നാട്ടിൽ മീൻവിൽപന,16 കാരിയുമായി പഞ്ചാബിലേക്ക് മുങ്ങി, സിനിമാറ്റിക് ട്വിസ്റ്റ്; കയ്യോടെ പിടികൂടി പൊലീസ്
തിരുവനന്തപുരം: പ്രണയം നടിച്ച് പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയ പ്രതിയെ പഞ്ചാബിൽ നിന്നും പിടികൂടി പൊലീസ്. ബിഹാര്‍ സ്വദേശിയായ മുഹമ്മദ് ദാവൂദിനെയാണ് പഞ്ചാബിലെ ലുധിയാനയിൽ നിന്നും തിരുവനന്തപുരം ഫോർട്ട് പൊലീസ് പിടികൂടിയത്. വർഷങ്ങളായി കേരളത്തിലെ വിവിധയിടങ്ങളിൽ മീൻ കച്ചവടം നടത്തിവരുന്ന മലയാളം അറിയാവുന്നയാളാണ് ദാവൂദ്. ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ ബുധനാഴ്ച രാവിലെയാണ് പ്രതി മണക്കാട് നിന്നും തട്ടിക്കൊണ്ടുപോയത്. പെണ്‍കുട്ടിയുടെ പിതാവ് നല്കിയ പരാതിയില്‍ ഫോര്‍ട്ട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ പഞ്ചാബിലെ ലുധിയാനയിലെത്തിയതായി കണ്ടെത്തി. തുടര്‍ന്ന് അവിടെ ഒരു ഗ്രാമത്തില്‍നിന്നാണ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷൻ എസ്ഐ സുരേഷ്, എസ്സിപിഒ പ്രവീണ്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ശനിയാഴ്ചയോടെ സാഹസികമായി പ്രതിയെ പിടികൂടി പെണ് കുട്ടിയെ മോചിപ്പിച്ചത്. ഇയാളെ തിരുവനന്തപുരത്തെത്തിച്ച് പോക്സോ വകുപ്പ് ചുമത്തി അറസ്റ്റ് രേഖപ്പെടുത്തിയതായി ഫോർട്ട് പൊലീസ് അറിയിച്ചു.