എന്തുകൊണ്ട് ടി20 ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു? കാരണം വ്യക്തമാക്കി വിരാട് കോലി
ബെംഗളൂരു: കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് നേട്ടത്തിന് ശേഷമാണ് വിരാട് കോലി ആ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചത്. കോലിക്കൊപ്പം രോഹിത് ശര്‍മയും രവീന്ദ്ര ജഡേജയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയ്ക്കായി ആകെ 125 ടി20 മത്സരങ്ങള്‍ കളിച്ച കോലി 48.69 ശരാശരിയില്‍ 4188 റണ്‍സ് നേടിയിരുന്നു. ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഫൈനലില്‍ 59 പന്തില്‍ നിന്ന് 76 റണ്‍സ് നേടിയ കോലിയാണ് മത്സരത്തിലെ താരമായത്. ഇന്ത്യ ഏഴ് റണ്‍സിന് വിജയിക്കുകയും ചെയ്തിരുന്നു.
ഇപ്പോള്‍ വിരമിക്കാനുണ്ടായ കാരണം വ്യക്തമാക്കുകയാണ് കോലി. പുതിയ താരങ്ങളെ കൊണ്ടുവരാന്‍ വേണ്ടിയാണ് വിരമിച്ചതെന്ന് കോലി വ്യക്തമാക്കി. മാത്രമല്ല, വരുന്ന ഏകദിന ലോകകപ്പിന് മുമ്പ് രണ്ട് വര്‍ഷം കുടുംബത്തോടൊപ്പം ആസ്വദിക്കേണ്ടതുണ്ടെന്നും കോലി വ്യക്തമാക്കി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ വാക്കുകള്‍… ”ഞാന്‍ ഒരു തരത്തിലും മാറിയിട്ടില്ലെന്ന് എന്നാണ് എനിക്ക് തോന്നുന്നത്. പുതിയൊരു കൂട്ടം കളിക്കാര്‍ ടി20 കളിക്കാന്‍ തയ്യാറാണ്. അവര്‍ക്ക് പരിചയം വരാനും സമ്മര്‍ദ്ദം കൈകാര്യം ചെയ്യാനുമൊക്കെ സമയം ആവശ്യമാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അവര്‍ കളിക്കേണ്ടതുണ്ട്. ലോകകപ്പിന് അവര്‍ തയ്യാറെടുക്കണം. അത്രമാത്രം മത്സരങ്ങളും കളിക്കണം. അതുകൊണ്ടാണ് അവര്‍ക്ക് വേണ്ടി മാറികൊടുത്തത്.” കോലി വ്യക്തമാകി.
18 വര്‍ഷമായി ഐപിഎല്‍ കിരീടത്തിനായുള്ള കോലിയുടെയും ആര്‍സിബിയുടെയും കാത്തിരിപ്പ് തുടരുകയാണ്. ഫ്രാഞ്ചൈസിയില്‍ നിന്ന് മാറുന്നതിനെക്കുറിച്ച് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇങ്ങനെയായിരുന്നു കോലിയുടെ മറുപടി. ”ആരാധകരില്‍ നിന്നുള്ള സ്‌നോഹവും പിന്തുണയുമെല്ലാം വേണ്ടുവോളം ലഭിക്കുന്നുണ്ട്. ട്രോഫിളൊന്നും അതിന് പകരമാവില്ല.” കോലി കൂട്ടിചേര്‍ത്തു.
ഈ സീസണില്‍ മികച്ച പ്രകടനാണ് കോലിയും ആര്‍സിബിയും പുറത്തെടുത്തത്. ഇതുവരെ 443 റണ്‍സ് കോലി നേടി. ലീഗില്‍ ഇതുവരെ 10 മത്സരങ്ങളില്‍ നിന്ന് ഏഴെണ്ണത്തില്‍ ആര്‍സിബി വിജയിച്ചു. 14 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ആര്‍സിബി. ഒരു ജയം കൂടി സ്വന്തമാക്കാനാല്‍ ടീമിന് പ്ലേ ഓഫ് ഉറപ്പിക്കാം.