മോഹന്‍ലാല്‍ നായകനായ രണ്ട് ചിത്രങ്ങളാണ് ഒരു മാസത്തെ ഇടവേളയില്‍ തിയറ്ററുകളിലെത്തി വലിയ കളക്ഷന്‍ നേടിയത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ, പൃഥ്വിരാജിന്റെ സംവിധാനത്തിലെത്തിയ എമ്പുരാന്, തരുണ്‍ മൂര്‍ത്തിയുടെ സംവിധാനത്തിലെത്തിയ തുടരും എന്നിവയാണ് ആ ചിത്രങ്ങള്‍. എമ്പുരാന് മാര്‍ച്ച് 27 നാണ് എത്തിയതെങ്കില്‍ തുടരും റിലീസ് ഏപ്രില്‍ 25 ന് ആയിരുന്നു. എമ്പുരാന് ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 250 കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന ആദ്യ മലയാളചിത്രം ആയെങ്കില്‍ തുടരും ആറ് ദിവസം കൊണ്ട് 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച് കുതിപ്പ് തുടരുകയാണ്. സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടുന്ന ചിത്രം കൂടിയാണ് തുടരും. രണ്ട് ചിത്രങ്ങളുടെയും വിജയത്തിന്റെ ഭാഗമായി ഓള് കേരള മോഹന്‍ലാല്‍ ഫാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ വെല്‍ഫയര്‍ അസോസിയേഷന് ആഘോഷ പരിപാടി സംഘടിപ്പിച്ചു.
മോഹന്‍ലാലിനൊപ്പം തുടരും സംവിധായകന് തരുണ്‍ മൂര്‍ത്തി, നിര്‍മ്മാതാവ് രജപുത്ര രഞ്ജിത്ത്, നടിയും രഞ്ജിത്തിന്റെ ഭാര്യയുമായ ചിപ്പി, എമ്പുരാന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, മോഹന്‍ലാലിന്റെ അടുത്ത ചിത്രം ഹൃദയപൂര്‍വ്വത്തിന്റെ സംവിധായകന് സത്യന് അന്തിക്കാട് തുടങ്ങിയവര്‍ ആഘോഷ പരിപാടിയില്‍ ആരാധകര്‍ക്കൊപ്പം പങ്കെടുത്തു. എമ്പുരാന്, തുടരും വിജയാഘോഷത്തിന്റെ ഭാഗമായി മോഹന്‍ലാല്‍ രണ്ട് കേക്കുകളാണ് മുറിച്ചത്. കേക്ക് നല്‍കാനായി ചിപ്പിയെ മോഹന്‍ലാല്‍ ക്ഷണിച്ചത് എല്ലാവരിലും ചിരി പടര്‍ത്തി. എന്തായാലും ചാക്കോ മാഷിന്റെ മോളല്ലേ എന്നായിരുന്നു മോഹന്‍ലാലിന്റെ വാക്കുകള്‍. സ്ഫടികം സിനിമയില്‍ ചിപ്പി അവതരിപ്പിച്ച, തന്റെ പെങ്ങളുടെ കഥാപാത്രത്തെ അനുസ്മരിക്കുകയായിരുന്നു മോഹന്‍ലാല്‍.
മലയാളത്തില്‍ സമീപകാലത്തെ ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമായിരുന്നു എമ്പുരാന്. എന്നാല്‍ ഹൈപ്പ് ബോധപൂര്‍വ്വം കുറച്ചാണ് തുടരും തിയറ്ററുകളിലേക്ക് എത്തിയത്. ഓപണിംഗില്‍ അടക്കം നിരവധി റെക്കോര്‍ഡുകള്‍ എമ്പുരാന് തകര്‍ത്തിരുന്നു. എന്നാല്‍ ജനപ്രീതിയില്‍ കൂടുതല്‍ മുന്നിലെത്തിയിരിക്കുന്നത് തുടരും ആണ്. സമ്മിശ്ര പ്രതികരണമാണ് എമ്പുരാന് നേടിയതെങ്കില്‍ ബഹുഭൂരിപക്ഷത്തിന്റെയും കൈയടി ഏറ്റുവാങ്ങിക്കൊണ്ട് തിയറ്ററുകളില്‍ തുടരുകയാണ് തരുണ്‍ മൂര്‍ത്തി ചിത്രം. ഷണ്മുഖം എന്ന ടാക്സി ഡ്രൈവറായാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തുന്നത്. ബിനു പപ്പു, ഫർഹാൻ ഫാസിൽ, മണിയൻപിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നു. ഷാജി കുമാര്‍ ആണ് ഛായാഗ്രഹണം.