സിംബാബ്‌വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശിന് ഇന്നിംഗ്‌സ് ജയം; ഓള്‍റൗണ്ട് പ്രകടനവുമായി മെഹ്ദി ഹസന്‍

ചിറ്റഗോങ്: സിംബാബ്വെക്കെതിരായ രണ്ടാം ടെസ്റ്റില്‍ ബംഗ്ലാദേശ് ഇന്നിംഗ്സ് ജയം. ചിറ്റഗോങ്ങില്‍ നടന്ന ടെസ്റ്റില്‍ ഇന്നിംഗ്സിനും 106 റണ്‍സിനുമായിരുന്നു ആതിഥേയരുടെ ജയം. സ്‌കോര്‍: സിംബാബ്വെ 227 & 111, ബംഗ്ലാദേശ് 444. രണ്ടാം ഇന്നിംഗ്‌സില്‍ സന്ദര്‍ശകര്‍ 111ന് എല്ലാവരും പുറത്തായതോട് കൂടിയാണ് സിംബാബ്‌വെ ജയമുറപ്പിച്ചത്. രണ്ടാം ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തിയ മെഹ്ദി ഹസന്‍ മിറാസാണ് സിംബാബ്‌വെയെ തകര്‍ത്തത്. നേരത്തെ, ബാറ്റിംഗിനെത്തിയപ്പോള്‍ സെഞ്ചുറിയും നേടിയിരുന്നു മിറാസ്. അദ്ദേഹം തന്നെയാണ് മത്സരത്തിലെ താരവും. ഇതോടെ രണ്ട് മത്സരരങ്ങളുടെ പരമ്പര സമനിലയില്‍ അവസാനിച്ചു. 

രണ്ടാം ഇന്നിംഗ്‌സില്‍ ബെന്‍ കറന്‍ (46), ക്രെയ്ഗ് ഇന്‍വിന്‍ (25), വെല്ലംഗ്ടണ്‍ മസകാഡ്‌സ (10) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ രണ്ടക്കം കണ്ടത്. മിറാസിന് പുറമെ തയ്ജുല്‍ ഇസ്ലാം മൂന്ന് വിക്കറ്റ് വീഴ്ത്തി. ഒന്നാം ഇന്നിംഗ്‌സില്‍ സിംബാബ്‌വെ 227ന് എല്ലാവരും പുറത്താവുകയായിരുന്നു. നിക്ക് വെയ്ക് (54), സീന്‍ വില്യംസ് (67) എന്നിവര്‍ മാത്രമാണ് സിംബാബ്‌വെ നിരയില്‍ തിളങ്ങിയത്. തയ്ജുല്‍ ഇസ്ലാം ആറ് വിക്കറ്റ് വീഴ്ത്തി. നയീം ഹസന് രണ്ട് വിക്കറ്റുണ്ട്.

നേരത്തെ, മിറാസിന് പുറമെ ഷദ്മാന്‍ ഇസ്ലാമിന്റെ (120) സെഞ്ചുറി കൂടിയാണ് ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. തന്‍സിം ഹസന്‍ (41), മുഷ്ഫിഖുര്‍ റഹീം (40) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. അനാമുല്‍ ഹഖ് (39), മൊമിനുല്‍ ഹഖ് (33), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (23), ജേകര്‍ അലി (5) എന്നിവരാണ് പുറത്തായ മറ്റു പ്രധാനികള്‍.
 

By admin