ഒമാനിൽ രാജകീയ വിവാഹം, കിരീടാവകാശി സയ്യിദ് തിയാസിന്‍ വിവാഹിതനായി, ചിത്രങ്ങൾ പുറത്ത്

മസ്കറ്റ്: ആധുനിക ഒമാന്‍റെ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയായ സയ്യിദ് തിയാസിന്‍ ബിന്‍ ഹൈതം അല്‍ സൈദ് വിവാഹിതനായി. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു രാജകീയ വിവാഹം. ഇതിന്‍റെ ചിത്രങ്ങള്‍ ഇപ്പോള്‍ പുറത്തുവിട്ടിട്ടുണ്ട്. 

കഴിഞ്ഞ വ്യാഴാഴ്ച മസ്കറ്റിലെ അല്‍ ആലം കൊട്ടാരത്തില്‍ നടന്ന സ്വകാര്യ ചടങ്ങിലാണ് സയ്യിദ് തിയാസിന്‍ വിവാഹിതനായത്. ചടങ്ങില്‍ രാജകുടുംബാംഗങ്ങള്‍ പങ്കെടുത്തു. ഒമാനിലെ പ്രമുഖ കുടുംബാംഗമായ ആല്യ ബിന്‍ത് മുഹമ്മദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദിയ ആണ് സയ്യിദ് തിയാസിന്‍റെ വധു.  ആല്യ ബിന്‍ത് മുഹമ്മദിന്‍റെ അടുത്ത ബന്ധുവായ സൗദ് ബിന്‍ ഹിലാല്‍ അല്‍ ബുസൈദി മസ്കറ്റിലെ ഗവര്‍ണറാണ്. വിവാഹ ചടങ്ങില്‍ നിന്നുള്ള സയ്യിദ് തിയാസിന്‍റെ ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിനെയും ചിത്രങ്ങളില്‍ കാണാം. നിലവില്‍ ഒമാന്‍ സാംസ്കാരിക, കായിക, യുവജന മന്ത്രിയാണ് സയ്യിദ് തിയാസിന്‍. ആധുനിക ഒമാന്‍ ചരിത്രത്തിലെ ആദ്യ കിരീടാവകാശിയായ സയ്യിദ് തിയാസിന്‍ ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന്‍റെ മൂത്ത മകനാണ്. ഒമാന്‍റെ അടിസ്ഥാന നിയമങ്ങളില്‍ 2021ല്‍ വരുത്തിയ ഭേദഗതിയിലാണ് കിരീടാവകാശിയെ നിയമിച്ചത്. 

Read Also – ഫ്രഞ്ച് കമ്പനിയുമായി കരാർ; സൗദി എയർലൈൻസ് 20 എയർബസ് വൈഡ് ബോഡി വിമാനങ്ങൾ വാങ്ങും

ഈ വര്‍ഷം ആദ്യം കിരീടാവകാശിയുടെ വിവാഹ നിശ്ചയ പ്രഖ്യാപനം ഉണ്ടായിരുന്നു. കിരീടാവകാശി തിയാസിന്‍ ആദ്യം വിവാഹം ചെയ്തിരുന്നത് ബന്ധുവായ മയാന്‍ ബിന്‍ത് ഷിഹാബ് അല്‍ സൈദിനെയാണ്. ഈ ബന്ധം 2022ല്‍ ഔദ്യോഗികമായി അവസാനിച്ചിരുന്നു. യുകെയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ തിയാസിന്‍ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദവും ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്. പിന്നീട് 2022ല്‍ റോയല്‍ മിലിറ്ററി അക്കാദമി സാന്‍ഡസ്റ്റില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. 2013ല്‍ ഒമാന്‍ വിദേശകാര്യ മന്ത്രിയായാണ് സയ്യിദ് തിയാസിന്‍ ഔദ്യോഗിക ജീവിതം തുടങ്ങിയത്. 

By admin