കണ്ണൂർ: കൈതപ്രത്ത് ഓട്ടോ ഡ്രൈവറും ബി.ജെ.പി നേതാവുമായിരുന്ന രാധാകൃഷ്ണൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ ഭാര്യ അറസ്റ്റിൽ. മാതമംഗലം പുനിയംകോട് മണിയറ റോഡിലെ വടക്കേടത്തുവീട്ടിൽ മിനി നമ്പ്യാരാണ് (42) അറസ്റ്റിലായത്.
പയ്യന്നൂർ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു. രാധാകൃഷ്ണനെ കൊലപ്പെടുത്താൻ ഒന്നാം പ്രതി സന്തോഷുമായി മിനി ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തൽ. സന്തോഷിനെയും തോക്ക് നൽകിയ സജോ ജോസഫിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മിനിയെ മൂന്നാം പ്രതിയാക്കിയാണ് അറസ്റ്റ് ചെയ്തത്. സമൂഹമാധ്യമങ്ങളിൽ സജീവമായ മിനി ബി.ജെ.പി മുൻ ജില്ല കമ്മിറ്റിയംഗമായിരുന്നു.
2025 മാർച്ച് 20നാണ് കൊലപാതകം നടന്നത്. കൈതപ്രത്തെ നിർമാണം നടക്കുന്ന വീട്ടിൽ വെച്ചാണ് രാധാകൃഷ്ണനെ വെടിവെച്ചു കൊല്ലുന്നത്. മിനിയുമായുള്ള സൗഹൃദം എതിർത്തതിന്റെ പക കാരണമാണ് രാധാകൃഷ്ണനെ സന്തോഷ് കൊലപ്പെടുത്തിയതെന്നാണ് പൊലീസ് കണ്ടെത്തൽ.
സഹപാഠികളായിരുന്ന സന്തോഷും മിനിയും ഒരു പൂർവ വിദ്യാർഥി സംഗമത്തിലൂടെയാണ് വീണ്ടും കണ്ടുമുട്ടുന്നതും അടുപ്പത്തിലാവുന്നതും. രാധാകൃഷ്ണന്റെ വീട് നിർമാണത്തിന് സഹായിയായി എത്തിയ സന്തോഷ് മിനിയോട് കൂടുതൽ ഇടപഴകാൻ തുടങ്ങിയതോടെ രാധാകൃഷ്ണൻ എതിർത്തു.
സന്തോഷ് തിരിച്ച് ഭീഷണിപ്പെടുത്തിയതോടെ രാധാകൃഷ്ണൻ പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതിനിടെയാണ് നിർമാണം നടക്കുന്ന വീട്ടിൽ വെച്ച് രാധാകൃഷ്ണൻ കൊല്ലപ്പെടുന്നത്.https://eveningkerala.com/wp-content/uploads/2022/07/cropped-ev-logo-32×32.jpg