സ്വന്തം കിടക്കയുടെ ഒരുഭാ​ഗം വാടകയ്‍ക്ക് കൊടുക്കും, മാസം യുവതി സമ്പാദിക്കുന്നത് ലക്ഷങ്ങൾ, നിബന്ധനകളുണ്ട് 

കാനഡയിലേക്ക് ഇന്ത്യയിൽ നിന്നടക്കമുള്ളവരുടെ ഒഴുക്കാണ്. അതിനാൽ തന്നെ ചെലവും വാടകയും ഒക്കെ കൂടുതലാണ്. അവിടെ നിലനിൽക്കുന്നതിന് വേണ്ടി പുതിയ താമസക്കാർ പലപല വഴികളും തേടിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, കാനഡയിൽ നിന്നുള്ള മോണിക്ക് ജെറമിയ എന്ന 37 -കാരി ചെയ്യുന്ന ഒരു കാര്യമാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്. 

തന്റെ ബെഡ്ഡിന്റെ ഒരു ഭാ​ഗം അവൾ വാടകയ്ക്ക് കൊടുക്കുകയാണത്രെ. ഇത് തനിക്ക് നല്ലൊരു തുക വരുമാനമായി നേടിത്തരുന്നുണ്ട് എന്നാണ് അവൾ പറയുന്നത്. കൊവിഡ് -19 ലോക്ക്ഡൗൺ സമയത്ത് സാമ്പത്തികമായ ബുദ്ധിമുട്ടുകളും സ്വകാര്യജീവിതത്തിൽ പല വെല്ലുവിളികളും അവൾക്ക് നേരിടേണ്ടി വന്നു. അതിൽ ബ്രേക്കപ്പും, വരുമാനം ഇല്ലാതാവലും ഒക്കെ പെടുന്നു. അങ്ങനെയാണ് അവൾ ഒരു പുതിയ വഴി തേടുന്നത്. തന്റെ ബെഡ്ഡിന്റെ ഒരു ഭാ​ഗം വാടകയ്ക്ക് കൊടുക്കുക. 

ഒറ്റയ്ക്ക് വാടക കൊടുക്കാൻ കഴിയാതെ വന്നതോടെയാണ്, മോണിക്ക് ഷെയേർഡ് ബെഡ് അറേഞ്ച്മെന്റിലേക്ക് തിരിയുന്നത്. അവൾ തന്നെ അത് ഓൺലൈനിൽ പരസ്യം ചെയ്യുകയും ചെയ്തു. ആ ഓഫർ ആളുകളിൽ വലിയ താല്പര്യമുണ്ടാക്കി. ‘ഹോട്ട് ബെഡിംഗ്’ എന്നറിയപ്പെടുന്ന ഇതിലൂടെ മാസം $50,000 വരെ (ഏകദേശം 43 ലക്ഷം ഇന്ത്യൻ രൂപ) സമ്പാദിക്കാൻ തനിക്ക് സാധിക്കുന്നുണ്ട് എന്നാണ് മോണിക്ക് പറയുന്നത്. ഇത് തന്റെ സാമ്പത്തിക പ്രയാസങ്ങൾ ഒരു പരിധി വരെ കുറക്കാൻ സഹായിച്ചതായും അവൾ പറയുന്നു. 

എന്നാൽ, ഇങ്ങനെ ബെഡ്ഡ് ഷെയർ ചെയ്യുമ്പോൾ ചില നിബന്ധനകൾ ഒക്കെയുണ്ട്. പരസ്പരം അനുവാദം ഇല്ലാതെ ദേഹത്ത് സ്പർശിക്കാൻ ഉള്ള അനുവാദം ഇല്ല എന്നതാണ് അതിൽ പ്രധാനം. അതേസമയം തന്നെ ഇതിലെ സുരക്ഷാപ്രശ്നങ്ങളെ കുറിച്ചും പലരും ആശങ്ക ഉന്നയിക്കുന്നുണ്ട്. എന്നാൽ, വാടകയടക്കം സാമ്പത്തികമായ ബാധ്യതകൾ ഏറുന്ന കാലത്ത് അത് കുറയ്ക്കാൻ ഇത് വളരെ നല്ലൊരു മാർ​ഗമാണ് എന്ന് അഭിപ്രായപ്പെടുന്നവരും ഒരുപാടുണ്ട്. 

By admin