മുംബൈ: ബിജെപിയില്‍ ചേരുമോ എന്ന ചോദ്യത്തിന് നടി പ്രീതി സിന്‍റെ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. തന്‍റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ പോലും ആളുകള്‍ രാഷ്ട്രീയ കണ്ണിലൂടെ കാണുന്നതില്‍ താന്‍ നിരാശയിലാണ് എന്നാണ് താരം ഒരു മുഖാമുഖത്തില്‍ തുറന്നു പറഞ്ഞത്.
എക്സില്‍ നടത്തിയ ആസ്ക് മീ എവരിതിംഗ് എന്ന സെഷനിലാണ് പ്രീതി ഒരു രാഷ്ട്രീയ പാർട്ടിയുമായി താന്‍ വരും കാലങ്ങളില്‍ ഒരു ബന്ധവും സൂക്ഷിക്കില്ലെന്ന് വ്യക്തമാക്കിയത്. ബിജെപിയില്‍ ഉടന്‍ ചേരുമോ എന്ന ചോദ്യത്തിന് പ്രീതി നല്‍കിയ മറുപടി ഇതാണ്. “ഇതാണ് സോഷ്യല്‍ മീഡിയയിലെ ആള്‍ക്കാരുടെ പ്രശ്നം, എല്ലാവരും ചെറിയ കാര്യത്തിന് പോലും വേഗം അങ്ങ് വിധിച്ച് കളയും”.
“ഞാന്‍ മുന്‍പ് പറഞ്ഞത് പോലെ, അമ്പലത്തില്‍ പോകുന്നതോ മഹാകുംഭ മേളയ്ക്ക് പോകുന്നതോ ഞാന്‍ ആരാണെന്നതില്‍ എനിക്ക് സ്വയം അഭിമാനിക്കാന്‍ വേണ്ടിയാണ്. അത് ബിജെപിയോ അല്ലെങ്കില്‍ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടിയില്‍ ചേരുന്നതുമായി താരതമ്യം ചെയ്യുന്നത് ശരിയല്ല. ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നതിനാല്‍ എന്‍റെ മാതൃരാജ്യത്തിന്‍റെ മൂല്യം എനിക്ക് അറിയാം. എല്ലാവരെപ്പോലെയും ഞാന്‍ രാജ്യത്തെ ആധരിക്കുന്നതാണ്” പ്രീതി കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ താന്‍ ലേബല്‍ ചെയ്തതല്ലെന്നും നടിയുടെ സമീപകാല എക്സ് പോസ്റ്റുകളും പൊതുപരിപാടികളും കാണുമ്പോള്‍ ഉണ്ടായ സ്വഭാവിക ചോദ്യമാണ് ഇതെന്നും ചോദ്യ കര്‍ത്താവ് പ്രീതിയുടെ ഉത്തരത്തിന് പിന്നാലെ വിശദീകരിച്ചു. ഇതേ സമയമാണ് തന്‍റെ ജീവിതത്തിലെ ചെറിയ സന്തോഷങ്ങള്‍ ഇത്തരം രാഷ്ട്രീയ കണ്ണിലൂടെ നോക്കുന്നതിനാല്‍ നഷ്ടപ്പെടുന്നുവെന്ന് പ്രീതി പരിഭവം പറഞ്ഞത്.
“എന്‍റെ ശബ്ദം അല്‍പ്പം കടുത്തുപോയെങ്കില്‍ ക്ഷമിക്കണം. താങ്കളുടെ വിശദീകരണത്തെ ഞാന്‍ അനുമോദിക്കുന്നു. വിദേശത്ത് താമസിക്കുന്ന ഒരു അമ്മ എന്ന നിലയില്‍ എന്‍റെ കുട്ടികള്‍ ഒരു പകുതി ഇന്ത്യനായെങ്കിലും വളരണം എന്നാണ് എന്‍റെ ആഗ്രഹം. എന്‍റെ ഭര്‍ത്താവിനും മക്കളെ ഹിന്ദു ആചാര രീതികള്‍ പരിചയപ്പെടുത്തുന്നതില്‍ അനുകൂല മനോഭാവമാണ്. എന്നാല്‍ സങ്കടകരമായ കാര്യം ഇത് കൊണ്ട് ഞാന്‍ അഭിമുഖീകരിക്കുന്നത് വിമര്‍ശനമാണ്
എന്‍റെ ഇത്തരം ചെറിയ സന്തോഷങ്ങള്‍ പോലും രാഷ്ട്രീയ കണ്ണിലൂടെയാണ് കാണുന്നത്. അതിനാല്‍ തന്നെ ഞാന്‍ ആരാണെന്നും എന്‍റെ മക്കളെ എന്ത് കൊണ്ട് എന്‍റെ വേരുകളും മതവും പരിചയപ്പെടുത്തുന്നു എന്നതും വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” പ്രീതി തന്‍റെ നിലപാട് വ്യക്തമാക്കി.
എഐ കെണിയില്‍ പെട്ട് ആമിര്‍ ഖാനും: ഒരു ബന്ധവും ഇല്ലെന്ന് വ്യക്തമാക്കി ബോളിവുഡ് താരം !
പാകിസ്ഥാനിക്കൊപ്പം ഫോട്ടോ: കരീന കപൂറിനെ ബഹിഷ്കരിക്കണം, ബോളിവുഡ് താരത്തിനെതിരെ പ്രതിഷേധം !