സാഹസികത നിറഞ്ഞ ഒരു തോട്ടം സവാരി ആയാലോ? പോകാം പീരുമേട്ടിലേയ്ക്ക്

ഈ വീക്കെൻഡിൽ അൽപ്പം സാഹസികത നിറഞ്ഞ ഒരു തോട്ടം സവാരി ആയാലോ? മധ്യകേരളത്തില്‍ കോട്ടയം – കുമളി റോഡില്‍ ഉള്ള  ഒരു ചെറുപട്ടണത്തെ കുറിച്ചാണ് പറയുന്നത്. തോട്ടങ്ങളുടെ പട്ടണം എന്ന് വിളിപ്പേരുള്ള പീരുമേട്. സമുദ്ര നിരപ്പില്‍ നിന്ന് 915 മീറ്റര്‍ ഉയരത്തില്‍ ചെറുകുന്നുകളും, തോട്ടങ്ങളുമുളള,  സാഹസിക നടത്തത്തിനും കുതിരസവാരിക്കും സൈക്കിള്‍ സവാരിക്കും യോജിച്ച സ്ഥലമാണ് പീരുമേട്.

പീര്‍ മുഹമ്മദ് എന്ന സൂഫി ആചാര്യന്റെ കബറിടത്താല്‍ പ്രസിദ്ധമാണ് ഇവിടം. പീരുമേട് എന്ന പേര് വരാൻ കാരണവും ഈ സൂഫി ആചാര്യന്‍ തന്നെ. തിരുവിതാംകൂര്‍ രാജാവിന്റെ സുഹൃത്തും ആശ്രിതനുമായിരുന്നു പീര്‍ മുഹമ്മദ്. രാജാവിന്റെ വേനല്‍ക്കാല വസതി ഇന്ന് കേരള സര്‍ക്കാരിന്റെ കീഴിലുള്ള ഒരു അതിഥി മന്ദിരമാണ് ഇവിടം. ആകാശത്തോളം ഉയരുന്ന കുന്നുകള്‍ക്കിടയില്‍ വിശാലമായ പുല്‍മേടുകളാണ്. 

സാഹസിക വിനോദങ്ങള്‍ക്കു പേരുകേട്ട കുട്ടിക്കാനം ഇവിടെ നിന്ന് 3 കിലോമീറ്റർ അകലെയാണ്. നാലു കിലോമീറ്റര്‍ അകലെയുള്ള ത്രിശങ്കു കുന്നുകള്‍ ദീര്‍ഘദൂര നടത്തത്തിന് വഴികളൊരുക്കുന്നു. സൂര്യാസ്തമയവും സൂര്യോദയവും കാണാന്‍ ത്രിശങ്കുവിനു മുകളിലേക്ക് ഒരു നടത്തം ആരോഗ്യവും ഉന്മേഷവും പകരും.  ഇവിടുത്തെ കാറ്റ് സഞ്ചാരികള്‍ക്ക് ആനന്ദം നൽകും.

എങ്ങനെ എത്താം

അടുത്തുളള റെയില്‍വേ സ്റ്റേഷന്‍ : കോട്ടയം,  54 കി. മീ.  

അടുത്തുളള വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, 120 കി. മീ.

READ MORE: സഞ്ചാരികളേ ഇതിലേ… ഇതിലേ… അറിയാം ആസ്വദിക്കാം കാരവൻ ടൂറിസം

By admin