പ്രഷർ കുക്കറിലെ കരി കളയാൻ 4 എളുപ്പ വഴികൾ ഇതാ
എളുപ്പത്തിൽ പാകം ചെയ്യാൻ സഹായിക്കുന്ന ഒന്നാണ് പ്രഷർ കുക്കർ. പാചകം ചെയ്ത് കഴിയുമ്പോൾ പ്രഷർ കുക്കറിൽ കരിപിടിച്ച കറകൾ കാണാറുണ്ട്. ഇത് സാധാരണമാണെങ്കിലും വൃത്തിയാക്കുന്നത് കുറച്ചധികം സമയം ചിലവഴിക്കേണ്ടി വരുന്ന കാര്യമാണ്. എന്നാൽ ഇനി എളുപ്പത്തിൽ പ്രഷർ കുക്കറിലെ കറയെ നീക്കം ചെയ്യാൻ സാധിക്കും. ഇത്രയും മാത്രം ചെയ്താൽ മതി.
വെള്ളം ചൂടാക്കാം
ഏത് കഠിന കറയെയും എളുപ്പത്തിൽ നീക്കം ചെയ്യാൻ ചൂട് വെള്ളം തന്നെ ധാരാളമാണ്. പ്രഷർ കുക്കറിൽ നിറയെ വെള്ളമെടുത്തതിന് ശേഷം ചൂടാക്കാൻ വയ്ക്കണം. 15 മിനിറ്റ് അങ്ങനെ തന്നെ വെച്ചതിന് ശേഷം നന്നായി കഴുകിയാൽ മതിയാകും.
ബേക്കിംഗ് സോഡ
എത്രയൊക്കെ വൃത്തിയാക്കിയാലും ചില സമയങ്ങളിൽ കുക്കറിൽ ഭക്ഷണാവശിഷ്ടങ്ങൾ പറ്റിപ്പിടിച്ചിരിക്കുന്നത് കാണാം. ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്തതിന് ശേഷം കുക്കറിലേക്ക് ഒഴിക്കാം. ശേഷം ഒരു മണിക്കൂർ ചെറിയ തീയിൽ തിളപ്പിക്കണം. ചൂട് മാറിയതിന് ശേഷം നന്നായി കഴുകാവുന്നതാണ്.
സവാള
ബേക്കിംഗ് സോഡ ഇല്ലെങ്കിൽ സവാള ഉപയോഗിച്ചും കറയെ നീക്കം ചെയ്യാൻ സാധിക്കും. സവാള പൊളിച്ചതിന് ശേഷം വെള്ളത്തിലിട്ട് കുക്കറിൽ നിറക്കാം. ശേഷം തീ കൂട്ടിയിട്ട് നന്നായി തിളപ്പിച്ചെടുക്കണം. അരമണിക്കൂർ തിളപ്പിച്ചതിന് ശേഷം കഴുകിയെടുത്താൽ മതി.
വിനാഗിരി
വിനാഗിരി ഉപയോഗിച്ചും കരിപിടിച്ച പ്രഷർ കുക്കർ വൃത്തിയാക്കാൻ സാധിക്കും. കാരണം വിനാഗിരിയിൽ ആസിഡ് ഉണ്ട്. ഒരു കപ്പ് വിനാഗിരി വെള്ളത്തിൽ ചേർത്തതിന് ശേഷം കുക്കറിൽ ഒഴിക്കാം. രാത്രി മുഴുവൻ അങ്ങനെ വെച്ചതിന് ശേഷം അടുത്ത ദിവസം കഴുകിയെടുക്കാവുന്നതാണ്.