരു കള്ളച്ചിരിയും.

ദൈവം ഭൂമിയിലിറങ്ങുന്ന സായംസന്ധ്യ

ആ ദിവസത്തെ നാലാമത്തെ ചായയായിരിക്കും അത്. ചായ കുടി കഴിഞ്ഞാല്‍ പിന്നെ, വെള്ളത്തില്‍ ഇറങ്ങിയാല്‍ കാലില്‍ പിടിച്ചു വലിച്ച് കുട്ടികളെ കൊണ്ട് പോവുന്ന യക്ഷിത്തള്ളയേയും പേടിച്ച് അമ്മമ്മയോടൊപ്പം തോട്ടില്‍ നീന്തി കളിച്ചൊരു കുളിയാണ്. പൂജാമുറി വൃത്തിയാക്കി നിലവിളക്ക് കത്തിച്ച് രാമരാമ നാമം ചൊല്ലല്‍ എന്റെ ഡ്യൂട്ടിയായിരുന്നു. 

ഈ സമയത്തെല്ലാം മുത്തശ്ശന്‍ വീടിന് പടിഞ്ഞാറുള്ള പടിക്കെട്ടില്‍  ഇരിക്കുന്നത് കാണാം. ഞാനും കൂട്ട് കൂടും.

‘എന്തിനാ മുത്തശ്ശാ ഇങ്ങനെ ഇരിക്കുന്നത്?’

‘നീ അവിടേക്ക് നോക്ക്, അവിടെയാണ്, ആ പടിഞ്ഞാറ് ഭാഗത്താണ് ദൈവം ഉള്ളത്.’ മുത്തശ്ശന്‍ മറുപടി പറയും.

സ്വര്‍ണ്ണ വര്‍ണ്ണമാര്‍ന്ന സായം സന്ധ്യയ്ക്കാണ് ദൈവം ഭൂമിയിലേക്ക് ഇറങ്ങി വരുന്നതെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. 

ഏകാന്തതയുടെ സന്തോഷം 

രാത്രി ആയാല്‍ പിന്നെ സീരിയലുകളുടെ കലപിലയാണ്. എല്ലാ പണികളും ചെയ്തുതീര്‍ത്ത്, മാടുകള്‍ക്ക് തീറ്റകൊടുത്ത് തൊഴുത്തില്‍ കെട്ടി, കൊതുകിനെ ഓടിക്കാന്‍ മുറ്റത്ത് ചകിരിക്ക് തീയിട്ട് പുകപ്പിച്ച് രണ്ടാളും ഇമവെട്ടാതെ സീരിയലില്‍ മുഴുകും. ഏതൊക്കെയോ കുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളാണ് ടിവിയില്‍ കാണിക്കുന്നത് എന്നാണ് അമ്മമ്മ പറയാറ്. സീരിയലിലെ ഒരു രംഗം തീര്‍ന്നു കഴിഞ്ഞ് അടുത്തത് തുടങ്ങുന്ന സമയത്തിനുള്ളില്‍ നടന്ന കാര്യങ്ങള്‍ മുത്തശ്ശിക്ക് പറഞ്ഞു കൊടുക്കലാണ് മുത്തശ്ശന്റെ പ്രധാന ജോലി.

‘നിങ്ങള് ഒന്ന് മിണ്ടാതിരിക്ക് മനുഷ്യാ, ഞാന്‍ കാണുന്നുണ്ടല്ലോ’- ഈര്‍ഷ്യയോട് അമ്മമ്മ പിറുപിറുക്കും.

ആദ്യ രണ്ട് സീരിയല്‍ കഴിഞ്ഞാല്‍ പിന്നെ അമ്മമ്മ അടുക്കളയില്‍ തിരക്കിലായിരിക്കും.

കൊയ്‌ത്തൊഴിഞ്ഞ പാടത്ത് കൂട്ടുകാരുമായി ക്രിക്കറ്റ് കളിച്ചും, ആരാന്റെ തൊടിയിലെ മാങ്ങയെറിഞ്ഞും, തല്ലു കൂടിയും സമയം കളയുന്ന വേനലവധിയല്ല എന്‍േറത്. വേറെന്തിനെക്കാളും പേരക്കുട്ടികളെ സ്‌നേഹിക്കുന്ന രണ്ട് വൃദ്ധദമ്പതികളുടെ വാത്സല്യത്തില്‍ മുഴുകിയും, സമയത്തെ തള്ളിനീക്കാന്‍ ഒരു കളിക്കൂട്ടുകാരന്റെ പോലും സാന്നിധ്യം ആഗ്രഹിക്കാതെയും, സ്വതന്ത്രമായതും ഏകാന്തമായതും സ്വസ്ഥമായതും സംതൃപ്തവുമായ വേനലാവധികള്‍.

 

മുഴുവന്‍ അനുഭവക്കുറിപ്പുകളും വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യാം

By admin