‘അയൽവീട്ടിലെ പെൺകുട്ടിയുമായി പ്രണയം, പിന്നാലെ ഒളിച്ചോടി’ പോക്സോ കേസിൽ സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി

ചെന്നൈ: പോക്സോ കേസിൽ , വിവാഹം പരിഹാരമല്ല എന്ന സുപ്രധാന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. 17കാരിയെ പീഡിപ്പിച്ചെന്ന കേസിൽ, യുവാവിനെ വെറുതെ വിട്ട നീലഗിരി കോടതി വിധി റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിലാണ് നിരീക്ഷണം. 18 വയസ്സ് പൂർത്തിയാകാത്തവരുമായുള്ള ശാരീരിക ബന്ധം, പോക്സോ നിയമപ്രകാരം കുറ്റകരമാണെന്നും, പ്രണയത്തിന്റെ പേരിൽ ഇളവ് നൽകാനാകില്ലെന്നും കോടതി വ്യക്തമാക്കി.

17 വയസ്സുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ ഊട്ടി സ്വദേശിയായ യുവാവിനെ നീലഗിരി കോടതി വെറുതെ വിട്ടിരുന്നു. വിചാരണ പൂർത്തിയാകും മുൻപ് പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നുവെന്ന യുവാവിന്റെ വാദം കണക്കിലെടുത്ത് കൂടിയായിരുന്നു കീഴ് കോടതി ഉത്തരവ്. 

എന്നാൽ പോക്സോ കേസിൽ വിവാഹം പരിഹാരമല്ലെന്നും വ്യക്തിക്കെതിരെയല്ല സമൂഹത്തിനെതിരെയാണ് പ്രതി കുറ്റം ചെയ്യുന്നതെന്നും വ്യക്തമാക്കിയ ഹൈക്കോടതി, നീലഗിരി കോടതി വിധി റദ്ദാക്കി. യുവാവിനെ 10 വർഷം തടവിന് ശിക്ഷിച്ച കോടതി, ആയിരം രൂപ പിഴയും ചുമത്തി. പെൺകുട്ടിയെ വിവാഹം ചെയ്തു എന്ന കാരണത്താൽ പ്രതിയെ വെറുതെവിടുന്നത്, പോക്സോ നിയമത്തിന്റെ ഉദ്ദേശ്യത്തെ തന്നെ പരാജയപ്പെടുത്തുമെന്നും ജസ്റ്റിസ് പി വേൽമുരുകൻ പറഞ്ഞു. 

അയൽക്കാരിയായ പെൺകുട്ടിയുമായി പ്രണയത്തിലായിരുന്നുവെന്നും, മറ്റൊരു വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചപ്പോൾ ഒളിച്ചോടിയതെന്നുമായിരുന്നു യുവാവിന്റെ മറ്റൊരു വാദം. എന്നാൽ ഇഷ്ടമില്ലാത്ത വിവാഹത്തിന് വീട്ടുകാർ നിർബന്ധിച്ചാൽ, അധികാരികൾക്ക് പരാതി നൽകുകയോ സാമൂഹിക മാധ്യമങ്ങളിലൂടെ വിവരം പുറത്തുവിടുകയോ ആണ് ചെയ്യേണ്ടതെന്നും ജസ്റ്റിസ് വേൽമുരുകൻ പറഞ്ഞു.

അത് ചെയ്യാതെ പെൺകുട്ടിയുമായി മൈസൂരിലെ ബന്ധുവീട്ടിലേക്ക് പോയ പ്രതിയുടെ ഉദ്ദേശ്യം സുഹൃത്തിനെ സംരക്ഷിക്കുക ആയിരുന്നില്ല. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് സമ്മതിച്ചാൽ തന്നെയും, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി പ്രതി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ടു എന്ന വസ്തുത കോടതിക്ക് അവഗണിക്കാനാകില്ലെന്നും ജസ്റ്റിസ് വേൽമുരുകൻ പറഞ്ഞു

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം 

By admin