പ്രതിഷേധം കണ്ട് കുപിതനായി സിദ്ദരാമയ്യ; പൊലീസ് ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി; തടഞ്ഞ് കോൺഗ്രസ് നേതാക്കൾ

ബെംഗളൂരു: പൊതുവേദിയിൽ വെച്ച് എഎസ്‍പി റാങ്കിലുള്ള ഉദ്യോഗസ്ഥനെ അടിക്കാൻ കയ്യോങ്ങി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ബെലഗാവിയിലെ പൊതുപരിപാടിയിലാണ് സിദ്ധരാമയ്യ ഉന്നത പൊലീസുദ്യോഗസ്ഥനോട് മോശമായി പെരുമാറിയത്. സിദ്ധരാമയ്യ പ്രസംഗിക്കാൻ തുടങ്ങുന്നതിന് മുമ്പ് വേദിക്ക് താഴെ ബിജെപി പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയായിരുന്നു സംഭവം

ബിജെപി പ്രവർത്തകർ വേദിക്ക് തൊട്ടടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചതോടെ അദ്ദേഹത്തിന്‍റെ പ്രസംഗം തടസ്സപ്പെട്ടിരുന്നു. ഇതോടെയാണ് സ്ഥലത്തെ ക്രമസമാധാന ചുമതലയുള്ള എഎസ്‍പി നാരായൺ ഭരാമണിയെ സിദ്ധരാമയ്യ അടുത്തേക്ക് വിളിച്ചത്. ഇതെന്താണ് സംഭവിക്കുന്നതെന്ന് ചോദിച്ച സിദ്ധരാമയ്യ എഎസ്‍പിയെ അടിക്കാൻ കയ്യോങ്ങുന്നതും കാണാം. എന്നാൽ തൊട്ടടുത്തുണ്ടായിരുന്ന കോൺഗ്രസ് നേതാക്കൾ സിദ്ദരാമയ്യയെ തടയുകയായിരുന്നു.

പാകിസ്ഥാനുമായി ഇപ്പോൾ യുദ്ധം വേണ്ടതില്ലെന്നും, ഒരു നിവൃത്തിയുമില്ലെങ്കിൽ മാത്രമേ യുദ്ധം പാടുള്ളൂവെന്നും സിദ്ധരാമയ്യ പറഞ്ഞിരുന്നു. ഇതിനെതിരെ ബിജെപി നേതൃത്വം രംഗത്തെത്തി. രാജ്യത്തിനകത്തും പുറത്തും സിദ്ദരാമയ്യയുടെ പ്രതികരണം വലിയ ചർച്ചയായി. ഇതിന് പിന്നാലെ സിദ്ദരാമയ്യയെ തള്ളി കോൺഗ്രസ് നേതാക്കൾ മല്ലികാർജ്ജുൻ ഖർഗെയും രാഹുൽ ഗാന്ധിയും രംഗത്ത് വന്നു. ഇതിനിടെ സിദ്ധരാമയ്യയ്ക്ക് ‘പാകിസ്ഥാൻ രത്ന’ നൽകണം എന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ വിജയേന്ദ്ര പരിഹസിക്കുകയും ചെയ്‌തിരുന്നു.

By admin