സൗകര്യങ്ങളൊരുക്കിയിട്ട് മതി; കടുത്ത നടപടിയുമായി തൃശൂർ കളക്ടർ; പാലിയേക്കരയിലെ ടോൾ പിരിവ് നിർത്താൻ ഉത്തരവ്

തൃശൂര്‍: സുഗമമായ ഗതാഗതസൗകര്യം ഉറപ്പുവരുത്തുന്നതുവരെ പാലിയേക്കര ടോൾ പ്ലാസയിലെ ടോൾ പിരിവ് താത്കാലികമായി നിർത്തിവച്ച് തൃശൂര്‍ ജില്ലാ കളക്ടർ അര്‍ജുൻ പാണ്ഡ്യൻ ഉത്തരവിട്ടു. യാത്രക്കാർക്ക് അനുബന്ധ സൗകര്യങ്ങൾ ഒരുക്കാതെ ടോൾ പിരിക്കുന്നതിലാണ് ജില്ലാ കളക്ടറുടെ കടുത്ത നടപടി. ദേശീയ പാത 544ൽ  ഇടപ്പള്ളി -മണ്ണൂത്തി മേഖലയിൽ നാല് സ്ഥലങ്ങളിൽ മേൽപ്പാല നിർമ്മാണം നടക്കുന്നുണ്ടായിരുന്നു.

സർവീസ് റോഡ് ഉൾപ്പെടെയുള്ള സൗകര്യങ്ങൾ സുഗമാകാത്തതിനെ തുടർന്ന് വലിയ ഗതാഗതക്കുരുക്കാണ് ഇവിടങ്ങളിൽ ഉണ്ടായത്. ഇതേ തുടര്‍ന്നാണ് കളക്ടറുടെ നടപടി. അടിപ്പാത നിർമ്മാണ മേഖലയിൽ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് പൊലീസിന്‍റെ സഹായത്തോടെ ആവശ്യമായ നടപടികൾ അടിയന്തരമായി സ്വീകരിക്കുന്നതിന് നാഷണൽ ഹൈവേ അതോറിറ്റിക്ക് ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ഉത്തരവ് നാഷണൽ ഹൈവേ അതോറിറ്റി പാലിക്കുന്നുണ്ടെന്ന് തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ഉറപ്പുവരുത്തണം. സുഗമമായ ഗതാഗതസൗകര്യം ഉറപ്പായതിനുശേഷം ഉത്തരവ് പുന:പരിശോധിക്കുമെന്നും ഉത്തരവിൽ പറയുന്നുണ്ട്.

നാഷണൽ ഹൈവേ 544ൽ ചിറങ്ങര അടിപ്പാത നിർമാണ സ്ഥലത്തും പരിസരത്തും വ്യാപകമായ ഗതാഗതക്കുരുക്കാണെന്ന പരാതിയെത്തുടർന്ന് നാഷണൽ ഹൈവേ അതോറിറ്റിയുമായി ഫെബ്രുവരി 25നും ഏപ്രിൽ നാലിനും 22നും ജില്ലാ ഭരണകൂടം ചർച്ചകൾ നടത്തിയിരുന്നു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാതിരുന്നതിനെത്തുടർന്ന് ടോൾ പിരിവ് നിർത്തലാക്കുന്നതിന് ഏപ്രിൽ 16ന് എടുത്ത തീരുമാനം നാഷണൽ ഹൈവേ അതോറിറ്റി സാവകാശം ആവശ്യപ്പെട്ടതിനാൽ പിൻവലിച്ചിരുന്നു. ഏപ്രിൽ 28 നകം ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ ഏപ്രിൽ 16ലെ തീരുമാനം നടപ്പിലാക്കുമെന്ന് 22 ലെ യോഗത്തിൽ തീരുമാനിച്ചിരുന്നു. എന്നാൽ, നാഷണൽ ഹൈവേ അതോറിറ്റി ഈ നിർദേശങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും തുടര്‍ന്നാണ് ഉത്തരവിറക്കിയതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

ചാലക്കുടി ഡി വൈ എസ് പി, ചാലക്കുടി ആർ ടി ഒ, ചാലക്കുടി തഹസിൽദാർ എന്നിവർ നടത്തിയ സംയുക്ത പരിശോധനാ റിപ്പോർട്ടിൽ പേരാമ്പ്ര, മുരിങ്ങൂർ, ചിറങ്ങര എന്നിവിടങ്ങളിലെ അടിപ്പാത നിർമ്മാണ മേഖലകളിൽ ആവശ്യമായ സുരക്ഷാമുൻകരുതലുകൾ സ്വീകരിച്ചതായോ ഫ്ലാഗ്‍മാനെ നിയോഗിച്ചതായോ കണ്ടെത്താനായിട്ടില്ലെന്നും ബോധ്യപ്പെട്ടു.

ഡീപ് എക്സ്‍വേഷൻ നടക്കുന്ന ഭാഗങ്ങളിൽ സർവീസ് റോഡിന്‍റെവശങ്ങളിൽ മതിയായ സംരക്ഷണ ബാരിക്കേഡുകൾ സ്ഥാപിച്ചിട്ടില്ലായെന്നും സർവീസ് റോഡിനരികിൽ നിലവിലുള്ള ഇലക്ട്രിക് പോസ്റ്റുകൾ എല്ലാം മാറ്റിയിട്ടില്ലെന്നും പരിശോധനാ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പ്രധാന റോഡുകളിൽ നിന്ന് സർവീസ് റോഡുകളിലേക്ക് പ്രവേശിക്കുന്ന സ്ഥലങ്ങളിൽ എല്ലായിടത്തും വീതി കൂട്ടിയിട്ടില്ല, റോഡിന്‍റെ ഉയരം ക്രമീകരിച്ചിട്ടില്ല,  മതിയായ വെളിച്ചം, ആവശ്യത്തിന് മുന്നറിയിപ്പ് ബോർഡുകൾ എന്നിവ സ്ഥാപിച്ചിട്ടില്ലെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

നിർമാണപ്രവർത്തനങ്ങൾ നടത്തുന്ന സ്ഥലത്തിന് 500 മീറ്റർ മുമ്പ് തന്നെ ട്രാഫിക് ഡൈവേർഷൻ ഉണ്ടെന്നുള്ള വിവിധ ഭാഷകളിലുള്ള ഫ്ലൂറസെന്‍റ് ബോർഡുകൾ, ഡൈവേർഷനുള്ള ഭാഗങ്ങളിൽ ഓവർടേക്കിങ്ങ് നിരോധിച്ചുകൊണ്ടുള്ള ബോർഡുകൾ, ബ്ലിങ്കർ ലൈറ്റുകൾ, റിഫ്ലക്ടറുകൾ എന്നിവ എല്ലായിടത്തും സ്ഥാപിച്ചതായി കാണുന്നില്ലെന്നും, വെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഡ്രെയിനേജ് സംവിധാനം എല്ലായിടത്തും പൂർത്തിയാക്കിയിട്ടില്ലായെന്നും കഴിഞ്ഞ ദിവസത്തെ മഴയിൽ കൊരട്ടി ജങ്ഷനിൽ ശക്തമായ വെള്ളക്കെട്ട് രൂപപ്പെട്ടുവെന്നും നിർമാണ പ്രവൃത്തികൾ മന്ദഗതിയിലാണെന്നും ക്രെയിൻ സൗകര്യം ഏർപ്പെടുത്തിയിട്ടില്ലായെന്നും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

യോഗത്തിൽ നൽകിയ നിർദ്ദേശങ്ങൾ പാലിക്കപ്പെട്ടിട്ടില്ലായെന്നും അശാസ്ത്രീയമായും ആസൂത്രണമില്ലാതെയുമുള്ള നിർമാണപ്രവൃത്തികൾ മൂലം ആശുപത്രി, എയർപോർട്ട് തുടങ്ങിയ സ്ഥലങ്ങളിലേക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കും പോകുന്ന വാഹനങ്ങൾ ഉൾപ്പെടെ മണിക്കൂറുകളോളം ഗതാഗതക്കുരുക്കിൽപ്പെടുന്നതായും പൊതുജനങ്ങൾക്ക് അസാധാരണമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരുന്നതായും ബോധ്യപ്പെട്ടിട്ടുണ്ടെന്നും കളക്ടറുടെ ഉത്തരവിൽ പറയുന്നു.

വേടനെതിരെ ആയുധ നിയമപ്രകാരവും കേസ്? പ്രത്യേക തരം കത്തി, മഴു എന്നിവ പിടിച്ചെടുത്തു, പ്രതികരണവുമായി വേടൻ

By admin