കോഴിക്കോട്: ഇരിങ്ങാലക്കുട – പുതുക്കാട് സെക്ഷനിൽ ട്രാക്ക് അറ്റകുറ്റപ്പണിക്ക് നവംബർ 18, 19 തീയതികളിൽ ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും ചില ട്രെയിനുകൾ ഭാഗികമായി സർവീസ് നിർത്തുമെന്നും അറിയുന്നു.
ഈ സാഹചര്യത്തിൽ കെഎസ്ആർടിസി റെയിൽവേയുമായി സഹകരിച്ച് (കടലുണ്ടി മാതൃകയിൽ) ചാലക്കുടി – തൃശ്ശൂർ സെക്ടറിൽ കൂടുതൽ ബസ് സർവീസ് നടത്തിയും, സ്വകാര്യ -ടൂറിസ്റ്റ് ബസ്സുകൾക്ക് താൽക്കാലിക അനുമതി നൽകി യാത്രാ സൗകര്യവും, മാസങ്ങൾക്കു മുമ്പ് ടിക്കറ്റ് റിസർവ് ചെയ്തവർക്ക് ബദൽ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തണമെന്ന് കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ റെയിൽ യൂസേഴ്സ് അസോസിയേഷൻ കേരള റീജിയൻ അടിയന്തര യോഗം ആവശ്യപ്പെട്ടു.
ഈ ആവശ്യം ഉന്നയിച്ച് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, റെയിൽവേയുടെ ചുമതല വഹിക്കുന്ന മന്ത്രി വി അബ്ദുറഹിമാൻ, ചീഫ് സെക്രട്ടറി ഡോക്ടർ വി വേണു ഐഎഎസ്, കെഎസ്ആർടിസി എംഡി ബിജു പ്രഭാകർ ഐഎഎസ്, പാലക്കാട് തിരുവനന്തപുരം ഡിവിഷൻ റെയിൽവേ മാനേജർമാർ എന്നിവർക്ക് ഇമെയിൽ വഴിനിവേദനം അയച്ചു.
യോഗത്തിൽ സിഎആർയുഎ വർക്കിംഗ് ചെയർമാനും, കേരള റീജിയൻ പ്രസിഡണ്ടുമായ ഷെവ. സി ഇ ചാക്കുണ്ണി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജോർജ് ജോസഫ് കെ മുഖ്യ പ്രഭാഷണം നടത്തി.
കൺവീനർമാരായ സൺ ഷൈൻ ഷോർണൂർ, ടി പി വാസു, മുനീർ കുറുമ്പടി തിരൂർ, കെ പി രാമകൃഷ്ണൻ പയ്യന്നൂർ, റൊണാൾഡ് വി സിക്സ്, ശ്രീ രസ്. പി, റിയാസ് നേരോത്ത്, സി. കെ, മൻസൂർനൊവേക്സ്, സലാം ഹാജി പരപ്പനങ്ങാടി എന്നിവർ പങ്കെടുത്തു.
കേരള റീജിയൻ വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് എം കെ അയ്യപ്പൻ സ്വാഗതവും കൺവീനർ പി.ഐ. അജയൻ നന്ദിയും പറഞ്ഞു.